1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2012

കോമണ്‍വെല്‍ത്ത് ബാങ്ക് ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം. 321 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 36.4 ഓവറില്‍ ലക്ഷ്യം മറികടന്നു. ബോണസ് പോയിന്‍റോടെയാണ് ഇന്ത്യയുടെ ജയം. ഇതോടെ ഫൈനല്‍ സാധ്യത ഇന്ത്യ നിലനിര്‍ത്തി. ശ്രീലങ്കക്കെതിരേ ബോണസ് പോയിന്‍റോടെയുളള ജയം, ശ്രീലങ്ക ഓസ്ട്രേലിയയോട് അവസാന മത്സരത്തില്‍ വമ്പന്‍ തോല്‍വി വഴങ്ങുക തുടങ്ങിയവ സംഭവിച്ചാല്‍ മാത്രമേ ഇന്ത്യ ഫൈനലില്‍ പ്രവേശിക്കുകയുളളൂ. ഇതില്‍ ആദ്യപരീക്ഷണത്തിലാണ് ഇന്ത്യ കരകയറിയത്.

വിരാട് കോഹ് ലിയുടെ സെഞ്ചുറി മികവിലാണു ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്. കോഹ് ലി 86 പന്തുകളില്‍ നിന്നു പുറത്താകാതെ 133 റണ്‍സ് നേടി. ഗൗതം ഗംഭീര്‍ 64 പന്തുകളില്‍ നിന്ന് 63 റണ്‍സും സുരേഷ് റെയ്ന 24 പന്തുകളില്‍ നിന്നു പുറത്താകാതെ 40 റണ്‍സും വാരിക്കൂട്ടിയതു ജയം അനായാസമാക്കി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 30 പന്തുകളില്‍ നിന്നു 39 റണ്‍സും സേവാഗ് 16 പന്തുകളില്‍ നിന്നു 30 റണ്‍സും എടുത്തു പുറത്തായി. സച്ചിനെയും സേവാഗിനെയും നഷ്ടമായിട്ടും മധ്യനിര ബാറ്റ്സ്മാന്‍മാര്‍ ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു.

സ്കോര്‍
ശ്രീലങ്ക: 50 ഓവറില്‍ നാലിന് 320.
ഇന്ത്യ: 36.4 ഓവറില്‍ മൂന്നിന് 321.

ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. തിലകരത്നെ ദില്‍ഷന്‍റെയും (160)കുമാര്‍ സംഗക്കാരയുടെയും (105) സെഞ്ചുറികളാണു ലങ്കയ്ക്കു കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കു വേണ്ടി സഹീര്‍ ഖാന്‍, പ്രവീണ്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.