യുഎസിലെ വോള്‍സ്ട്രീറ്റ് പിടിച്ചടക്കല്കാരെ അനുകരിച്ച് ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനില്‍ സെന്റ്പോള്‍സ് കത്തീഡ്രലിനു സമീപം ആരംഭിച്ച ലണ്ടന്‍ പിടിച്ചടക്കല്കാരുടെ ക്യാമ്പ് പോലീസ് ഒഴിപ്പിച്ചു. തൊഴില്‍രഹിതരായ യുവാക്കളുടെ നേതൃത്വത്തില്‍ 2011 ഒക്ടോബറില്‍ ലണ്ടനില്‍ സമരം തുടങ്ങിയത്. സാമൂഹികമായ അനീതി, കോര്‍പ്പറേറ്റുകളുടെ അത്യാഗ്രഹം എന്നിവയ്ക്കെതിരെയായിരുന്നു സമരം.
ചൊവ്വാഴ്ച പുലര്‍ച്ചയോടെ കൂടാരങ്ങളും മറ്റുവസ്തുക്കളും പോലീസ് നീക്കംചെയ്തു. 20 പേരെ അറസ്റു ചെയ്തിട്ടുണ്ട്. ഇവിടെനിന്നു ഒഴിയാനുള്ള ഉത്തരവിനെതിരേ പ്രതിഷേധക്കാര്‍ നല്കിയ ഹര്‍ജി ബ്രിട്ടീഷ് ഹൈക്കോടതി കഴിഞ്ഞ ബുധനാഴ്ച തള്ളിയിരുന്നു. സമീപത്തെ വാണിജ്യത്തിനു ക്യാമ്പ് കോട്ടം വരുത്തിയതായി അധികൃതര്‍ അറിയിച്ചു. മാലിന്യപ്രശ്നങ്ങളും ശുചിത്വക്കുറവിനും പുറമേ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കു ക്യാമ്പ് വേദിയാകുന്നതായും കുറ്റപ്പെടുത്തി.
സെന്റ് പോള്‍ കത്തീഡ്രലിന് സമീപമായിരുന്നു പ്രക്ഷോഭകരുടെ താവളം. പ്രക്ഷോഭകരെ ഒഴിപ്പിച്ചതില്‍ സെന്റ് പോള്‍ പള്ളി വക്താവ് ദുഃഖം പ്രകടിപ്പിച്ചു. കത്തീഡ്രലില്‍നിന്ന് സമരക്കാരെ ഒഴിവാക്കുന്ന രംഗം ഭീകരമായിരുന്നുവെന്നും പള്ളിയെ സംബന്ധിച്ച് ഇതൊരു ദുഃഖദിനമാണെന്നും പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന ഒരു വൈദികന് പറഞ്ഞു.
കഴിഞ്ഞ മാസങ്ങളില്‍ പ്രക്ഷോഭത്തിന്റെ പ്രധാനപ്പെട്ട പരിഗണനാവിഷയങ്ങള്‍ പുനഃപരിശോധിക്കുകയും പള്ളിയുടെ പങ്കാളിത്തം വിലയിരുത്തുകയും ചെയ്യുകയായിരുന്നെന്ന് സെന്റ് പോള്‍ കത്തീഡ്രല്വക്താവ് പറഞ്ഞു. കത്തീഡ്രലിന്റെ മുന്‍കയ്യില്‍ പ്രാര്‍ഥനയിലൂടെയും ഉപദേശങ്ങളിലൂടെയും പ്രശ്നങ്ങള്‍ കൂടുതല്‍ ജനശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല