നാടന്‍ വേഷങ്ങളില്‍ മാത്രം മലയാളി പ്രേക്ഷകര്‍ കണ്ടിട്ടുള്ള ലക്ഷ്മി ഗോപാലസ്വാമി തന്റെ ഇമേജ് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘നോട്ടി പ്രൊഫസര്‍’ എന്ന ചിത്രത്തിലാണ് ഇതുവരെയില്ലാത്ത രൂപഭാവത്തില്‍ പ്രേക്ഷകര്‍ ലക്ഷ്മിയെ കാണാന്‍ പോകുന്നത്. സിനിമയുടെ പേര് പോലെ തന്നെ ഒരു നോട്ടി വേഷത്തിലാകും ലക്ഷ്മി, ഹരിനാരായണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ എത്തുക. ചിത്രത്തില്‍ അല്പം ഹാസ്യവും ലക്ഷ്മി കൈകാര്യം ചെയ്യുന്നുണ്ട്. ‘സോള്‍ട്ട് ആന്റ് പെപ്പറ’ിലൂടെ താരമായി മാറിയ ബാബുരാജാണ് ചിത്രത്തിലെ നായകന്‍. ഒരു പ്രൊഫസറുടെ വേഷത്തിലാണ് ബാബു എത്തുന്നത്.
ചിത്രത്തില്‍ ഗ്ളാമര്‍ പ്രദര്‍ശനത്തിന് സമാനമായ വേഷങ്ങളിലും ലക്ഷ്മി എത്തുന്നുണ്ട്. എന്നാല്‍ ഗ്ളാമര്‍ നടിമാരെ പോലെ എല്ലാം തുറന്ന് കാണിക്കുകയല്ല തന്റെ ലക്ഷ്യമെന്നും, മോഡേണായ വേഷങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് പുതിയ രൂപഭാവത്തിന് പിന്നിലെന്നും ലക്ഷ്മി ആണയിടുന്നു. ഒരു പാന്‍-ഇന്ത്യന്‍ മുഖമാണ് എനിക്കുള്ളതെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് വേണ്ടവിധം പുറത്ത് വന്നിട്ടില്ല. ഈ ചിത്രം അതിന് ഒരു നിമിത്തമാകുമെന്നാണ് കരുതുന്നത്- ലക്ഷ്മി പറയുന്നു. ഒരുപക്ഷേ തന്റെ സിനിമാ ജീവിതത്തിലെ മറ്റൊരു തുടക്കമായിരിക്കുമിതെന്നും ഈ അഭിനയപ്രതിഭ കരുതുന്നു.
സിനിമാ കരിയറില്‍ ആദ്യമായി കോമഡി ചെയ്യുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടെന്ന് ലക്ഷ്മി പറഞ്ഞു. ഒരു സിനിമാ നടിയുടെ വേഷത്തില്‍ എത്തുന്ന ലക്ഷ്മി ഒരു പ്രൊഫസറെ വിവാഹം ചെയ്ത ശേഷം വീട്ടമ്മയായി ഒതുങ്ങിക്കൂടുന്നുണ്ട്. എന്നാല്‍ ഭാര്യയുടെ പേരിലും പെരുമയിലും ഇപ്പോഴും ഷൈന്‍ ചെയ്യുന്ന ഭര്‍ത്താവായാണ് ബാബുരാജ് എത്തുന്നത്. ടിനി ടോം, രാജീവ് പിള്ള, ഇന്നസെന്റ്, ജനാര്‍ദ്ദന്‍, ലെന, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല