1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 29, 2012

കണ്ണുള്ളവനേ കണ്ണിന്റെ വിലയറിയൂ.. അതിനാല്‍ തന്നെ കണ്ണിന്റെ സംരക്ഷണം അത്രമേല്‍ പ്രധാനം തന്നെയാണ്. കംപ്യൂട്ടറിനു മുന്‍പിലിരിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ കണ്ണിനെ മറന്നുകൂടാ. കുറേ നേരം തുടര്‍ച്ചയായി കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്നതു കണ്ണുകള്‍ക്കു ദോഷംചെയ്യും എന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. കണ്ണു ചിമ്മാതെയുള്ള ഈ ഇരിപ്പ് വേദന, ചൊറിച്ചില്‍ എന്നിവയുണ്ടാക്കും. ഭാവിയില്‍ കാഴ്ചയെയും ബാധിക്കും. ഏറെനേരം തുറിച്ചു നോക്കുന്നതിനാല്‍ കണ്ണിലെ ഈര്‍പ്പം കുറയും. കണ്ണീര്‍ ഉത്പാദനം കുറയ്ക്കും. രോഗാണു ബാധയ്ക്കും ഇടയാകും. ചിലര്‍ക്കു പോളയില്‍ കുരുക്കളും പ്രത്യക്ഷപ്പെടാം.

കംപ്യൂട്ടര്‍ ഉപയോഗവുമായി ബന്ധപ്പെട്ട് കണ്ണുകള്‍ക്കുണ്ടാവുന്ന രോഗങ്ങളെ കംപ്യൂട്ടര്‍ വിഷന്‍ സിണ്‍ഡ്രോം എന്നാണു നേത്രരോഗ വിദഗ്ധര്‍ പറയുന്നത്. ഇതു പലതരത്തിലുണ്ട്. കൃഷ്ണമണിക്കു ചുറ്റും കുത്തുകള്‍ വരുന്ന സൂപ്പര്‍ഫിഷ്യല്‍ പങ്ക്ട്രേറ്റ് കെററ്റൈറ്റിസ് ആണ് ഇതില്‍ ഏറെ മാരകമായത്. ആന്റിഗെയര്‍ ഗാസുകള്‍ ഉപയോഗിക്കുന്നതു രൂക്ഷത ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും.

ഇടയ്ക്കിടെ വിശ്രമം

ഒറ്റയിരിപ്പ് ഒഴിവാക്കുക. ചെറിയ ഇടവേളകളും വലിയ ഇടവേളകളും എടുക്കുക. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ 10 മിനിറ്റ് വിശ്രമമെടുക്കുക. അല്ലെങ്കില്‍ ഓരോ മുപ്പതു മിനിറ്റ് കഴിയുമ്പോഴും മുപ്പത് മീറ്ററിലധികം ദൂരത്തുള്ള വസ്തുവിനെ നോക്കുക. ഒറ്റയിരിപ്പ് ഒഴിവാക്കണം. തുറിച്ചു നോക്കരുത്. ഇടയ്ക്കു കണ്ണ് ചിമ്മണം. സ്ക്രീനില്‍ മാത്രം നോക്കുന്നത് ഒഴിവാക്കണം. ദൂരെയുള്ള മറ്റു വസ്തുക്കളിലേക്കു നോക്കുന്നത് ആയാസം കുറയ്ക്കും. ഇടയ്ക്ക് എഴുന്നേറ്റു നടക്കുക. മുഖം കഴുകുക.

കമ്പ്യൂട്ടര്‍ വെക്കേണ്ട വിധം

കംപ്യൂട്ടര്‍ വച്ച മുറിയില്‍ ചെടിച്ചട്ടികള്‍ വയ്ക്കുന്നത് കണ്ണിന് ആയാസം കുറയ്ക്കാന്‍ സഹായിക്കും. മോണിട്ടറിന്റെ മേല്‍ഭാഗം കണ്ണിന്റെ നേരേ വരുന്ന രീതിയില്‍ ഉയരം ക്രമീകരിക്കണം. കംപ്യൂട്ടര്‍ വച്ച മുറിയില്‍ സുഗമമായി അങ്ങോട്ടുമിങ്ങോട്ടും ചലിക്കാനുള്ള സ്ഥലം ഉണ്ടാകണം. പൊടി, ചൂട്, തണുപ്പ്, ശബ്ദം എന്നിവ അധികമാകാതിരിക്കാന്‍ ശ്രമിക്കണം.

ലക്ഷണങ്ങള്‍

കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതു കൊണ്ട് ആര്‍ക്കും കണ്ണിന് അസുഖം വരില്ല. എന്നാല്‍ ഉപയോഗം അമിതമായാല്‍ കണ്ണിന് ആയാസം തുടങ്ങും. ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടും. കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്നാണിത് അറിയപ്പെടുക. കംപ്യൂട്ടര്‍ കൂടുതലായി ഉപയോഗിക്കുകയും, ഒപ്പം താഴെ പറയുന്ന ലക്ഷണങ്ങളില്‍ അഞ്ചോ അതില്‍ കൂടുതലോ അനുഭവപ്പെടുകയും ചെയ്താല്‍ പെട്ടെന്ന് നേത്രരോഗവിദഗ്ദ്ധനെ കണ്ടു പരിശോധിപ്പിക്കണം.

1. കണ്ണുകള്‍ക്കു ക്ഷീണവും ആയാസവും
2. കണ്ണുകള്‍ക്കു വേദന
3. കാഴ്ച മങ്ങല്‍
4. കണ്ണിനു വരള്‍ച്ച
5. തലവേദന
6. അധികമായി കണ്ണീര്
7. കണ്ണിനു പുകച്ചില്‍

കാരണങ്ങള്‍

പിക്സലുകള്‍ (ഒരു തരം ഡോട്ടുകള്‍) ചേര്‍ന്നാണ് കംപ്യൂട്ടര്‍ സ്ക്രീനില്‍ അക്ഷരങ്ങളും ചിത്രങ്ങളും രൂപപ്പെടുന്നത്. നമ്മുടെ കണ്ണിന്റെ ഘടന പിക്സലുകള്‍ കാണാവുന്ന വിധത്തിലല്ല. അതിനാല്‍ പിക്സലുകള്‍ കാണുന്നതിന് നാം കണ്ണുകളെ വീണ്ടും വീണ്ടും ഫോക്കസ് ചെയ്യും. അങ്ങനെ കണ്ണിനും ചുറ്റുമുള്ള പേശികള്‍ക്കും ആയാസം ഉണ്ടാകുന്നു. പ്രകൃതിദൃശങ്ങളും അച്ചടിച്ച അക്ഷരവും കാണുന്നത് ഇങ്ങനെയല്ല. അതിനാല്‍ കണ്ണുകള്‍ക്ക് ആയാസവും ബുദ്ധിമുട്ടും ഇല്ല.

കംപ്യൂട്ടറിലേയ്ക്ക് സൂക്ഷ്മമായി നോക്കുമ്പോള്‍ കണ്ണു ചിമ്മുന്നതിന്റെ തവണകളും കുറയും. അങ്ങനെ കണ്ണുകള്‍ വരളുന്നു. എയര്‍കണ്ടീഷന്‍ഡ് മുറികളിലാണ് പൊതുവേ കംപ്യൂട്ടര്‍ വയ്ക്കുന്നത്. അതുകൊണ്ട് മുറിയില്‍ ഈര്‍പ്പം (ഹ്യുമിഡിറ്റി) കുറവായിരിക്കും. ഇതു മൂലവും കണ്ണു വരളാം.കംപ്യൂട്ടര്‍ ഒരു പ്രതലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. ഇങ്ങനെ ഒരു തലത്തിലേയ്ക്കു മാത്രമായി കാഴ്ച ഒതുങ്ങുമ്പോള്‍ കണ്ണിനും ചുറ്റുമുള്ള പേശികള്‍ക്കും റിലാക്സ് ചെയ്യാനാവില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. മോണിട്ടര്‍ കണ്ണില്‍ നിന്ന് 20-24 ഇഞ്ച് അകലെ വയ്ക്കുക.
2. മോണിറ്ററിലെ ഗെയര്‍ പരമാവധി കുറയ്ക്കുന്ന രീതിയില്‍ കംപ്യൂട്ടര്‍ വയ്ക്കുക.
3. മോണിട്ടറിനു മുന്നില്‍ ആന്റിഗെയര്‍ ഗാസുകള്‍ ഘടിപ്പിക്കുന്നതും കൊള്ളാം.
4. മുറിയിലാകമാനം ഒരേ അളവില്‍ പ്രകാശം ക്രമീകരിക്കുക.
5. ചെടിച്ചട്ടികള്‍, അക്വേറിയം എന്നിവ വയ്ക്കുന്നത്, കംപ്യൂട്ടര്‍ മുറിയിലെ ഈര്‍പ്പം കൂട്ടുകയും കണ്ണുകളുടെ വരള്‍ച്ച കുറയ്ക്കുകയും ചെയ്യും.
6. ഇടയ്ക്കിടയ്ക്ക് കണ്ണ് ചിമ്മുക. അരമണിക്കൂര്‍ കൂടുമ്പോള്‍ പത്തുസെക്കന്റ് കണ്ണുകള്‍ ഇറുക്കിയടച്ച് കണ്ണിനു വിശ്രമം നല്‍കുക.
7. ഒരു മണിക്കൂര്‍ കൂടുമ്പോള്‍ തണുത്ത വെള്ളം കൊണ്ടു മുഖം കഴുകുക.

സുരക്ഷിത അകലം

കംപ്യൂട്ടറുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായ പ്രശ്നമാണ് റേഡിയേഷന്‍ മൂലമുള്ളത്. മോണിറ്ററില്‍ നിന്നുള്ള റേഡിയേഷന്‍ അത്യന്തം അപകടകരമാണ്. കാതോഡ് റേ ട്യൂബാണ് മോണിറ്ററില്‍ ഘടിപ്പിച്ചിട്ടുള്ളത്. അത് ഉയര്‍ന്ന വോള്‍ട്ടേജില്‍ ചാര്‍ജ് ചെയ്യപ്പെടുമ്പോഴാണു റേഡിയേഷന്‍ ഉണ്ടാവുന്നത്. കംപ്യൂട്ടറിനോടു ചേര്‍ന്ന് 40 സെന്റിമീറ്റര്‍ വരെ വൈദ്യുത കാന്തിക മേഖലയാണ്. ഇവയില്‍ നിന്നുള്ള വികിരണങ്ങള്‍ ജൈവകോശങ്ങളെ ബാധിക്കും.

കണ്ണ് സംരക്ഷിക്കാന്‍ മോണിറ്ററുമായി മൂന്ന് മൂന്നര അടി അകലമെങ്കിലും സൂക്ഷിക്കുക. കംപ്യൂട്ടറിലേക്ക് തുറിച്ചു നോക്കരുത്. ആന്റി ഗെയര്‍ ഗാസുകള്‍ ഉപയോഗിക്കുകയാണ് ഒരു പോംവഴി. ഇതുവഴി 80% വരെ റേഡിയേഷന്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്നാണു കരുതുന്നത്.

ടിവിയും കമ്പ്യൂട്ടറും

ടിവി കാണുമ്പോഴും റേഡിയേഷന്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ, ടിവിയും കണ്ണുമായുള്ള അകലം കൂടുതലായതിനാല്‍ അപകട സാധ്യത കുറവാണെന്നു മാത്രം. ഇപ്പോഴുള്ള കംപ്യൂട്ടറുകളില്‍ തന്നെ ആന്റി ഗെയര്‍ ഗാസുകളുണ്ട്. എല്‍. സി. ഡി. സ്ക്രീനുകള്‍ക്ക് റേഡിയേഷന്‍ പ്രശ്നമില്ലെന്നും വിദഗ്ധര്‍ പറയുന്നു. കംപ്യൂട്ടര്‍ ഉയര്‍ന്ന ബ്രൈറ്റ്നസില്‍ പ്രവര്‍ത്തിപ്പിക്കുന്നതും നല്ലതല്ല. ശരാശരിയാണ് ഉത്തമം.

ബ്രൈറ്റ്നസ് കൂട്ടി ആര്‍ട്ടിസ്റ്റിക് ജോലികള്‍ ചെയ്യുന്നവര്‍ ഏറെ ശ്രദ്ധിക്കുക. അക്ഷരങ്ങളുടെ പോയിന്റ് സൈസ് കൂട്ടിയിട്ടശേഷം ടൈപ്പ് ചെയ്താല്‍ കംപ്യൂട്ടറിനോട് ഏറെ അടുത്തിരുന്നു ജോലിചെയ്യുന്നതു ഒഴിവാക്കാം. ഗെയറും പ്രതിബിംബവും (റിഫ്ലക്ഷന്‍) ഉണ്ടാക്കുംവിധം അമിതപ്രകാശം (വെയിലായാലും വൈദ്യുത വെളിച്ചമായാലും) സ്ക്രീനില്‍ വീഴാന്‍ ഇടയാക്കരുത്. മുറിയിലെ വെളിച്ചമെല്ലാം അണച്ച് കംപ്യൂട്ടര്‍ ഉപയോഗിക്കരുത്. കംപ്യൂട്ടറില്‍ ഏറെ നേരം ജോലി ചെയ്യുന്നവര്‍ ധാരാളം വെള്ളം കുടിക്കുക. വ്യായാമവും പോഷകസമൃദ്ധമായ ആഹാരവും മുടക്കാതിരിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.