1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2012

ലോകത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍വെച്ച് ഏറ്റവും പഴയ ആണവനിലയം കഴിഞ്ഞ ദിവസം അടച്ചുപൂട്ടി. ബ്രിട്ടനിലെ സൗത്ത് ഗ്ലസ്റ്റര്‍ഷയറിലുള്ള ഓള്‍ഡ്ബറി-ഓണ്‍-സെവേണ്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഓള്‍ഡ്ബറി ആണവനിലയമാണ് ബുധനാഴ്ച പ്രവര്‍ത്തനം നിര്‍ത്തിയത്. പ്രവര്‍ത്തനം തുടരുന്നതു സാമ്പത്തികമായി ഫലപ്രദമല്ലെന്നാണു ബ്രിട്ടീഷ് അധികൃതരും നിലയത്തിന്റെ ഉടമസ്ഥരായ അമേരിക്കന്‍ കമ്പനി മാഗേ്‌നാക്‌സും പറയുന്നത്. എന്നാല്‍, കാലപ്പഴക്കംകൊണ്ടു ലോകത്തിലെ ഏറ്റവും അപകടകരമായ ആണവനിലയങ്ങളിലൊന്നായി ഇതു മാറിക്കഴിഞ്ഞിരുന്നെന്നു പരിസ്ഥിതി പ്രവര്‍ത്തകരും ആണവവിരുദ്ധപ്പോരാളികളും ചൂണ്ടിക്കാട്ടുന്നു.

1967ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഓള്‍ഡ്ബറി നിലയം 2008 ല്‍ പൂട്ടാനിരുന്നതാണ്. എന്നാല്‍, കാലാവധി നീട്ടാന്‍ അധികൃതര്‍ പിന്നീടു തീരുമാനിച്ചു. നിലയത്തിലെ രണ്ടു റിയാക്ടറുകളിലൊന്നു കഴിഞ്ഞ കൊല്ലം പ്രവര്‍ത്തനം നിര്‍ത്തി. രണ്ടാമത്തേതാണു ബുധനാഴ്ച സ്വിച്ച്-ഓഫ് ചെയ്തത്.

എന്നാല്‍, ആണവ അപായങ്ങളുണ്ടാവാത്തവിധത്തില്‍ നിലയം പൊളിച്ചുനീക്കാനും അത്യന്തം അപകടകരമായ മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കാനുമൊക്കെ ദശാബ്ദങ്ങള്‍ വേണ്ടിവരുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ പ്രക്രിയയുടെ അവസാനഘട്ടം അടുത്ത നൂറ്റാണ്ടിന്റെ തുടക്കംവരെ നീണ്ടേക്കാമെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനാവട്ടെ 95 കോടി പൗണ്ട് (ഏതാണ്ട് 7,220 കോടി രൂപ ) ചെലവുവരുമെന്നാണു പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്.

അതേ സമയം, അടച്ചുപൂട്ടുന്ന നിലയത്തില്‍നിന്ന് ഏതാനും വാര അകലെ 2025 ഓടെ പുതിയൊരു ആണവനിലയം പണിയാനുള്ള ഒരുക്കത്തിലാണു ബ്രിട്ടീഷ് സര്‍ക്കാര്‍. ഇപ്പോഴത്തെ നിലയം പൂട്ടുന്നതില്‍ പ്രദേശവാസികള്‍ക്കുള്ള സന്തോഷം ഇതോടെ കെട്ടുപോയിരിക്കുകയാണ്. പുതിയ ആണവനിലയത്തിനുള്ള നീക്കത്തെ ചെറുക്കാനൊരുങ്ങുകയാണു പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും.

ഓള്‍ഡ്ബറി നിലയം പൂട്ടിയതോടെ, ലോകത്തു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍വെച്ച് ഏറ്റവും പഴയ ആണവനിലയമെന്ന സ്ഥാനം സ്വിറ്റ്‌സര്‍ലന്‍ഡിലെ ബെസ്‌നൗ ആണവ പ്ലാന്റിനാണ്. 1969 ല്‍ സ്ഥാപിച്ച ഈ നിലയം 2019 ല്‍ പൂട്ടാനിരിക്കുകയാണ്. 2034 ഓടെ രാജ്യത്തെ എല്ലാ ആണവോര്‍ജ പദ്ധതികളും അവസാനിപ്പിക്കാന്‍ സ്വിസ് ഭരണകൂടം കഴിഞ്ഞ സപ്തംബറില്‍ തീരുമാനിച്ചിട്ടുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.