ടീമിനുള്ളില്‍ ഗ്രൂപ്പുണ്ടാക്കി പോരടിച്ചതിന് ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന് കനത്ത മുന്നറിയിപ്പ്. മാര്‍ച്ചില്‍ നടക്കുന്ന ഏഷ്യാകപ്പിനുള്ള ടീമില്‍ നിന്ന് സെവാഗിനെ ഒഴിവാക്കി. ഓസ്ട്രേലിയയിലെ മോശം പ്രകടനത്തിന് ശേഷവും ധോണിയെ ക്യാപ്റ്റനായി നിലനിര്‍ത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചു. ടീമില്‍ ഗ്രൂപ്പിസമുണ്ടാക്കിയതിന് സെവാഗിനും ധോണിക്ക് താക്കീത് നല്‍കണമെന്ന വികാരം ബിസിസിഐയില്‍ ശക്തമായിരുന്നു.
എന്നാല്‍ ഏഷ്യാകപ്പ് ടീം തിരഞ്ഞെടുത്തപ്പോള്‍ ധോണിയെ പിന്തുണച്ച ബിസിസിഐ സെവാഗിനെ കൈവിടുകയായിരുന്നു. സെവാഗിന് വിശ്രമം അനുവദിച്ചു എന്നാണ് ഔദ്യോഗികഭാഷ്യമെങ്കിലും മുന്നറിയിപ്പായി ടീമില്‍ നിന്ന് ഒഴിവാക്കുകയാണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്കുന്ന അനൗദ്യോഗിക റിപ്പോര്‍ട്ട് .
വിരാട് കോലിയാണ് ടീമിന്റെ പുതിയ ഉപനായകന്‍. സച്ചിന് ടെണ്ടുല്‍ക്കറെ ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ സെവാഗിന് പുറമെ പേസര്‍ സഹീര്‍ ഖാനെയും ഒഴിവാക്കി. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ തിളങ്ങാനായില്ലെങ്കിലും സച്ചിനില്‍ സെലക്ടര്‍മാരുടെ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ഏറെക്കാലത്തിന് ശേഷം യൂസഫ് പത്താന് ടീമിലേക്ക് മടങ്ങിയെത്തിയെന്നതാണ് പുതിയ സവിശേഷത. ആഭ്യന്തരക്രിക്കറ്റിലെ മികച്ച പ്രകടനമാണ് പത്താന്റെ പുനപ്രവേശനം സാധ്യമാക്കിയത്. സഹോദരന് ഇര്ഫാന് പത്താനും ടീമിലുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ച് ടീമില്‍ ഇടം നേടുന്നത്. മാര്‍ച്ച് 11ന് ബംഗ്ളാദേശിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇന്ത്യയെ കൂടാതെ ശ്രീലങ്ക, പാകിസ്ഥാന്, ബംഗ്ളാദേശ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക.
ഇന്ത്യന്‍ ടീം: എം.എസ്.ധോണി, സച്ചിന് ടെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍, വിരാട് കോലി, സുരേഷ് റെയ്ന, രോഹിത് ശര്‍മ, മനോജ് തിവാരി, ഇര്ഫാന് പഠാന്, രവിചന്ദ്രന്‍ അശ്വിന്, രാഹുല്‍ ശര്‍മ, യൂസഫ് പഠാന്, അശോക് ദിന്‍ഡ, രവീന്ദ്ര ജഡേജ, വിനയ്കുമാര്‍, പ്രവീണ്‍ കുമാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല