സ്വന്തം രാജ്യത്തിനുവേണ്ടി ഗോള്‍ നേടുന്നില്ലെന്ന പരാതി സൂപ്പര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസി കഴുകിക്കളയുന്നു. രാജ്യാന്തര സൌഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ലയണല്‍ മെസിയുടെ ഹാട്രിക്കിലൂടെ അര്‍ജന്റീന 3-1 ന് സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്തു. സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്കായി ഗോള്‍ വാരിക്കൂട്ടുമ്പോഴും അര്‍ജന്റീനയ്ക്കായി ഗോള്‍ നേടുന്നില്ലെന്നതായിരുന്നു മെസിക്കെതിരായ വിമര്‍ശനം.
താരതമ്യേന ദുര്‍ബലരായ എതിരാളികളാണെങ്കിലും മെസി ഗോള്‍ കണ്െടത്തിയതാണ് അര്‍ജന്റൈന്‍ നിരയ്ക്ക് ആശ്വാസം. അതേസമയം, മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലിയെ അമേരിക്ക അട്ടിമറിച്ചപ്പോള്‍ ശക്തമായ മത്സരത്തിനൊടുവില്‍ ഇംഗ്ളണ്ടും ജര്‍മനിയും എതിരാളികള്‍ക്കു മുന്നില്‍ കീഴടങ്ങി. ഇംഗ്ളണ്ട് ഹോളണ്ടിനോടും ജര്‍മനി ഫ്രാന്‍സിനോടുമാണ് തോല്‍വി നേരിട്ടത്. ലോക ചാമ്പ്യന്മാരായ സ്പെയിന്‍ ഏകപക്ഷീയമായി ജയിച്ചുകയറിയപ്പോള്‍ ക്രിസ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഫോര്‍ലാന്റെ ഉറുഗ്വെയും സമനില വഴങ്ങി.
മെസിക്കും കൂട്ടര്‍ക്കും എതിരേ സ്വന്തം കാണികളുടെ മുന്നില്‍ കളിക്കാനിറങ്ങിയ സ്വിറ്റ്സര്‍ലന്‍ഡ് 19-ാം മിനിറ്റില്‍ ഗോള്‍ വഴങ്ങി. ലയണല്‍ മെസിയായിരുന്നു ഗോള്‍ സ്വന്തമാക്കിയത്. ഒരു ഗോളിനു മുന്നിട്ടുനിന്ന അര്‍ജന്റീനയെ 49-ാം മിനിറ്റില്‍ ഹെര്‍ദാന്‍ ഷഖ്വിറിയിലൂടെ സ്വിറ്റ്സര്‍ലന്‍ഡ് 1-1 സമനിലയില്‍ പിടിച്ചു. തുടര്‍ന്ന് 87-ാം മിനിറ്റില്‍ മെസി ലാറ്റിനമേരിക്കന്‍ ടീമിനെ വീണ്ടും മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെസി ഹാട്രിക്കും ടീമിന്റെ ജയവും പൂര്‍ത്തിയാക്കി.
സ്വന്തം കാണികളുടെ മുന്നില്‍ ഫ്രാന്‍സിനെ നേരിടാനിറങ്ങിയ ജര്‍മനിക്കു തോല്‍വിയായിരുന്നു ഫലം. ഒന്നിനെതിരേ രണ്ടു ഗോളിനാണ് ഫ്രാന്‍സ് ജയിച്ചുകയറിയത്. 21-ാം മിനിറ്റില്‍ ഒലിവര്‍ ഗിറൌഡ്, 69-ാം മിനിറ്റില്‍ ഫ്ളോറന്റ് മലൂദ എന്നിവര്‍ ഫ്രാന്‍സിനായി ജര്‍മന്‍ ഗോള്‍വല കുലുക്കി. ഇഞ്ചുറിടൈമില്‍ കക്കാവുവാണ് ജര്‍മനിയുടെ ആശ്വാസ ഗോള്‍ കണ്െടത്തിയത്. അമേരിക്കയ്ക്കെതിരേ സ്വന്തം നാട്ടില്‍ ഇറങ്ങിയ മുന്‍ ലോകചാമ്പ്യന്മാരായ ഇറ്റലിക്കു പിഴച്ചു. ഏകപക്ഷീയമായ ഒരു ഗോളിന് അമേരിക്ക ഇറ്റലിയെ അട്ടിമറിച്ചു. ക്ളിന്റ് ഡെംപസി 54-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് അമേരിക്ക ജയിച്ചുകയറിയത്.
വെംബ്ളിയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ളണ്ടിനെ ലോകകപ്പ് ഫൈനലിസ്റുകളായ ഹോളണ്ട് 3-2 നു കീഴടക്കി. അഞ്ചു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. രണ്ടു ഗോളിനു മുന്നിട്ടു നിന്ന ഹോളണ്ടിനെതിരേ ഇംഗ്ളണ്ട് സമനില പിടിച്ചെങ്കിലും ഇഞ്ചുറി ടൈമിലെ ഗോളിലൂടെ ഓറഞ്ചുപട ജയമാഘോഷിച്ചു. 57, 58 മിനിറ്റുകളില്‍ അര്യന്‍ റോബനും ഹണ്ട്ലതറും നേടിയ ഗോളുകളിലൂടെ ഹോളണ്ട് 2-0 നു മുന്നില്‍. എന്നാല്‍, 84-ാം മിനിറ്റില്‍ ഗാരി കാഹിലിലൂടെ ഒരു ഗോള്‍ മടക്കിയ ഇംഗ്ളണ്ട് ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ആഷ്ലി യംഗിലൂടെ സമനിലയിലെത്തി. തൊട്ടടുത്ത മിനിറ്റില്‍ റോബന്‍ തന്റെ രണ്ടാം ഗോളിലൂടെ ഓറഞ്ചുപടയ്ക്കു ജയം സമ്മാനിച്ചു.
സ്വന്തം കാണികളുടെ മുന്നില്‍നടന്ന മത്സരത്തില്‍ സ്പെയിന്‍ 5-0 നു വെനിസ്വേലയെ കീഴടക്കി. റോബര്‍ട്ടൊ സൊള്‍ഡാഡൊയുടെ ഹാട്രിക്കാണ് സ്പെയിനിനു വമ്പന്‍ ജയമൊരുക്കിയത്. 49, 52, 83 മിനിറ്റുകളിലാണ് സൊള്‍ഡാഡൊ ഹാട്രിക് പൂര്‍ത്തിയാക്കിയത്. 66-ാം മിനിറ്റില്‍ സ്പെയിനിനു ലഭിച്ച പെനാല്‍റ്റി കിക്ക് സൊള്‍ഡാഡൊ നഷ്ടപ്പെടുത്തിയിരുന്നു. ആന്ദ്രേ ഇനിയെസ്റ (37), ഡേവിഡ് സില്‍വ (39) എന്നിവരാണ് ലോകചാമ്പ്യന്മാരുടെ മറ്റു ഗോള്‍ നേട്ടക്കാര്‍. 65-ാം മിനിറ്റില്‍ ഫെര്‍ണാണ്െടാ അമൊരെബിറ്റ ചുവപ്പുകാര്‍ഡു കണ്ടു പുറത്തായതോടെ വെനിസ്വേല പത്തു പേരായി ചുരുങ്ങി.
2012 യൂറോ കപ്പ് ആതിഥേയരായ ഉക്രെയിന്‍ 3-2 ന് ഇസ്രയേലിനെ കീഴടക്കിയപ്പോള്‍ സഹ ആതിഥേയരായ പോളണ്ട് പോര്‍ച്ചുഗലുമായി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. മറ്റു മത്സരങ്ങളില്‍ പരാഗ്വെ 1-0 നു പനാമയെയും കൊളംബിയ 2-0 നു മെക്സിക്കോയെയും സ്വീഡന്‍ 3-1 ന് ക്രൊയേഷ്യയെയും റഷ്യ 2-0 ന് ഡെന്മാര്‍ക്കിനെയും പരാജയപ്പെടുത്തി. കോപ്പ അമേരിക്ക ജേതാക്കളായ ഉറുഗ്വെ റുമാനിയയുമായി 1-1 സമനിലയില്‍ പിരിഞ്ഞു. രണ്ടാം മിനിറ്റില്‍ കവാനിയിലൂടെ മുന്നിലെത്തിയ ഉറുഗ്വെയെ 49-ാം മിനിറ്റില്‍ ബൊഗ്ഡന്‍ സ്റഞ്ചുവിലൂടെ റുമാനിയ സമനിലയില്‍ പിടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല