ഇന്ത്യയുടെ മഹേഷ് ഭൂപതി- രോഹന്‍ ബൊപ്പണ്ണ സഖ്യത്തിനു ദുബായ് ഓപ്പണ്‍ ടെന്നിസ് ഡബിള്‍സ് കിരീടം. ഫൈനലില്‍ പോളണ്ടിന്‍റെ മാരിയസ് ഫയര്‍സ്റ്റന്‍ബര്‍ഗ്- മാര്‍സിന്‍ മാറ്റ്കോസ്കി ജോടിയെ അവര്‍ കീഴടക്കി. സ്കോര്‍: 6-4, 3-6, 10-5. ഭൂപതിയും ബൊപ്പണ്ണയും ആദ്യമായാണ് ഒരു കിരീടനേട്ടത്തില്‍ പങ്കാളികളാകുന്നത്.
ഭൂപതിയുടെ നാലാം ദുബായ് ഓപ്പണ്‍ വിജയമാണിത്; ബൊപ്പണ്ണയുടെ ആറാം എടിപി നേട്ടവും.മുന്‍ ലോക ഒന്നാം നമ്പര്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍റെ റോജര്‍ ഫെഡററും ബ്രിട്ടീഷ് സ്റ്റാര്‍ ആന്‍ഡി മുറെയും ദുബായ് ഓപ്പണ്‍ ടെന്നിസിന്‍റെ കലാശക്കളിയില്‍ കൊമ്പുകോര്‍ക്കും. സെമിയില്‍ ഫെഡറര്‍ അര്‍ജന്‍റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ കീഴടക്കി (7-6, 7-6). ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിച്ചിനെ മറിച്ചിട്ട് മുറെയുടെ വരവ്. സ്കോര്‍: 6-2, 7-5.
ദ്യോക്കോവിച്ചിനെതിരേ മുറയുടെ വിജയത്തെ മധുര പ്രതികാരമെന്നു വിശേഷിപ്പിക്കാം. ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ മാരത്തണ്‍ പോരാട്ടത്തിലൂടെ തന്നെ മടക്കിയയച്ച ദ്യോക്കോയെ ഇത്തവണ മുറെ അതിജീവിച്ചു. പതിവിനു വിരുദ്ധമായി തുടര്‍ച്ചയായി നെറ്റിലേക്കു കയറിക്കളിച്ച സെര്‍ബ് സ്റ്റാറിനെ മികച്ച സര്‍വുകളിലൂടെയാണു മുറെ മറികടന്നത്.
ഫെഡററെ ഡെല്‍പോട്രോ ശരിക്കും വെള്ളം കുടിപ്പിച്ചു കളഞ്ഞു. ഫെഡററുടെ ചലനാത്മകതയും ഡെല്‍പോട്രോയുടെ കരുത്തുറ്റ ഗ്രൗണ്ട് സ്ട്രോക്കുകളും മാറ്റുരച്ചപ്പോള്‍ ടൈബ്രേക്കുകള്‍ മത്സരവിധി എഴുതി. ആദ്യ ടൈബ്രേക്കറില്‍ ഡെല്‍പോട്രോയുടെ പിഴവുകള്‍ മുതലെടുത്താണു ഫെഡറര്‍ വിജയം കണ്ടത്. രണ്ടാം ടൈബ്രേക്കറില്‍ ഡെല്‍പോട്രോ 2-6നു മുന്നില്‍ക്കയറി. എന്നാല്‍, തുടര്‍ച്ചയായി ആറു പോയിന്‍റുകള്‍ സ്വന്തമാക്കി ഫെഡറര്‍ മത്സരം പോക്കറ്റിലാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല