മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബ്രാസവില്ലിലെ രണ്ട് സൈനിക ആയുധസംഭരണ ശാലകളില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ 200പേര് മരിച്ചു. 1,500 ലേറെ പേര്‍ക്ക് സാരമായി പരിക്കേറ്റു. ബ്രസാവില്ലെയുടെ കിഴക്കുഭാഗത്തുള്ള മപിലാ സൈനിക ബാരക്സിലും സ്ഫോടനങ്ങളുണ്ടായി. ഈ പ്രദേശത്തുണ്ടായിരുന്ന ഒരു കത്തോലിക്കാദേവാലയത്തിനു സ്ഫോടനത്തില്‍ കനത്ത നാശമുണ്ടായി.
ദേവാലയത്തില്‍ ദിവ്യബലിയില്‍ പങ്കെടുക്കുകയായിരുന്ന ഏതാനും പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. നാലു ചൈനീസ് ജോലിക്കാര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൈനിക അട്ടിമറിയില്ലെന്നും ആയുധഡിപ്പോയിലുണ്ടായ തീപിടിത്തമാണു സ്ഫോടനത്തിനു കാരണമെന്നും പ്രതിരോധമന്ത്രി ചാള്‍സ് സക്കാരി ബോവോ സ്റേറ്റ് റേഡിയോയോടു പറഞ്ഞു.
സമീപത്തെ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയിലും സ്ഫോടനശബ്ദം കേട്ടു. കോംഗോ നദിക്കക്കരെയാണു കിന്‍ഷാസ. കിന്‍ഷാസയിലും ഏതാനും കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ന്നു.ജനങ്ങള്‍ സമാധാനപരമായി വര്‍ത്തിക്കണമെന്ന് ഇരുരാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ ആഹ്വാനം ചെയ്തു.
സഫോടനത്തെത്തുടര്ന്ന് ബ്രസാവില്ലില്‍ നിന്നു നിരവധിപ്പേര്‍ പലായനം ചെയ്തു. ഇവിടത്തെ അനവധി കെട്ടിടങ്ങള്‍ നിലംപരിശായി. ബ്രസാവില്ലില്‍ താമസിക്കുന്ന ഡോക്ടര്‍മാര്‍ എത്രയും വേഗം ആശുപത്രികളിലെത്തണമെന്നു കോംഗോളീസ് ടിവിയുടെ സംപ്രേഷണത്തില്‍ നിര്‍ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല