ഭൂപ്രകൃതിയില്‍ അഹങ്കരിക്കുന്ന മലയാള മനസ്സിന്‍റെ മേലുള്ള ഒരു പ്രഹരമാണ് അടുത്ത കാലത്ത് ഉയര്‍ന്നു വന്ന നദിസംയോജന പദ്ധതിയെന്നു ഒരുപറ്റം ആളുകളും മറ്റു ചിലര്‍ പദ്ധതിയെ സ്വാഗതം ചെയ്യുന്നതും അടുത്തിടെ വാര്‍ത്തകളില്‍ നിറയുന്നു. പതിവില്‍ കവിഞ്ഞ രാഷ്ട്രീയ, സാമൂഹിക ബോധം പുലര്‍ത്തുന്നവര്‍ പ്രകൃതി സംരക്ഷണ പരിശ്രമങ്ങളില്‍ കാര്യമായി സമയം ചിലവഴിക്കാറില്ല എന്നതാണ് വാസ്തവം. ഈയൊരു സാഹചര്യത്തില്‍ എന്താണ് നദി സംയോജന പദ്ധതി എന്ന് സംശയം തോന്നുക സ്വാഭാവികം അതിനുള്ള ഉത്തരമാണ് താഴെ കൊടുത്തിരിക്കുന്നത്
എന്ത്
ബ്രിട്ടീഷ് ഭരണ കാലത്തുതന്നെ ഉയര്‍ന്നതാണ് ഇന്ത്യയിലെ നദികളെ തമ്മില്‍ ബന്ധിപ്പിച്ച് ജലസേചനം-കുടിവെള്ള ലഭ്യത രാജ്യത്തെമ്പാടും ഉറപ്പു വരുത്താനും വെള്ളപ്പൊക്കം നിയന്ത്രിക്കാനുമുള്ള പദ്ധതി. അന്തര്‍ സംസ്ഥാന നജീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര ഗവണ്‍മെന്റിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണെങ്കിലും പ്രാവര്‍ത്തകമാക്കാന്‍ കടമ്പകള്‍ ഏറെ കടക്കേണ്ടതായുണ്ടെന്നതാണ് വസ്തുത.
ബ്രഹ്മപുത്ര, ഗംഗ, നര്‍മ്മത, താപ്തി, മഹാനദി, ഗോദാവരി, കൃഷ്ണ, പെന്ന, കാവേരി തുടങ്ങിയ നദികളെ കൂടിടയോജിപ്പിച്ച് ഇന്ത്യയുടെ എല്ലാ കോണിലും എല്ലാ കാലത്തും ജല ലഭ്യത ഉറപ്പാക്കാനുള്ള സോദ്ദേശ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.1972ല്‍ ജലസേചന മന്ത്രി കെ.എല്‍.റാവു ഗംഗ-കാവേരി നദികളെ ബന്ധിപ്പിക്കുന്ന 2640 കിലോമീറ്റര്‍ നദീജല പദ്ധതി നിര്‍ദ്ദേശം മുന്നോട്ട് വച്ചു. 1974ല്‍ ഗാര്‍ലന്റ് കനാല്‍ പദ്ധതിയും അവതരിപ്പിക്കപ്പെട്ടു.
1982ലാണ് നദീജല സംയോജനവും അതിന്റെ സാദ്ധ്യതകളും സംബന്ധിച്ച പഠനത്തിന് ദേശീയ ജല വികസന ഏജന്‍സി രൂപീകരിച്ചത്.കണ്‍സള്‍ട്ടന്റ് എഞ്ചിനിയറായ ദില്‍ഷാ. ജെ. ദസ്തുര്‍ 1974ല്‍ മുന്നോട്ടു വച്ച ഗാര്‍ലന്റ് കനാല്‍ പദ്ധതിയ്ക്ക് അന്ന് 15000 കോടി രൂപയാണ് ചെലവു വരുമെന്ന് കണക്കാക്കിയിരുന്നത്.
എങ്ങനെ?
പ്രധാനമായി ഹിമാലയന്‍ മേഖല, ഉപദ്വീപ് മേഖല എന്ന് തരം തിരിച്ചാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അതത് മേഖലകളിലെ നദികളുടെ സംയോജനമാണ് ഇതിലൂടെ അധികാരികള്‍ ലക്ഷ്യമിടുന്നത്. 14 പദ്ധതികളാണ് ഹിമാലയന്‍ മേഖലയില്‍ ലക്ഷ്യമിടുന്നതെങ്കില്‍, 16 എണ്ണമാണ് ഉപദ്വീപ് മേഖലയില്‍ ലക്‌ഷ്യം വയ്ക്കുന്നത്. ഇതില്‍ കേരളത്തിലേതു പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതിയാണ്.
ഹിമാലയന്‍ കാച്മെന്റ് കനാല്‍, സെന്‍ട്രല്‍ ഡെക്കാണ്‍ ആന്‍ജ് സതേണ്‍ പ്ളേറ്റോ കനാല്‍ എന്നിങ്ങനെ രണ്ട് ബൃഹദ് കനാലുകള്‍ നിര്‍മ്മിച്ചുള്ളതാണ് ഈ പദ്ധതി. ഹിമാലയ പര്‍വ്വതത്തിന്റെ അടിവാരങ്ങളില്‍ കൂടിയുള്ള ഹിമാലയന്‍ കനാലിന് നീളം 3800 കിലോ മീറ്റര്‍. രവി നദിയില്‍ നിന്ന് ചിറ്റഗോങ് വരെ നീളും ഈ കനാല്‍. വീതി 300 മീറ്റര്‍. സമുദ്ര നിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരത്തിലാണിത് പണിയുക. കനാലിന്റെ അരികുകളില്‍ അവിടവിടെ ജല സംഭരണത്തിനുള്ള ജലാശയങ്ങള്‍ പണിയും.
ചമ്പല്‍ നദി മുതല്‍ കന്യാകുമാരി വരെ നീളുന്നതാണ് 900 കിലോ മീറ്റര്‍ നീളമുള്ള സെന്‍ട്രല്‍ ഡെക്കാണ്‍ ആന്‍ഡ് സതേണ്‍ പ്ളേറ്റോ കനാല്‍. സമുദ്ര നിരപ്പില്‍ നിന്ന് 500 മീറ്റര്‍ ഉയരത്തിലായിരിക്കും ഇത്. തെക്ക്, മദ്ധ്യ സമതലങ്ങളെ ചുറ്റിപ്പറ്റിക്കിടക്കുന്ന വന്‍ മാലയുടെ (ഗാര്‍ലന്‍ഡ്) ആകൃതിയിലാണ് ഈ കനാല്‍ വിഭാവനം ചെയ്തിരിക്കുന്നത്.
ഹിമാലയന്‍ കനാലും പ്ളേറ്റോ കനാലും തമ്മില്‍ രണ്ടിടങ്ങളില്‍ കൂറ്റന്‍ പൈപ് ലൈനുകള്‍ വഴി ബന്ധിപ്പിക്കും. ഉയരത്തിലുള്ള ഹിമാലയന്‍ കനാലില്‍ നിന്ന് താഴെ തലത്തിലുള്ള പ്ളേറ്റോ കനാലിലേക്ക് വെള്ളം ഒഴുകിയെത്തും. വേനല്‍ക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകി ഒഴുകുന്ന വെള്ളം അങ്ങനെ വേനലില്‍ വരള്‍ച്ചക്കെടുതി നേരിടുന്ന ദക്ഷണേന്ത്യന്‍ മേഖലയ്ക്ക് അനുഗ്രഹമായി ലഭ്യമാക്കാനാകും എന്നാണ് ഈ സ്വപ്ന പദ്ധതി വിഭാവനം ചെയ്തവര്‍ കണക്കാക്കിയിട്ടുള്ളത്.
എന്തിന്?
പടിഞ്ഞാറോട്ടൊഴുകുന്ന നദികളെ ദിശമാറ്റി കിഴക്കോട്ടൊഴുന്ന നദികളുമായി ബന്ധിപ്പിക്കുക എന്നതാണ് ഉപദ്വീപ് പദ്ധതികളുടെ പ്രധാന ഉദ്ദേശം. വെള്ളപ്പൊക്ക നിയന്ത്രണം, കൃഷിക്ക് കൂടുതല്‍ ജലം, കൂടുതല്‍ കുടിവെള്ളം, ജലവൈദ്യുത പദ്ധതികള്‍, തൊഴില്ലിലായ്മ പരിഹാരം, നദീ സഞ്ചാരം, ദേശീയ ഏകീകരണം എന്നിവയാണ് പദ്ധതിയുടെ ഗുണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവ വളരെ ഗുണപരമായ കാര്യങ്ങളാണെങ്കിലും, ഫലം കാണുമോ എന്നത് പഠനത്തിനു വിധേയമാണ്.
പാരിസ്ഥിതിക പ്രശ്നങ്ങള്‍, കനാലുകള്‍ നിര്‍മ്മിക്കാന്‍ ഭൂമി ഒഴിപ്പിക്കപ്പെടുമ്പോള്‍ ഭവന രഹിതരും ഭവന രഹിതരും ഭൂമി നഷ്ടപ്പെടുന്നവരുമായ ജന വിഭാഗത്തെ പുനരധിവസിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍, നദീ ജലാവകാശം സംബന്ധിച്ചു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ എന്നിവയെല്ലാം പരിഹരിക്കേണ്ടതായും വരും. വടക്ക് ഹിമാലയന്‍ നദീ വികസനവും തെക്ക് പെനിന്‍സുലാര്‍ നദീ വികസനവും ഘടകങ്ങളാക്കിയാണ് ഗംഗ-കാവേരി നദീബന്ധ പദ്ധതി വിഭാവനം ചെയ്യപ്പെടുന്നത്.
ഇന്ത്യയിലും നേപ്പാളിലും ഭൂട്ടാനിലുമായി ഒഴുകുന്ന ഗംഗ, ബ്രഹ്മപുത്ര നദികളിലെ ജലം സംഭരിക്കുന്നതിന് അണക്കെട്ടുകള്‍ നിര്‍മ്മിക്കുക. ഗംഗാ നദിയുടെ കിഴക്കന്‍ പോഷക നദികളിലെ മിച്ച ജലം പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കനാലുകള്‍ പണിത് എത്തിക്കുക. ബ്രഹ്മപുത്ര നദിയും അതിന്റെ പോഷക നദികളും ഗംഗാ നദിയുമായി ബന്ധിപ്പിക്കുകയും ഗംഗാ നദിയെ മഹാനദിയുമായി കൂട്ടിയോജിപ്പിക്കുകയും ചെയ്യുക എന്നിവയാണ് ഒരു ഘട്ടം.
അതിലൂടെ 2.2 ലക്ഷം ചതിരശ്ര കിലോമീറ്റര്‍ കൃഷിയിടങ്ങളില്‍ക്കൂടി ജലസേചനം സാദ്ധ്യമാക്കാനാകുമെന്നും 30 ജിഗാ വാട്ട് അധിക വൈദ്യുതി നര്‍മ്മിക്കാനാകുമെന്നും കണക്കാക്കപ്പെട്ടു. ഗംഗ, ബ്രഹ്മപുത്ര നദീ തടങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാനും പദ്ധതി സാഹായകമാകുമെന്നും അധിക ജലം കൊല്‍ക്കത്ത തുറമുഖത്ത് അടിഞ്ഞു കൂടിയിട്ടുള്ള ചെളിക്കെട്ട് നീക്കാന്‍ പ്രയോജനപ്പെടുത്താവുന്ന രീതിയില്‍ ഫറാക്ക ബാരേജില്‍ എത്തിക്കാനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രധാനമായും കിഴക്കന്‍ മേഖലയില്‍ നിന്ന് വെള്ളം തെക്കും പടിഞ്ഞാറും മേഖലകളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് തെക്കന്‍ വികസന പദ്ധതി. മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി നദികളെ കനാലുകള്‍ മുഖേന ബന്ധിപ്പിക്കുക, അധിക ജല സംഭരണത്തിനായി ആ നദികളില് അണക്കെട്ടുകള്‍ നിര്‍മ്മക്കിക എന്നതാണ് ഇതില്‍ ഒരു ഘട്ടം. മഹാനദി, ഗോദാവരി എന്നീ നദികളിലെ ജലം തെക്കന്‍ പ്രദേശങ്ങളില്‍ എത്തിക്കാന്‍ ഉതകുന്നതാകും ഇത്.
മദ്ധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ജല സേചന, കുടിവെള്ള പദ്ധതികള്‍ക്ക് ജലം ലഭ്യമാക്കാന്‍ സഹായകമായി കെന്‍, ചംബല്‍ നദികളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് മൂന്നാംഘട്ടം. പശ്ചിമ ഘട്ടത്തില്‍ നിന്ന് ഉത്ഭവിച്ച് ഒഴുകുന്ന നദികളിലെ ജലം അറബിക്കടലില്‍ ഒഴുകിപ്പോകുന്നുണ്ട്. അത്തരത്തില്‍ പാഴാകുന്ന ജലം ജലസേചനത്തിന് പ്രയോജനപ്പെടുത്താന്‍ വഴി തിരിച്ചുവിടുന്നതാണ് നാലാംഘട്ടം. ഇതിലൂടെയെല്ലാം 1.3 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് ജലസേചനം സാധ്യമാക്കാനും 4 ജിഗാവാട്ട് അധിക വൈദ്യുതി ഉത്പാദിപ്പിക്കാനുമാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
നദീസംയോജന പദ്ധതി തെക്കേ ഇന്ത്യയില്‍ പണ്ടേ പ്രാവര്‍ത്തികമാക്കിയിട്ടുളളതിന്റെ ഉദാഹരണങ്ങളാണ് പെരിയാര്‍ പ്രോജക്ട്, പറമ്പിക്കുളം-ആളിയാര്‍ പദ്ധതി, കുര്‍ണൂല്‍- കഡപ്പ കനാല്‍, തെലുങ്കു-ഗംഗാ പദ്ധതി എന്നിവ.പടിഞ്ഞാറോട്ട് ഒഴുകുന്ന അഞ്ചു പോഷക നദികളും കിഴക്കോട്ട് ഒഴുകുന്ന രണ്ട് പോഷക നദികളും പ്രയോജനപ്പെടുത്തിയുളളതാണ് പറമ്പിക്കുളം- ആളിയാര്‍ പദ്ധതി. അണക്കെട്ടുകള്‍ നിര്‍മ്മിച്ച് ജലം സംഭരിച്ച് തുരങ്കങ്ങള്‍ മുഖേന ആ സംഭരണികള്‍ തമ്മില്‍ ബന്ധിപ്പിച്ച് ജലസേചനത്തിനും ജല വൈദ്യുത പദ്ധതിയ്ക്കും ജലം ഉപയോഗിക്കാന്‍ അത് സാധ്യമാക്കി.
ശ്രീശൈലം റിസര്‍വോയറില്‍ നിന്ന് കൃഷ്ണാ നദീജലം തുറന്ന കനാലിലൂടെ പെന്നാര്‍ താഴ്വരയിലെ സോമശില റിസര്‍വോയറില്‍ എത്തിക്കുന്നതാണ് തെലുങ്ക്- ഗംഗാ പദ്ധതി. സോമശിലയില്‍ നിന്ന് ജലം 45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാലിലൂടെ ജലസേചനത്തിനും കുടിവെള്ള പദ്ധതിയ്ക്കുമായി ലഭ്യമാക്കുന്നു. ചെന്നൈ നഗര കുടിവെള്ള പദ്ധതിയ്ക്കായി തമിഴ്നാടിന് ഇതിലൂടെ 12000 ടിഎംസി വെള്ളം ലഭിക്കുന്നു. ഉത്തരേന്ത്യയില്‍ രാജസ്ഥാന്‍ കനാല്‍ പദ്ധതി ഹിമാലയന്‍ നദികളിലെ ജലം രാജസ്ഥാന്‍ മരുഭൂമിയില്‍ എത്തിക്കുന്നതാണ്. പോംങില്‍ ബിയാസ് നദിക്ക് കുറുകേ വന്‍ അണക്കെട്ട്, ഹരികെയിനില്‍ തടയണ എന്നിവയും കനാല്‍ ശൃംഖലയും ഉള്‍പ്പെടുന്നതാണ് പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല