ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റര്‍ സിറ്റി തരംഗം. വിജയ പരമ്പര തുടര്‍ന്ന് സിറ്റി മുന്നേറുമ്പോള്‍ ചിരവൈരികളായ മാഞ്ചസ്റര്‍ യുണൈറ്റഡ് ഉള്‍പ്പെടെയുള്ളവര്‍ നിഷ്പ്രഭരാകുന്നു. സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ 18-ാം ജയം സ്വന്തമാക്കി സിറ്റി പോയിന്റ് പട്ടികയുടെ തലപ്പത്തു തുടരുന്നു. സ്വന്തം കാണികളുടെ മുന്നില്‍ ബോള്‍ട്ടണ്‍ വാണ്ടറേഴ്സിനെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി സിറ്റി പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമാക്കി കുതിക്കുന്നു. അതേസമയം, മുന്‍ ചാമ്പ്യന്മാരായ ചെല്‍സി വെസ്റ്ബ്രോംവിച്ച് അല്‍ബിയോണിനോട് 1-0 നു പരാജയപ്പെട്ടു. ആസ്റണ്‍ വില്ലയും ബ്ളാക്ബേണ്‍ റോവേഴ്സും തമ്മിലും ക്വീന്‍സ്പാര്‍ക്ക് റെയ്ഞ്ചേഴ്സും എവര്‍ട്ടണും തമ്മിലും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. സ്റോക് സിറ്റി 1-0 നു നോര്‍വിച്ച് സിറ്റിയെ കീഴടക്കിയപ്പോള്‍ സ്വാന്‍സീ സിറ്റി 2-0 നു വിഗാന്‍ അത്ലറ്റികിനെ മറികടന്നു.
ലീഗില്‍ 27 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മാഞ്ചസ്റര്‍ സിറ്റി 66 പോയിന്റുമായി ഒന്നാം സ്ഥാനത്തുതുടരുന്നു. 26 മത്സരങ്ങളില്‍ നിന്ന് 61 പോയിന്റുമായി മാഞ്ചസ്റര്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്തും ഇത്രയും മത്സരങ്ങളില്‍ നിന്ന് 53 പോയിന്റുമായി ടോട്ടനം മൂന്നാം സ്ഥാനത്തുമാണ്. 27 മത്സരങ്ങളില്‍ നിന്ന് 49 പോയിന്റുള്ള ആഴ്സണലാണ് നാലാം സ്ഥാനത്ത്. ചെല്‍സി 46 പോയിന്റുമായി അഞ്ചാമതാണ്.
സ്വന്തം തട്ടകത്തില്‍ തോല്‍വി അറിയാതെ മുന്നേറുന്ന മാഞ്ചസ്റര്‍ സിറ്റി ഗയേല്‍ ക്ളിചിയിലൂടെ 22-ാം മിനിറ്റില്‍ മുന്നിലെത്തി. ഒരു ഗോളിന്റെ ലീഡുമായി ആദ്യ പകുതിക്കു പിരിഞ്ഞ സിറ്റിക്കുവേണ്ടി മരിയൊ ബലോട്ടെല്ലി രണ്ടാം ഗോള്‍ സ്കോര്‍ചെയ്തു. 68-ാം മിനിറ്റില്‍ ആഡം ജോണ്‍സിന്റെ പാസില്‍ നിന്നായിരുന്നു ബലോട്ടെല്ലിയുടെ ഗോള്‍ പിറന്നത്. പെനാല്‍റ്റി ബോക്സിന്റെ വലതുവശത്ത് ആറുവാര പുറത്തുനിന്ന് തൊടുത്ത ഷോട്ട് ബോള്‍ട്ടന്റെ വലകുലുക്കി.
എതിരാളികളുടെ തട്ടകത്തില്‍ ഇറങ്ങിയ മുന്‍ ചാമ്പ്യന്മാരായ ചെല്‍സി വെസ്റ്ബ്രോംവിച്ച് അല്‍ബിയോണിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍വി വഴങ്ങി. 81-ാം മിനിറ്റില്‍ ഗരറ്റ് മക്്ലെയായിരുന്നു ചെല്‍സിയുടെ വിധി നിര്‍ണയിച്ച ഗോള്‍ സ്വന്തമാക്കിയത്. ഗ്ളിഫ് സിഗര്‍ഡ്സണിന്റെ (45, 53) ഇരട്ട ഗോളിലൂടെ സ്വാന്‍സീ സിറ്റി വിഗാന്‍ അത്ലറ്റികിനെതിരേ ജയമാഘോഷിച്ചു. മാത്യു എതറിംഗ്ടണ്‍ 71-ാം മിനിറ്റില്‍ സ്വന്തമാക്കിയ ഗോളില്‍ സ്റോക് സിറ്റി നോര്‍വിച്ച് സിറ്റിയെ 1-0 നു മറികടന്ന് മൂന്നു പോയിന്റ് നേടി. ആസ്റണ്‍ വില്ലയും ബ്ളാക്ബേണും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ചാള്‍സ് സോഗ്ബിയയിലൂടെ 23 -ാം മിനിറ്റില്‍ മുന്നില്‍ പ്രവേശിച്ച ആസ്റണ്‍ വില്ലയെ 84-ാം മിനിറ്റില്‍ ഡേവിഡ് ഡണ്ണിലൂടെ ബ്ളാക്ബേണ്‍ സമനിലയില്‍ പിടിച്ചുകെട്ടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല