ഇംഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ നിലവിലുള്ള ജേതാക്കളായ മാഞ്ചെസ്റ്റര്‍ യുനൈറ്റഡിന് വിജയം. ആഷ്ലി യങ്ങിന്റെ ഡബിള്‍ സ്ട്രൈക്കിന്റെ മികവില്‍ ടോട്ടനം ഹോട്സ്പറിനെ 3-1ന് കീഴടക്കി അവര്‍. ഇതോടെ പോയിന്റ് ടേബിളില്‍ ഒന്നാമതുള്ള മാഞ്ചെസ്റ്റര്‍ സിറ്റിക്ക് സമ്മര്‍ദ്ദമേറി.
ആദ്യ പകുതിയില്‍ യുനൈറ്റഡിനെ ഇടംവലം തിരിയാന്‍ വിടാതെ പിടിച്ചുകെട്ടുകയായിരുന്നു സ്പര്‍സ്. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. വെയ്ന്‍ റൂണി അവര്‍ക്ക് ലീഡേകി. പിന്നാലെ യങ്ങിന്റെ രണ്ട് ഗോളുകളും കൂടി വീണതോടെ യുനൈറ്റഡ് 3-0ന് മുന്നില്‍. ഒടുവില്‍ 85ാം മിനിറ്റില്‍ ജെര്മെയ്ന് ദെഫോയ് പന്ത് വലയിലെത്തിച്ച് ടോട്ടനത്തിന് ആശ്വാസ ഗോള്‍ സമ്മാനിച്ചു.
27 മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ സിറ്റിക്ക് 66 പോയിന്റ്. യുനൈറ്റഡിന് 64ഉം. ടോട്ടനത്തിന് 53 പോയിന്റാണുള്ളത്. 49 പോയിന്റുള്ള ആഴ്സനല്‍ നാലാം സ്ഥാനത്തും. മറ്റ് മത്സരങ്ങളില്‍ ന്യൂകാസില്‍ യുനൈറ്റഡ് സണ്ടര്ലന്ഡുമായി 1-1 സമനിലയില്‍ പിരിഞ്ഞു. വൂള്വര്ഹാംപ്റ്റണെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഫുള്‍ഹാം എട്ടാം സ്ഥാനത്തേക്കുയര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല