1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2012

അമ്പത്തിയൊമ്പതാമത്‌ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കാര്യമായ നേട്ടങ്ങളൊന്നുമില്ലാതെ മലയാള സിനിമ പിന്തള്ളപ്പെട്ടപ്പോള്‍ അന്യഭാഷാ ചിത്രങ്ങളിലൂടെ നിരവധി പുരസ്കാരങ്ങള്‍ മലയാളികള്‍ സ്വന്തമാക്കി.മലയാളിയായ കെ.പി.സുവീരന്‍ സംവിധാനം ചെയ്ത ‘ബ്യാരി’, മറാഠി ചിത്രമായ ‘ദേവൂളി’നൊപ്പം മികച്ച ചലച്ചിത്രത്തിനുള്ള അവാര്‍ഡ്‌ പങ്കിട്ടു. ‘ദേവൂളി’ലെ അഭിനയത്തിന്‌ ഗിരീഷ്‌ കുല്‍ക്കര്‍ണി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. സില്‍ക്ക്‌ സ്മിതയുടെ കഥ പറഞ്ഞ ബോളിവുഡ്‌ ചിത്രം ‘ഡേര്‍ട്ടി പിക്ചറി’ലെ അഭിനയത്തിലൂടെ വിദ്യാബാലന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

ദക്ഷിണ കന്നഡ പ്രദേശത്ത്‌ മുസ്ലീങ്ങള്‍ സംസാരിക്കുന്ന ലിപിയില്ലാത്ത ബ്യാരി ഭാഷയിലെടുത്ത ‘ബ്യാരി’ ചിത്രത്തിലെ അവിസ്മരണീയ അഭിനയത്തിന്‌ മലയാളനടി മല്ലിക ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന്‌ അര്‍ഹയായി.

പ്രാദേശിക ഭാഷാ വിഭാഗത്തില്‍ മികച്ച മലയാള ചിത്രമായി രഞ്ജിത്‌ സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി തെരഞ്ഞെടുക്കപ്പെട്ടു. ഷെറി സംവിധാനം ചെയ്ത ‘ആദ്യമധ്യാന്തം’ പ്രത്യേക ജൂറി പരാമര്‍ശത്തിന്‌ അര്‍ഹമായി. ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം സുശീന്ദ്രന്‍ സംവിധാനം ചെയ്ത ‘അഴഗാര്‍ സ്വാമിയില്‍ കതിരൈ’ എന്ന തമിഴ്‌ ചിത്രത്തിനാണ്‌. ഈ ചിത്രത്തിലെ അഭിനയത്തിന്‌ അപ്പുക്കുട്ടി മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടിയ്ക്കായുള്ള മത്സരത്തില്‍ വിദ്യാ ബാലന്‌ കാര്യമായ വെല്ലുവിളികള്‍ ഉണ്ടായില്ല. മികച്ച നടനായുള്ള മത്സരത്തില്‍ മലയാളത്തില്‍നിന്നും മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും പേരുകള്‍ ഉണ്ടായിരുന്നെങ്കിലും അവ അവസാന റൗണ്ടില്‍ പോലുമെത്തിയില്ല. പ്രണയം, അകം, ആകാശത്തിന്റെ നിറം എന്നിവയും ദേശീയ അവാര്‍ഡിനായി മത്സരിച്ച മലയാള ചിത്രങ്ങളില്‍ ഉള്‍പ്പെട്ടെങ്കിലും ഒന്നുപോലും അവസാന റൗണ്ടില്‍ ഇടം നേടിയില്ല. ഗുര്‍ദിയാല്‍ സിംഗിന്റെ നോവലിനെ ആസ്പദമാക്കി ഗുര്‍വീന്ദര്‍ സിംഗ്‌ സംവിധാനം ചെയ്ത ‘ആന്‍ഹെ ഖോരെ ദാദന്‍’ എന്ന പഞ്ചാബി ചിത്രത്തിലൂടെ ഗുര്‍വീന്ദര്‍ സിംഗ്‌ മികച്ച സംവിധായകനായി. കന്നി ചിത്രത്തിന്‌ തന്നെ ദേശീയ പുരസ്കാരം സ്വന്തമാക്കാന്‍ ഗുര്‍വീന്ദറിനായി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ രേവതിക്കും അവാര്‍ഡുണ്ട്‌.

രോഹിണി ഹട്ടങ്കടി അധ്യക്ഷയായ ജൂറിയാണ്‌ അവാര്‍ഡ്‌ ജേതാക്കളെ നിശ്ചയിച്ചത്‌. മലയാളത്തില്‍നിന്ന്‌ കെ.പി.കുമാരനും ജൂറിയില്‍ അംഗമായിരുന്നു. മറ്റ്‌ അവാര്‍ഡുകള്‍ താഴെപ്പറയുന്നവയാണ്‌. മികച്ച ചലച്ചിത്രഗ്രന്ഥം- ആര്‍.ഡി.ബര്‍മ്മന്റെ ദി മാന്‍ ദി മ്യൂസിക്‌, ഛായാഗ്രഹം- സത്യറായ്‌ നാഗ്പാല്‍, ഗാനരചന-അമിതാഭ്‌ ഭട്ടാചാര്യ, ഗായകന്‍- ആനന്ദ്‌ ഭാട്ടെ, ഗായിക-രൂപ ഗാംഗുലി, ചമയം-വിക്രം ഗെയ്ക്‌വാദ്‌, സ്പെഷ്യല്‍ ഇഫക്ട്സ്‌-റാവണ്‍, മികച്ച കുട്ടികളുടെ ചിത്രം-ചില്ലര്‍ പാര്‍ട്ടി, കായിക ചിത്രം- ഫിനിഷിംഗ്‌ ലൈന്‍, നവാഗത ചിത്രം-സെയിലന്റ്‌ പോയറ്റ്‌, പരിസ്ഥിതി ചിത്രം-ടൈഗര്‍ ഡൈനാസ്റ്റി. ‘ജയ്‌ ഭിം കോംറേഡ്‌’ സംവിധാനം ചെയ്ത ആനന്ദ്‌ പട്‌വര്‍ധന്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശത്തിന്‌ അര്‍ഹനായി. ‘ആന്‍ വി പ്ലേ ഓണ്‍’ ആണ്‌ മികച്ച നോണ്‍ ഫീച്ചര്‍ ഫിലിം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.