ഇന്ത്യന്‍ പേസ് ബൗളര്‍ ശ്രീശാന്ത് വീണ്ടും വിവാദത്തില്‍. ഐപിഎല്‍ ടീമായ രാജസ്ഥാന് റോയല്‍സിന്റെ പരിശീലനക്യാമ്പില്‍ പങ്കെടുക്കുന്നതിനിടെ മതിലുചാടി പാര്‍ട്ടിയ്ക്കു പോയെന്ന ആരോപണമാണ് മലയാളി താരത്തിനെതിരെ ഉയര്‍ന്നിരിയ്ക്കുന്നത്.
അര്‍ദ്ധരാത്രി റോയല്‍സിന്റെ പരിശീലന ക്യാമ്പ് നടക്കുന്ന സവായി മാന്‍സിങ് സ്റ്റേഡിയം കോംപ്ലക്സിന്റെ മതിലുചാടിക്കടന്ന് നഗരത്തിലെ ഹോട്ടലില്‍ പോയെന്നാണ് ആരോപണം. പുലര്‍ച്ചെ തിരിച്ചെത്തിയപ്പോഴും മതില് ചാടിക്കടന്ന് മലയാളി താരം കഴിവ് തെളിയിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസീസ് ബാറ്റ്സ്മാന് ഷോണ്‍ ടെയ്റ്റും ശ്രീയ്ക്കൊപ്പം ഈ സാഹസികയാത്രയിലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റോയില്‍സിന്റെ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് അടക്കമുള്ളവര്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ നിന്നാണ് മതിലുചാട്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.
രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് അക്കാഡമിയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം കോപ്ലക്സില്‍ നിന്ന് വരുന്നതിനും പോകുന്നതിനും കര്‍ശനമായ നിയന്ത്രണങ്ങളണ്ട്. കളിക്കാര്‍ പുറത്തുപോകുമ്പോഴും വരുമ്പോഴും കോംപ്ലക്സ് ഗേറ്റിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തമെന്നാണ് ചട്ടം. രാത്രി ഏഴ് മണിയ്ക്ക് ശേഷം പുറത്തുപോകുന്നവര്‍ അക്കാര്യം സ്പോര്‍ട് കൗണ്‍സില്‍ അധികൃതരെ അറിയിക്കണമെന്നും നിയമമുണ്ട്. ഇതെല്ലാം ശ്രീശാന്തും ടെയ്റ്റും ലംഘിച്ചുവെന്നാണ് സൂചന.
അതേസമയം കളിക്കാര്‍ നിയമമൊന്നും ലംഘിച്ചിട്ടില്ലെന്നാണ് ടീം മാനേജ്മെന്റിന്റെ നിലപാട്. ശ്രീശാന്തിനും ടെയ്റ്റിനും മതിലുചാടി പാര്‍ട്ടിയ്ക്ക് പോകേണ്ട കാര്യമില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ ഈ വിശദീകരണം സ്വീകരിയ്ക്കാന്‍ സ്പോര്‍ട് കൗണ്‍സില്‍ അധികൃതര്‍ തയാറായിട്ടില്ല. സംഭവത്തെക്കുറിച്ച് മൂന്നഗ കമ്മിറ്റി അന്വേഷിയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമം ലംഘിച്ചുവെന്ന് വ്യക്തമായാല്‍ കളിക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല