1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2012

‘ബ്യാരി’ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ സംവിധായകന്‍ കെ പി സുവീരന്‍ തിരക്കിലാണ്. അഭിനന്ദനങ്ങളും സ്വീകരണങ്ങളും ഏറ്റുവാങ്ങി അടുത്ത സിനിമയുടെ ജോലിയിലേക്ക്. സുവീരന്‍റെ പുതിയ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് ശ്രീനിവാസനാണ്. ശ്രീനിയും ലാലു അലക്സും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീനിയും സുവീരനും ഒന്നിക്കുന്നത് ഇതാദ്യമല്ല. സുവീരന്‍ സംവിധാനം ചെയ്ത സൌണ്ട് മെഷീന്‍ എന്ന ഷോര്‍ട്ട് ഫിലിമില്‍ നായകന്‍ ശ്രീനിവാസനായിരുന്നു. ആ ചിത്രം നിരവധി അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലടക്കം പ്രദര്‍ശിപ്പിച്ച് അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഒരു വലിയ സിനിമയ്ക്ക് വേണ്ടി സുവീരന് ആദ്യം ഡേറ്റ് നല്‍കിയത് മമ്മൂട്ടിയാണ്. മമ്മൂട്ടിയോട് ഒരു കഥ പറഞ്ഞപ്പോള്‍ തിരക്കഥയെഴുതാന്‍ പറഞ്ഞു. തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയ ശേഷം കണ്ടപ്പോള്‍ ഡേറ്റും തന്നു. പക്ഷേ അന്ന് സുവീരന്‍റെ തിരക്കഥ സിനിമയാക്കാന്‍ ഒരു നിര്‍മ്മാതാവിനെ ലഭിച്ചില്ല.

“ഇനിയും ആ സിനിമ ചെയ്യാന്‍ തയ്യാറായാല്‍ ഒരു പക്ഷേ മമ്മൂട്ടി ഡേറ്റ് തന്നേക്കും. മഹാനായ കലാകാരനാണ് അദ്ദേഹം. പക്ഷേ ആലോചിച്ചു മുടങ്ങിപ്പോയ ആ സിനിമയല്ല, 2012ല്‍ ഞാന്‍ ചെയ്യുന്നത്” – മെട്രോവാര്‍ത്തയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സുവീരന്‍ വ്യക്തമാക്കി.

വര്‍ഷങ്ങള്‍ക്ക് മുമ്പ്, സക്കറിയയുടെ ‘ഭാസ്കര പട്ടേലരും എന്‍റെ ജീവിതവും’ വായിച്ച് ആവേശം കയറി അതൊരു തിരക്കഥയായി സുവീരന്‍ എഴുതിയിരുന്നു. എന്നാല്‍ അന്നും സിനിമ സാധ്യമായില്ല. പിന്നീട് അടൂര്‍ ഗോപാലകൃഷ്ണന്‍ സക്കറിയയുടെ ആ നോവല്‍ വിധേയന്‍ എന്ന പേരില്‍ സിനിമയാക്കി. അത് സുവീരന് കടുത്ത നിരാശയാണുണ്ടാക്കിയത്. ആ നിരാശയില്‍ നിന്നാണ് പിറ്റേ വര്‍ഷം ‘ഭാസ്കരപട്ടേലരും തൊമ്മിയുടെ ജീവിതവും’ എന്ന പേരില്‍ സുവീരന്‍ അത് നാടകമാക്കിയത്. വിധേയന്‍ സിനിമയേക്കാള്‍ തനിക്കിഷ്ടപ്പെട്ടതു സുവീരന്‍റെ നാടകമാണ് എന്നാണ് സക്കറിയ പിന്നീട് വ്യക്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.