ഏഷ്യ കപ്പ് ക്രിക്കറ്റില്‍ മുന്‍ ചാംപ്യന്‍മാരായ പാക്കിസ്ഥാനു വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ പാക് പട ആതിഥേയരായ ബംഗ്ലാദേശിനെ 21 റണ്‍സിനു കീഴടക്കി. പാക്കിസ്ഥാന്‍ മുന്നില്‍വച്ച 263 റണ്‍സിന്‍റെ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാ കടുവകള്‍ 241ന് (48.1 ഓവര്‍) ഓള്‍ ഔട്ട്. സ്കോര്‍: പാക്കിസ്ഥാന്‍- 8ന് 262 (50 ഓവര്‍), ബംഗ്ലാദേശ്- 241 (48.1).
മുഹമ്മദ് ഹഫീസിന്‍റെ (89 റണ്‍സ്, 2 വിക്കറ്റ്) ഓള്‍ റൗണ്ട് മികവ് പാക്കിസ്ഥാനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു. നസിര്‍ ജംഷഡിന്‍റെ (54) അര്‍ധ ശതകവും അവരെ തുണച്ചു. ബംഗ്ലാദേശിനുവേണ്ടി ഓപ്പണര്‍ തമീം ഇക്ബാല്‍ (64), ഷാക്കിബ് അല്‍ ഹസന്‍ (64), നസീര്‍ ഹുസൈന്‍ (47) എന്നിവര്‍ പോരാട്ടം നയിച്ചു. അവസാന അഞ്ചു വിക്കറ്റുകള്‍ 17 റണ്‍സിനു വലിച്ചെറിഞ്ഞതാണു ബംഗ്ലാദേശിന്‍റെ തോല്‍വിക്കു പ്രധാന കാരണം. പാക് ബൗളിങ് നിരയില്‍ ഉമര്‍ ഗുല്‍ മൂന്നും ഷാഹദ് അഫ്രീദി സയിദ് അജ്മല്‍ എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീതവും വീഴ്ത്തി
നേരത്തേ, മികച്ച തുടക്കത്തിനുശേഷം പാക്കിസ്ഥാന്‍ തകരുകയായിരുന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍റെ ഓപ്പണര്‍മാരായ മുഹമ്മദ് ഹഫീസും നസീര്‍ ജംഷഡും ഒന്നാം വിക്കറ്റില്‍ 135 റണ്‍സ് ചേര്‍ത്തു. മഷ്റഫ് മൊര്‍ത്താസയെയും ഷെയ്ഫുള്‍ ഇസ്ലാമിനെയും അനായാസം നേരിട്ട ഹഫീസും ജംഷഡും റണ്‍സ് വാരി. ഹഫിസ് ഏഴു ബൗണ്ടറികള്‍ അടിച്ചു. ജംഷഡ് അഞ്ചു ഫോറുകളും പറത്തി. എന്നാല്‍ ജംഷഡിന്‍റെ റണ്ണൗട്ട് കളിയുടെ ഗതി തിരിച്ചു. ഷഹാദത് ഹുസൈന്‍റെ മീഡിയം പേസും ഷാക്കിബ് അല്‍ ഹസന്‍റെ സ്പിന്നും ചേര്‍ന്നപ്പോള്‍ പാക് മധ്യനിര മുട്ടിടിച്ചു വീണു.
യൂനിസ് ഖാനും (12), ഹഫീസും ആസാദ് ഷഫീക്ക് (4) ഷഹാദതിന് ഇരയായി. ഉമര്‍ അക്മല്‍ (21), ഷാഹിദ് അഫ്രീദി (0) എന്നിവര്‍ ഷാക്കിബിനെ നമിച്ചു. ക്യാപ്റ്റന്‍ മിസ്ബ ഉല്‍ഹക്ക് (8) അബ്ദുള്‍ റസാക്കിന്‍റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുമ്പോള്‍ പാക്കിസ്ഥാന്‍ 7ന് 198 എന്ന നിലയിലേക്കു കൂപ്പുകുത്തി. പക്ഷേ, 25 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്സറും പായിച്ച ഉമര്‍ ഗുല്‍ എതിര്‍ പാളയത്തിലേക്കു പട നയിച്ചു. പുറത്താകാത 19 റണ്‍സെടുത്ത സര്‍ഫ്രാസ് അഹമ്മദും ഗുല്ലിനു മികച്ച പിന്തുണ നല്‍കി. മൊര്‍ത്താസ എറിഞ്ഞ 49ാം ഓവറില്‍ 16 റണ്‍സടിച്ച ഗുല്‍ പാക്കിസ്ഥാനെ മാന്യമായ സ്കോറിലെത്തിച്ചു. സയീദ് അജ്മല്‍ (8) പുറത്താകാതെ നിന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല