1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2012

പുത്തന്‍ രാജ്യം പടുത്തുയര്‍ത്തുമെന്ന പ്രതിജ്ഞയോടെ ഭൂകമ്പത്തിന്റെയും സുനാമിയുടെയും ഭീതി നിറഞ്ഞ ദിനങ്ങള്‍ ഒന്നാം വാര്‍ഷിക ദിനത്തില്‍ ജപ്പാന്‍ അനുസ്മരിച്ചു. സുനാമിയിലും തുടര്‍ന്നുണ്ടായ ആണവദുരന്തത്തിലും മരിച്ച പതിനായിരങ്ങളുടെ സ്മരണ പുതുക്കി രാജ്യത്തെങ്ങും വിവിധ പരിപാടികളാണ് നടന്നത്. മെഴുകുതിരി തെളിക്കലിനും പ്രാര്‍ഥനകള്‍ക്കും അനുസ്മരണയോഗങ്ങള്‍ക്കുമൊപ്പം ആണവപദ്ധതികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവും ജപ്പാന്‍ജനത ഉയര്‍ത്തി. തലസ്‌ഥാനമായ ടോക്കിയോയില്‍ നടന്ന പ്രധാന അനുസ്‌മരണച്ചടങ്ങില്‍ ചക്രവര്‍ത്തി അകിഹിതോ, പ്രധാനമന്ത്രി യോഷിഹികോ നോഡ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു.

ദുരന്തത്തില്‍ മരിച്ചവരുടെ ആത്മാക്കളുടെ പ്രതീകമായി വെള്ളപ്പൂക്കള്‍ കൊണ്ടലങ്കരിച്ച തൂണ് തിയേറ്ററില്‍ ഉയര്‍ത്തിയിരുന്നു. കറുത്ത വസ്ത്രം ധരിച്ചെത്തിയ ആയിരത്തി ഇരുന്നൂറോളം പേര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. ദുരന്തമേല്‍പ്പിച്ച തകര്‍ച്ചയില്‍ നിന്ന് ജപ്പാന്‍ വേഗം കരകയറുമെന്ന് അനുസ്മരണച്ചടങ്ങില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ ദുരന്തം ജപ്പാന്‍ ഒരിക്കലും മറക്കില്ലെന്ന് ചക്രവര്‍ത്തി പറഞ്ഞു.

സുനാമി ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച വടക്കുകിഴക്കന്‍ മേഖലയിലെ ഇവാതെ, മിയാഗി, ഫുകുഷിമ എന്നിവിടങ്ങളിലും അനുസ്‌മരണച്ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ്‌ 2.46 ന്‌ ഒരു നിമിഷം മൗനമാചരിച്ചുകൊണ്ടാണു മരിച്ചവര്‍ക്കു ജപ്പാന്‍ ജനത ആദരാഞ്‌ജലിയര്‍പ്പിച്ചത്‌. ടോക്കിയോയിലെ നാഷണല്‍ തിയറ്ററില്‍ നടന്ന പ്രധാന അനുസ്‌മരണച്ചടങ്ങില്‍ കറുത്ത വേഷം ധരിച്ച്‌ ആയിരത്തി ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. ഭൂകമ്പത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും പത്തൊമ്പതിനായിരം ആളുകളാണു മരണമടഞ്ഞത്‌.

ഭൂകമ്പമാപിനിയില്‍ ഒമ്പത് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടര്‍ന്നുയര്‍ന്ന സുനാമിത്തിരകളും ഫുകുഷിമയിലെ ആണവ നിലയത്തിനുണ്ടാക്കിയ തകരാര്‍ മൂലം ആയിരങ്ങളാണ് ഇവിടെ നിന്ന് ഒഴിഞ്ഞു പോയത്. സുനാമിയില്‍ കാറുകള്‍ ഒഴുകിപ്പോയി. കപ്പലുകള്‍ കരയ്ക്കടിഞ്ഞു. കെട്ടിടങ്ങള്‍ കടപുഴകി വീണു. സുനാമി തകര്‍ത്ത തീരദേശത്തെ നിവാസികള്‍ തങ്ങളുടെ വീടുനിന്നിടങ്ങളില്‍ പൂക്കളര്‍പ്പിച്ച് ദുരന്തത്തിന്റെ വേദനിക്കുന്ന ഓര്‍മ പുതുക്കി. ഭൂചലനമുണ്ടായ സമയത്ത് ചിലയിടങ്ങളില്‍ സൈറണ്‍ മുഴങ്ങി. ഞായറാഴ്ച രാവിലെ തന്നെ ജപ്പാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ തീരപട്ടണമായ റികുസെന്റാകതയില്‍ ഒത്തുകൂടി പ്രിയപ്പെട്ടവരെ അനുസ്മരിച്ചു. പലരും കരയുന്നുണ്ടായിരുന്നു.

ജപ്പാന്‌ 3000 കോടി യു.എസ്‌. ഡോളറിന്റെ നഷ്‌ടമുണ്ടായതായാണ്‌ ഏകദേശ കണക്ക്‌. ദുരന്തം നാശംവിതച്ച ഒട്ടുമിക്ക മേഖലകളും പുനര്‍നിര്‍മിച്ചെങ്കിലും വടക്കുകിഴക്കന്‍ തീരത്തെ ചില പ്രദേശങ്ങളില്‍ ഇനിയും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. അതേസമയം സുനാമിയുടെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവരുന്ന വീഡിയോചിത്രങ്ങള്‍ പുറത്തുവിട്ടു. സുനാമിയുടെ ഭീകരത വെളിവാക്കുന്ന വീഡിയോ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.