യുഎസ് സൈനികന്‍ കഴിഞ്ഞദിവസം 16 അഫ്ഗാന്‍ ഗ്രാമീണരെ വെടിവച്ചുകൊന്ന സംഭവത്തിനു പ്രതികാരം ചെയ്യുമെന്നു താലിബാന്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ യുഎസ് സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അഫ്ഗാനിസ്ഥാനിലുള്ള സൈനികരും മറ്റ് അമേരിക്കക്കാരും വേണ്ട മുന്‍കരുതലെടുക്കണമെന്ന് കാബൂളിലെ യുഎസ് എംബസിയും യുഎസ്-നാറ്റോ കമാന്‍ഡും നിര്‍ദേശം നല്‍കിയെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
താലിബാന്റെ ശക്തികേന്ദ്രമായ കാണ്ഡഹാര്‍ പ്രവിശ്യയിലാണ് ഞായറാഴ്ച പുലര്‍ച്ചെ ഒരു യുഎസ് ഭടന്‍ സൈനികത്താവളത്തില്‍ നിന്നു പുറത്തുകടന്നു ഗ്രാമീണരെ വെടിവച്ചുവീഴ്ത്തിയത്. മരിച്ച 16 പേരില്‍ ഒമ്പതു കുട്ടികളും മൂന്നു സ്ത്രീകളും ഉള്‍പ്പെടുന്നു. കൂടുതല്‍ സൈനികര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായി അഫ്ഗാന്‍ അധികൃതര്‍ സംശയം പ്രകടിപ്പിച്ചു. പ്രസിഡന്റ് ഒബാമ അഫ്ഗാന്‍ പ്രസിഡന്റ് കര്‍സായിയെ വിളിച്ചു ഖേദപ്രകടനം നടത്തുകയും അന്വേഷണം നടത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
യുഎസ് ഭടന്‍ നടത്തിയ കൂട്ടക്കൊല ക്ഷമിക്കാവുന്നതല്ലെന്നു കര്‍സായി ഒബാമയോടു പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വെടിവയ്പിന് ഉത്തരവാദിയായ സൈനികനെ അഫ്ഗാനിസ്ഥാനില്‍ പരസ്യമായി വിചാരണ ചെയ്യണമെന്ന് പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെട്ടു. മൂന്നു വീടുകളില്‍ കടന്നുചെന്ന് 16 പേരെ നിഷ്കരുണം കൂട്ടക്കൊല ചെയ്ത യുഎസ് സൈനികനു മാനസിക വിഭ്രാന്തിയാണെന്നു പറഞ്ഞു രക്ഷപ്പെടാനുള്ള ശ്രമം അനുവദിക്കില്ലെന്നും അമേരിക്കന്‍ കിരാതന്മാരോടു പകരം വീട്ടുമെന്നും താലിബാന്‍ വ്യക്തമാക്കി.
ഇതിനിടെ, ഒന്നിലേറെ സൈനികര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും ആദ്യത്തെ വീട്ടില്‍ മാത്രം 11 പേര്‍ കൊല്ലപ്പെട്ടെന്നും ഹാജി സമദ് എന്ന ഗ്രാമീണന്‍ പറഞ്ഞു. സമദിന്റെ പേരക്കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മദ്യപിച്ചു ലക്കുകെട്ടാണ് അമേരിക്കന്‍ സൈനികര്‍ എത്തിയതെന്നും ജഡങ്ങള്‍ അവര്‍ പെട്രോളൊഴിച്ച് കത്തിച്ചെ ന്നും ചില അയല്‍ക്കാര്‍ പറഞ്ഞു. എന്നാല്‍, വാഷിംഗ്ടണില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ഈ ആരോപണം തള്ളിക്കളഞ്ഞു. ഒരു സൈനികന്‍ മാത്രമാണ് ആക്രമണം നടത്തിയതെന്നും ഇയാള്‍ പിന്നീട് താവളത്തിലെത്തി കീഴടങ്ങിയെ ന്നും സൈനിക വക്താവ് പറഞ്ഞു.
ബാഗ്രാമിലെ നാറ്റോ സൈനികത്താവളത്തില്‍ സൈനികര്‍ ഖുര്‍ ആന്‍ കത്തിച്ചതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ലഹള കെട്ടടങ്ങുന്നതിനിടെയാണ് യുഎസ്-അഫ്ഗാന്‍ ബന്ധം കൂടുതല്‍ വഷളാക്കുന്ന പുതിയ സംഭവ വികാസം ഉണ്ടായത്. കഴിഞ്ഞമാസമാണ് സൈനികതാവളത്തില്‍ ഖുര്‍ ആന്‍ അഗ്നിക്കിരയാക്കിയത്. ഇതേത്തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട ലഹളയില്‍ 30 പേര്‍ക്കു ജീവഹാനി നേരിട്ടു. അഫ്ഗാന്‍ സൈനികര്‍ ആറു യുഎസ് സൈനികരെ വെടിവച്ചു കൊല്ലുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല