മതത്തിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പുതിയ കാര്യമല്ല. സാക്ഷരതയില്‍ വളരെ മുന്നില്‍ ആയിരുന്നിട്ട് പോലും കേരളത്തിലും രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും മുതലെടുപ്പ് പലപ്പോഴും വിജയം കണ്ടിട്ടുണ്ട്. ഗുജറാത്തും മാറാടും എല്ലാം ഇത്തരം മത ചൂഷണത്തിന്റെ കറുത്ത മുഖങ്ങള്‍ തന്നെയാണ് നമുക്ക് കാണിച്ചു തരുന്നത്. എന്നിട്ടും നമ്മുടെ രാഷ്ട്രീയവും മതവും രണ്ടായി കാണാന്‍ പലര്‍ക്കും ഇന്നും സാധിക്കുന്നില്ല.
ഈശ്വരവിശ്വാസത്തോടും മതപരമായ ആചാരാനുഷ്ഠാനങ്ങളോടും പൊതുവേ ആദരവു പുലര്‍ത്തുന്ന നമുടെ സമൂഹത്തില്‍ അവിശ്വാസികളും യുക്തിവാദികളും മതപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിനേക്കാള്‍ കൂടുതല്‍ ഇടപെടുന്നത് രാഷ്ട്രീയ കക്ഷികള്‍ ആണ്, ഏറ്റവും ആശങ്കാജനകമായ കാര്യവും ഇതുതന്നെയാണ്. കാരണം ഇത്തരക്കാര്‍ തങ്ങളുടെ രാഷ്ട്രീയമായ മുതലെടുപ്പിന് ഇരയാക്കുന്നത് ഒരു വ്യക്തിയെ അല്ല ഒരു സമുദായത്തെ മൊത്തമാണ്.
ഇന്ത്യന്‍ ഭരണഘടനയും നിയമസംവിധാനങ്ങളും വ്യക്തികളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ആദരിക്കുകയും ചെയ്യുന്നു. ലക്ഷക്കണക്കിനു വിശ്വാസികള്‍ വന്നെത്തുന്ന നിരവധി തീര്‍ഥാടന കേന്ദ്രങ്ങളും ആരാധനാലയങ്ങളും കേരളത്തിലുണ്ട്. ഉത്സവങ്ങളും പെരുന്നാളുകളുമൊക്കെ സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ആഘോഷവേളകള്കൂടിയായി മാറുന്നു എന്നതാണു കേരളത്തിലെ സാംസ്കാരിക അന്തരീക്ഷം. ലക്ഷക്കണക്കിനു സ്ത്രീകള്‍ പങ്കെടുത്ത ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ വിലകുറഞ്ഞ മുതലെടുപ്പു രാഷ്ട്രീയത്തിന്റെ ഭാഗമാണ്.
നമ്മുടെ സമൂഹത്തില്‍ അന്ധമായ രാഷ്ട്രീയം കാത്തു സൂക്ഷിക്കുന്ന ഒട്ടനവധി പേരുണ്ട്, അത്തരത്തില്‍ ചിലര്‍ സര്‍ക്കാര്‍ ഉദ്യോഗം വഹിക്കുന്നവരുമാണ്. വിരുദ്ധമുന്നണികള്‍ മാറിമാറി അധികാരത്തിലേറുന്ന സംസ്ഥാനത്ത് ഏതെങ്കിലും മുന്നണിയോടോ രാഷ്ട്രീയകക്ഷിയോടോ കൂറും വിശ്വസ്തതയും പുലര്‍ത്തിപ്പോരുന്ന ഉദ്യോഗസ്ഥര്‍ പോലീസിലും കുറവല്ല. എന്നാല്‍, അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും മനസിലാക്കി പ്രവര്‍ത്തിക്കുക എന്ന അടിസ്ഥാന ബാധ്യത മറന്ന് സ്വന്തം രാഷ്ട്രീയക്കൂറു പ്രകടിപ്പിക്കാനും സ്വന്തം തലതൊട്ടപ്പന്മാരുടെ ഇംഗിതമറിഞ്ഞു പെരുമാറാനും ചില ഉദ്യോഗസ്ഥര്‍ക്കു മടിയില്ല.
ഇവര്‍ക്കു നന്ന് യൂണിഫോം അഴിച്ചുവച്ചോ ഔദ്യോഗികജോലി ഉപേക്ഷിച്ചോ, അതുമല്ലെങ്കില്‍ അവധിയെടുത്തോ പൂര്‍ണസമയ രാഷ്ട്രീയക്കാരാവുക എന്നതാണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരേ കേസെടുത്തതിനു പിന്നില്‍ ചില രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെടന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാരിന്റെ അറിവോടെയല്ല കേസെടുത്തതെന്നു മുഖ്യമന്ത്രിയും, പോലീസ് നടപടി അനുചിതമായിപ്പോയെന്നു ഡിജിപിയും പറഞ്ഞിട്ടുണ്ട്. ഭരണസിരാകേന്ദ്രത്തിലെ സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശാനുസരണം ഫോര്‍ട്ട്, തമ്പാനൂര്‍ സ്റേഷനുകളിലാണ് കണ്ടാലറിയാവുന്ന ആയിരക്കണക്കിനു സ്ത്രീകളുടെ പേരില്‍ കേസെടുത്തത്.
കാല്‍നടക്കാര്‍ക്കും മറ്റും ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ പൊതുസ്ഥലത്ത് യോഗം ചേരുന്നതു വിലക്കിക്കൊണ്ടു ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലായിരുന്നു ഈ നടപടി. ഉത്സവങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും ഈ വിധി യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്.
ആറ്റുകാല്‍ പൊങ്കാല സുഗമമായി നടത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രിതന്നെ നിയമസഭയില്‍ ഉറപ്പു നല്കിയിരുന്നതുമാണ്. ക്രമസമാധാനപ്രശ്നമോ ഗതാഗത തടസമോ ഉണ്ടാകാത്ത രീതിയിലുള്ള ക്രമീകരണം ഇതിനായി ഏര്‍പ്പെടുത്താറുണ്ട്. ബസ് സര്‍വീസുകളും പ്രത്യേകം ക്രമീകരിക്കുന്നു. ഇതൊക്കെയായിട്ടും തലസ്ഥാനനഗരിയിലെ പോലീസ് ഏമാന്മാര്ക്ക് ഇതൊന്നും മനസിലായില്ല എന്നു പറയുന്നത് ദഹിക്കാന്‍ പ്രയാസമാണ്.
അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ നയപരിപാടികള്‍ക്കു തുരങ്കംവയ്ക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ കര്‍ശനമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത ഇവിടെ വ്യക്തമാവുകയാണ്. പോലീസും ഉദ്യോഗസ്ഥരും തങ്ങളുടെ പാര്ട്ടിക്കൂറല്ല, പൊതു സമൂഹത്തോടും നിയമസംവിധാനത്തോടുമുള്ള കൂറാണു കാട്ടേണ്ടത്. അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ തങ്ങളുടെ കാര്യം നോക്കിക്കൊള്ളുമെന്ന വിശ്വാസത്തില്‍ എന്തും ചെയ്യാന്‍ തയാറാകുന്നവരെ നിലയ്ക്കു നിര്‍ത്തുകതന്നെ വേണം. രാഷ്ട്രീയവും മതവും രണ്ടായി തന്നെ കാണാന്‍ കേരള സമൂഹം തയ്യാറാകണം, അല്ലെങ്കില്‍ മാരകമായ സ്ഥിതിവിശേഷതിലേക്കാണ് നാം ചെന്നെത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല