കാറപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ രണ്ടാംഘട്ട ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടര്‍മാര്‍. വലതുകാലിലും വലതു കൈയിലും ഇടുപ്പെല്ലിലുമുണ്ടായ പൊട്ടലുകള്‍ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകളാണ് മുന്‍പ് നടത്തിയത്. രണ്ടാം ഘട്ട ശസ്ത്രക്രിയകള്‍ വിജയകരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
അപകടനില തരണം ചെയ്ത ജഗതി വിളിച്ചാല്‍ പ്രതികരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവര്‍ത്തനത്തിലും പുരോഗതിയുണ്ട്. ശരീരം മരുന്നുകളോടു പ്രതികരിക്കുന്നുണ്ട്. അപകടത്തില്‍ ധാരാളം രക്തം നഷ്ടപ്പെട്ടതിനാല്‍ ഹീമോഗ്ളോബിന്റെ തോതില്‍ വ്യതിയാനമുണ്ട്. എന്നാല്‍, ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോകടര്‍മാര്‍ പറഞ്ഞു. രക്തസമ്മര്‍ദം പൂര്‍ണമായും സാധാരണ നിലയിലേക്കെത്തിയിട്ടുണ്ട്.
ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഇപ്പോള്‍ ആരോഗ്യനില സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്െടങ്കിലും 24 മണിക്കൂര്‍ കൂടി വെന്റിലേറ്റര്‍ നിലനിര്‍ത്താനാണു തീരുമാനമെന്ന് മിംസ് ആശുപത്രി എംഡി ഡോ. അബ്ദുള്ള ചെറയക്കാട്ട് അറിയിച്ചു.
11.45 ന് ആരംഭിച്ച ശസ്ത്രക്രിയ വൈകുന്നേരം നാലിനാണു പൂര്‍ത്തിയാക്കാനായത്. വിദഗ്ധരടങ്ങിയ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. അസ്ഥിരോഗ വിദഗ്ധരായ ഡോ. ജോര്‍ജ് ഏബ്രഹാം, ഡോ.സാമുവല്‍ ചിത്തരഞ്ജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല