ബോളിവുഡില്‍ നായകന്മാര്‍ തമ്മിലടിക്കുന്നതിന് കാരണം തേടിയാല്‍ തീരില്ല. എന്തിനും ഏതിനും അവര്‍ പരസ്പരം മത്സരിക്കും, തല്ലുകൂടും. ടോപ് ഹീറോസായ ഷാരുഖ് ഖാനും സല്‍മാന്‍ ഖാനുമാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഇവരുടെ ശത്രുത ഇപ്പോള്‍ അടുത്ത ലെവലിലേക്കു കടന്നിരിക്കുന്നു. യഷ് രാജ് ഫിലിംസിന്‍റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുകയാണ് സല്‍മാന്‍. എന്നാല്‍ ഷാരുഖും കത്രീനയും ഒന്നിക്കുന്ന യഷ് രാജ് ചിത്രത്തിനു വേണ്ടി ഷാരുഖിനു നല്‍കുന്ന പ്രതിഫലത്തേക്കാള്‍ ഒരു രൂപയെങ്കിലും കൂടുതല്‍ നല്‍കണമെന്നാണ് സല്‍മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒപ്പം ചിത്രത്തിന്‍റെ ലാഭത്തിന്‍റെ നിശ്ചിത ശതമാനവും ആവശ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ യഷ് രാജ് ഫിലിംസിന്‍റെ ഇപ്പോഴത്തെ തലവന്‍ ആദിത്യ ചോപ്ര തയാറായില്ല. സിനിമ എത്ര മാത്രം വിജയമാകുമെന്ന് നേരത്തെ പ്രവചിക്കാനാവില്ല. എങ്കിലും ചിത്രം നേടിത്തരുന്ന ലാഭത്തിന്‍റെ ഒരു വിഹിതം കൂടി നല്‍കാമെന്ന കാര്യം സമ്മതിച്ചിട്ടുണ്ട്. ഷാരുഖിനേക്കാള്‍ കൂടുതല്‍ തുക നല്‍കുന്ന വിഷയത്തിലും സല്‍മാന് പോസിറ്റിവായ മറുപടിയല്ല കിട്ടിയതെന്ന് അറിയുന്നു.
അമീര്‍ ഖാനും ഉള്‍പ്പെടെ ഇവര്‍ മൂന്നു ഖാന്മാര്‍ക്കും പതിഞ്ചു കോടി രൂപയാണ് സാധാരണ പ്രതിഫലം. മാര്‍ക്കറ്റ് പ്രൈസ് നല്‍കാന്‍ യഷ് രാജ് മുമ്പൊന്നും തയാറാവുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലാഭവിഹിതം കൂടി നല്‍കാമെന്നു സമ്മതിച്ചിട്ടുണ്ട്. നൂറു കോടിയില്‍ക്കൂടുതല്‍ കലക്ഷന്‍ നേടിയ ദബങ്, റെഡി, ബോഡിഗാര്‍ഡ് തുടങ്ങിയ സിനിമകളിലൂടെ നമ്പര്‍ വണ്‍ താരമായി മാറിയിരിക്കുകയാണെന്ന് സല്‍മാന്‍ സ്വയം വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു രൂപയെങ്കിലും കൂടുതല്‍ ചോദിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഒരു പക്ഷം വാദിക്കുന്നത്. ഒരേ പ്രതിഫലത്തുകയല്ല ഇവര്‍ അര്‍ഹിക്കുന്നതെന്നു പറയുന്നതും ഇക്കാരണത്താലാണ്.
അമീര്‍ ഖാന്‍റെ കാര്യവും സല്‍മാന്‍ പരിഗണിക്കുന്നുണ്ട്. യഷ് രാജിനു വേണ്ടി ഡീല്‍ സൈന്‍ ചെയ്യുന്നതിനു മുമ്പു തന്നെ അമീറുമായി പ്രൊഡക്ഷന്‍ ഹൗസ് ഒപ്പു വച്ച കരാര്‍ കാണണമെന്ന് സല്‍മാന്‍ ആവശ്യപ്പെട്ടു. ഇവരുടെ കരാറുകള്‍ പരിഗണിച്ച ശേഷമാണ് ഷാരുഖ് അഭിനയിക്കാമെന്ന് സമ്മതിച്ചത്. ഇത്രയും വര്‍ഷമായി യഷ് രാജിന്‍റെ സ്വന്തം നായകനായി തുടര്‍ന്ന ഷാരുഖിന് പിന്നോക്കം പോകാനാവില്ലല്ലോ.
ഒരു രൂപക്കഥ ബോളിവുഡില്‍ തുടങ്ങുന്നത് ഇതാദ്യമല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് അമര്‍ അക്ബര്‍ ആന്‍റണിക്കു വേണ്ടി സംവിധായ കന്‍ മന്‍മോഹന്‍ ദേശായി അമിതാഭ് ബച്ചനേയും വിനോദ് ഖന്നയേയും സമീപിച്ചപ്പോള്‍ ഇതേ അവസ്ഥയുണ്ടായി. ഇരുവരും തമ്മിലുള്ള തര്‍ക്കം ശക്തമായ സമയത്ത്, ഒടുവില്‍ അമിതാഭ് തന്നെ വലിയ തുക സ്വന്തമാക്കി. ഒരു പാട്ടിന് പതിനയ്യായിരം രൂപ പ്രതിഫലം വാങ്ങിയിരുന്ന, പിശുക്കനെന്നു പേരുകേട്ട വിഖ്യാത ഗായകന്‍ കിഷോര്‍ കുമാര്‍ പക്ഷേ, ലത മങ്കേഷ്കറേക്കാള്‍ ഒരു രൂപ കുറച്ചായിരുന്നു സ്വീകരിച്ചത്. ലതാജിയോടുള്ള ആദരവായിരുന്നു കിഷോര്‍ അങ്ങനെ പ്രകടിപ്പിച്ചത്. ഇന്നത്തെ താരങ്ങള്‍ക്ക് ആദരവിനു പകരം ശത്രുതയാണ് പ്രകടിപ്പിക്കാനുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല