ഇംഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ ലിവര്‍പൂളിനു ജയം. എവര്‍ട്ടണിനെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണു ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ സീവന് ജെറാള്‍ഡ് നേടിയ ഹാട്രിക്കിന്റെ പിന്‍ബലത്തിലാണു ലിവര്‍പൂള്‍ ജയം സ്വന്തമാക്കിയത്. 34-ാം മിനിറ്റിലാണു ജെറാള്‍ഡ് ആദ്യം ഗോള്‍ നേടിയത്.
എവര്‍ട്ടണിന്റെ ഗോള്‍ മുഖത്തേക്കു വന്ന പന്ത് ഗോളി ഹോവാര്‍ഡ് രണ്ടു തവണ രക്ഷപെടുത്തിയെങ്കിലും ജെറാള്‍ഡിന്റെ ഷോട്ട് നോക്കി നില്ക്കാനെ അദ്ദേഹത്തിനായുള്ളൂ. മത്സരത്തിന്റെ രണ്ടാം പകുതിയിലാണു രണ്ടു ഗോളുകള്‍ പിറന്നത്. 51-ാം മിനിറ്റില്‍ ലൂയിസ് സുവാരിസ് നല്കിയ പാസില്‍ നിന്നു ജെറാള്‍ഡ് രണ്ടാം ഗോള്‍ സ്വന്തമാക്കി.
90-ാം മിനിറ്റിലാണു മൂന്നാം ഗോള്‍ നേടിയത്. ഇതിനും സുവാരിസാണു വഴിയൊരുക്കിയത്. ഈ ജയത്തോടെ ലിവര്‍പൂള്‍ ലീഗില്‍ ഏഴാം സ്ഥാനത്തു തുടരുകയാണ്. 42 പോയിന്റാണു ലിവര്‍പൂളിനുള്ളത്. 67 പോയിന്റുമായി മാഞ്ചെസ്റ്റര്‍ യുനൈറ്റഡ് ഒന്നാം സ്ഥാനത്തും ഒരു പോയിന്റ് വ്യത്യാസത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല