ലോകമെമ്പാടുമുള്ള വിജ്ഞാനകുതുകികള്‍ ആധികാരിക റഫറന്‍സ്ഗ്രന്ഥമായി പരിഗണിക്കുന്ന എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക ഇനി അച്ചടിക്കില്ല. ബ്രിട്ടാനിക്ക പിന്‍വാങ്ങി എന്നതിന് പകരം മാറി എന്ന് പറയുനതാകും ശരി. ഇന്റര്‍നെറ്റ് യുഗത്തിന്റെ കടന്നാക്രമണത്തെ മറികടക്കാനാവില്ലെന്നു ലോകത്തിലെ ഏറ്റവും വിഖ്യാതമായ വിജ്ഞാനഭണ്ഡാഗാരം സമ്മതിച്ചു. ഇനി ഭാവി ഓണ്‍ലൈന്‍ എന്നത് അംഗീകരിച്ചു. എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക അച്ചടിപ്പതിപ്പ് നിര്‍ത്തി.
അച്ചടിമാധ്യമങ്ങളുടെ ദുര്‍ദശ ഒരിക്കല്‍ക്കൂടി വിളംബരം ചെയ്യുകയാണ് ബ്രിട്ടാനിക്ക. 1768-ല്‍ ആരംഭിച്ച ബ്രിട്ടാനിക്കയുടെ 2010-ല്‍ ഇറങ്ങിയ പതിപ്പ് അവസാനത്തെ അച്ചടിപതിപ്പാകും. 12,000 പ്രതികളാണ് അന്ന് അടിച്ചത്. 32 വാല്യമുള്ള ആ പതിപ്പിനു വില 1,395 ഡോളര്‍. അതിന്റെ 4,000 പ്രതികള്‍ ഇനിയും വില്‍ക്കപ്പെടാതെ ഗോഡൌണില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വിക്കിപ്പീഡിയ എന്ന ഓണ്‍ലൈന്‍ എന്‍സൈക്ളോപീഡിയയാണു ബ്രിട്ടാനിക്കയുടെ പതനത്തിനു പിന്നില്‍. വിവരങ്ങളറിയാന്‍ ആയിരക്കണക്കിനു പേജുകളുള്ള പുസ്തകശേഖരം മറിക്കേണ്ടതില്ലെന്നുവന്നു. പണവും വേണ്ട. വിക്കിപ്പീഡിയ സൌജന്യമാണ്.
ബ്രിട്ടാനിക്ക ഓണ്‍ലൈനായി ഉപയോഗിക്കാന്‍ വര്‍ഷം 70 ഡോളര്‍ നല്‍കണം. ഇന്റര്‍നെറ്റ് യുഗം തുടങ്ങുംമുമ്പുതന്നെ കംപ്യൂട്ടറുകളില്‍ ഉപയോഗിക്കാവുന്ന പതിപ്പ് ബ്രിട്ടാനിക്ക അവതരിപ്പിച്ചിരുന്നു. എന്നാല്‍ നെറ്റ് സര്‍വസാധാരണമായപ്പോള്‍ അതിനുതക്ക രീതിയില്‍ തങ്ങളെ അവതരിപ്പിക്കാനായില്ല. കമ്പനി വന്‍ നഷ്ടത്തിലുമായി. 1768-ല്‍ സ്കോട്ലന്‍ഡിലെ എഡിന്‍ബറയില്‍ പ്രസാധനം തുടങ്ങിയ ബ്രിട്ടാനിക്ക 1901 മുതല്‍ അമേരിക്കയിലെ ഷിക്കാഗോയില്‍നിന്നാണ് പ്രസിദ്ധീകരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല