1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2012

ബ്രിട്ടണ്‍ ആരുടെയെല്ലാം നാടാണ്. ശരിക്കും ബ്രിട്ടണ്‍ എന്നൊരു നാടുണ്ടോ? അല്പദിവസം ബ്രിട്ടണിലെ പത്രങ്ങള്‍ വായിച്ചാല്‍ ചോദിക്കാനിടയുള്ള ചോദ്യങ്ങളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണമാണ് മുകളില്‍ കൊടുത്തത്. കാര്യം വേറൊന്നുമല്ല ഓരോ ദിവസത്തെയും വാര്‍ത്തകള്‍ ബ്രിട്ടണ്‍ മറ്റേതോ യുഗത്തിലുള്ള രാജ്യത്തെ ഓര്‍മ്മിപ്പിക്കുന്നു. പുതിയ വാര്‍ത്ത കേട്ടാല്‍ എല്ലാവരും ഞെട്ടാന്‍ സാധ്യതയുണ്ട്. ബ്രിട്ടണ്‍ പാര്‍ട്ട്ടൈം ജോലിക്കാരുടെ നാടാണ് എന്നതാണ് പുതിയ വിവരം. അതായത് ഇപ്പോള്‍ ജോലിയുള്ളവരില്‍ ഭൂരിപക്ഷത്തിനും പാര്‍ട്ട്ടൈം ജോലിയാണുള്ളത്. അങ്ങനെ പാര്‍ട്ട്ടൈം ജോലി ചെയ്യുന്ന ബ്രിട്ടീഷുകാരുടെ എണ്ണം മില്യണ്‍ കണക്കിന് വരും.

1.3 മില്യണ്‍ ആളുകള്‍ക്ക് സ്ഥിരം ജോലി കിട്ടുന്നില്ല. തൊഴിലില്ലാത്തവരുടെ മൊത്തം എണ്ണമെടുത്താല്‍ 2.67 മില്യണ്‍ വരും. പതിനേഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലാണ് തൊഴിലില്ലായ്മനിരക്ക് നില്‍ക്കുന്നത്. കഴിഞ്ഞ നവംബറിനും ജനുവരിക്കുമിടയില്‍ തന്നെ തൊഴിലില്ലായ്മ നിരക്കില്‍ 28,000 പേരുടെ വര്‍ദ്ധനവുണ്ടായി. സ്ഥിരം തൊഴില്‍ കണ്ടെത്താന്‍ സാധിക്കാത്തവരുടെ എണ്ണം 110,000 ല്‍നിന്ന് 1.3 മില്യണായി ഉയര്‍ന്നെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ബ്രിട്ടണില്‍ ഇപ്പോള്‍ 6.6 മില്യണ്‍ പാര്‍ട്ട്ടൈം ജോലിക്കാരുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബ്രിട്ടണിലെ ആകെ തൊഴിലാളികളുടെ എണ്ണം 29.1 മില്യണാണ് എന്നോര്‍ക്കണം. ഈ സാഹചര്യത്തിലാണ് ഇത്രയും പേര്‍ പാര്‍ട്ട്ടൈമായി ജോലി ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്. 22,000 പേര്‍ക്ക് തൊഴില്‍ ഇല്ലായിരുന്ന കാലത്തുനിന്നും 1.13 മില്യണ്‍ സ്ത്രീകള്‍ക്ക് തൊഴില്‍ ഇല്ലാത്ത കാലത്തേക്കാണ് ബ്രിട്ടണ്‍ കുതിച്ചു കയറിയത്. സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് സമൂഹത്തില്‍ സൃഷ്ടിച്ച അസന്തുലിതാസ്ഥ വളരെ വലുതായിരുന്നു.

ഡേവിഡ് കാമറൂണിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഓരോ ദിവസവും 625 പേര്‍ക്ക് ജോലി നഷ്ടപ്പെടുന്നുണ്ടെന്നാണ് യൂണിസെന്‍ വെളിപ്പെടുത്തുന്നത്. ഇത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. ഇതെല്ലാം കുടിയേറ്റക്കാരുടെ കുത്തൊഴുക്കു കൊണ്ടാണ് സംഭവിച്ചതെന്ന് പറയാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ തൊഴിലില്ലായ്മയെക്കുറിച്ചുള്ള ഓരോ വാര്‍ത്ത പുറത്തുവരുമ്പോഴും ബ്രിട്ടണിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റ സമൂഹം നെഞ്ചിടിപ്പോടെയാണ് കഴിയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.