സിനിമാ താരം സംവൃതാ സുനില്‍ വിവാഹിതയായി. കലിഫോര്‍ണിയയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ കോഴിക്കോട് ചേവരമ്പലം സ്വദേശി അഖിലാണു വരന്‍. ജനുവരി 19ന് അതീവ രഹസ്യമായി കോഴിക്കോട് ചിന്താവളപ്പിലുള്ള ആര്യസമാജം ഓഫീസിലെത്തിയാണ് ഇരുവരും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരായത്. കഴിഞ്ഞ ദിവസം കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസിലെത്തി രജിസ്റര്‍ ചെയ്തതോടെയാണു വിവാഹ വിവരം പുറത്തറിയുന്നത്. അടുത്തമാസം ഇരുവരും കലിഫോര്‍ണിയയിലേക്കുപോയേക്കും.
ഇരുവരുടെയും വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ച വിവാഹം വരുന്ന നവംബറില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിവാഹശേഷം അഖിലിനൊപ്പം സംവൃതയ്‌ക്ക് അമേരിക്കയില്‍ താമസിക്കാനാണ് താത്‌പര്യം. വിവാഹശേഷം ഉടനെ തന്നെ അമേരിക്കയിലേക്ക് പോകാന്‍ നിയമപരമായി തടസമുള്ളതിനാലാണ് തിരക്കിട്ട് രജിസ്‌റ്റര്‍ വിവാഹം നടത്തിയതെന്നാണ് സൂചന. അമേരിക്കയിലേക്കുള്ള രേഖകള്‍ ശരിയാക്കുന്നതിന് വിവാഹിതരായതിന്റെ രേഖ നിര്‍ബന്ധമാണ്. അതുകൊണ്ടാണ് ഇരു വീട്ടുകാരുടെയും സാന്നിധ്യത്തില്‍ ഇരുവരും രേഖപരമായി വിവാഹിതരായത്.
നേരത്തെ നടി കാവ്യാമാധവനും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നടന്ന വിവാഹത്തിന് മുമ്പായി ഇത്തരത്തില്‍ രജിസ്‌റ്റര്‍ വിവാഹം നടത്തിയിരുന്നു. കുവൈത്തില്‍ ജോലിയുണ്ടായിരുന്ന പ്രതിശ്രുത വരനൊപ്പം കഴിയാനുള്ള രേഖകള്‍ ശരിയാക്കുന്നതിനാണ് അന്ന് കാവ്യമാധവനും വിവാഹത്തിന് മുമ്പായി രജിസ്‌റ്റര്‍ വിവാഹം നടത്തിയത്. കണ്ണൂര്‍ സ്വദേശിനിയായ സംവൃത സുനില്‍ ലാല്‍ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല