1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2012

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് മുന്‍ ചാമ്പ്യന്മാരായ ഇറ്റാലിയന്‍ ക്ളബ് ഇന്റര്‍ മിലാന്‍ പുറത്ത്. അതേസമയം, എതിരാളിക്കുമേല്‍ ഗോള്‍വര്‍ഷം നടത്തിയ ജര്‍മന്‍ ക്ളബ് ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്വന്തം തട്ടകമായ സാന്‍ സിറൊയില്‍ ഇറങ്ങിയ ഇന്റര്‍ മിലാന്‍ 2-1 നു വിജയിച്ചെങ്കിലും എവേ ഗോളിന്റെ പിന്‍ബലത്തില്‍ മാഴ്സ ക്വാര്‍ട്ടറില്‍ കടക്കുകയായിരുന്നു. ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ മാഴ്സ 1-0 നു വിജയിച്ചിരുന്നു. ഇഞ്ചുറി ടൈമില്‍ ബ്രസീല്‍ താരം ബ്രന്‍ഡൊ നേടിയ ഗോളാണ് മിലാന്റെ ക്വാര്‍ട്ടര്‍ സ്വപ്നം തകര്‍ത്തത്.

ആദ്യ പാദത്തില്‍ 1-0 ന്റെ തോല്‍വി വഴങ്ങിയ ഇന്ററിന് സ്വന്തം കാണികളുടെ മുന്നില്‍ രണ്ടു ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചെങ്കിലേ ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ സാധിക്കുകയുണ്ടായിരുന്നുള്ളൂ. പ്രതികൂല സാഹചര്യം മനസിലാക്കിയ ഇന്റര്‍ തുടക്കം മുതല്‍ ആക്രമിച്ചു കയറിയെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ കണ്െടത്താന്‍ സാധിച്ചില്ല. അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും അലക്ഷ്യമായ ഷോട്ടുകളിലൂടെ ഇന്റര്‍ മിലാന്‍ ആദ്യ പകുതി അവസാനിപ്പിച്ചു. ഒടുവില്‍ 75-ാം മിനിറ്റില്‍ ഡീഗൊ മിലീറ്റൊ ഇന്ററിനായി ഒരു ഗോള്‍ നേടി. പസീനി നല്‍കിയ പാസില്‍ നിന്നായിരുന്നു അര്‍ജന്റൈന്‍ താരത്തിന്റെ ഗോള്‍. എന്നാല്‍, ഇഞ്ചുറി ടൈമില്‍ ഇന്ററിന്റെ ഹൃദയം പിളര്‍ന്ന ഗോള്‍ മാഴ്സ നേടി. സ്റ്റീവ് മന്‍ഡന്‍ഡയുടെ പാസില്‍ നിന്ന് ബ്രാന്‍ഡൊയായിരുന്നു ഇന്റര്‍ മിലാന് പുറത്തേക്കുള്ള വഴികാണിച്ച ഗോള്‍ സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ മാഴ്സ ഗോളി പസീനിയെ ഫൌള്‍ ചെയ്തതിന് രണ്ടാം മഞ്ഞക്കാര്‍ഡും തുടര്‍ന്ന് ചുവപ്പുകാര്‍ഡും കിട്ടി. റഫറി മിലാന് അനുകൂലമായി പെനാല്‍റ്റിയും വിധിച്ചു. കിക്കെടുത്ത പസീനി ഗോള്‍ നേടിയെങ്കിലും ഇന്ററിന്റെ വിധിയെതടുക്കാനായില്ല.

സ്വന്തം മൈതാനമായ അലിയന്‍സ് അരീനയില്‍ ഇറങ്ങിയ ജര്‍മന്‍ ക്ളബ് ബയേണ്‍ മ്യൂണിക്ക് 7-0 ന് സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള എഫ്സി ബാസലിനെ നാണംകെടുത്തി. ആദ്യ പാദത്തില്‍ ബാസലിന്റെ തട്ടകത്തില്‍വച്ച് 1-0 നു തോല്‍വി വഴങ്ങിയതിന്റെ പലിശയുള്‍പ്പെടെയുള്ള കണക്കുതീര്‍ക്കലായി ബയേണിന്റെ ജയം. ഇതോടെ രണ്ടു പാദങ്ങളില്‍ നിന്നുമായി 7-1 ന് വിജയിച്ചാണ് ബയേണ്‍ അവസാന എട്ടില്‍ പ്രവേശിച്ചത്. ബയേണിനായി മരിയൊ ഗോമസ് നാലു ഗോള്‍ നേടി. തുടര്‍ച്ചയായ രണ്ടാം പ്രാവശ്യമാണ് ഗോമസ് ബയേണിനായി ഹാട്രിക് നേടുന്നത്. ആര്യന്‍ റോബനിലൂടെ 10-ാം മിനിറ്റില്‍ മുന്നിലെത്തിയ ബയേണിനായി 41-ാം മിനിറ്റില്‍ തോമസ് മുള്ളര്‍ ലീഡുയര്‍ത്തി. തുടര്‍ന്ന് 44, 50, 61, 67 മിനിറ്റുകളിലായിരുന്നു മരിയൊ ഗോമസിന്റെ ഗോളുകള്‍. 81-ാം മിനിറ്റില്‍ റോബന്‍ ബയേണിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 7-0 ന്റെ ജയത്തോടെ സ്വന്തം കാണികളുടെ മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് ബയേണ്‍ മൈതാനംവിട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.