ഒടുവില്‍ ക്രിക്കറ്റിന്റെ ദൈവം ചരിത്രമെഴുതി. കാലവും ദേശവും കാത്തിരുന്ന ദൈവത്തിന്റെ സെഞ്ച്വറിയ്ക്ക് മിര്‍പൂരില്‍ പിറവി. ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരായ മല്‍സരത്തിലാണ് സച്ചിനും ക്രിക്കറ്റ് ലോകവും ഏറെനാളായി കാത്തിരുന്ന സെഞ്ച്വറി പിറന്നത്.
കോടിക്കണക്കിന് വരുന്ന ആരാധകരുടെ പ്രതീക്ഷകളുടെ സമ്മര്‍ദ്ദം മറികടന്ന് നൂറിന്റെ നൂറിലെത്താന്‍ 138 പന്ത് വേണ്ടി വന്നു ക്രിക്കറ്റിന്റെ രാജകുമാരന്. സുവര്‍ണശകതത്തിന് അകമ്പടിയായി ഒമ്പതു ഫോറുകളും ഒരു സിക്്‌സും സച്ചിന്‍ ഗ്യാലറികളിലേക്ക് പായിച്ചിരുന്നു.
സച്ചിന്റെ നൂറാം സെഞ്ച്വറിക്കു വേണ്ടി ഒരു രാജ്യം മുഴുവന്‍, അല്ല ലോകം ഒന്നാകെ തന്നെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് തന്നെ വര്‍ഷമൊന്ന് കഴിഞ്ഞിരുന്നു. 2011 മാര്‍ച്ച് 12നായിരുന്നു സച്ചിന്റെ തൊണ്ണൂറ്റി ഒന്‍പതാം സെഞ്ച്വറി നേട്ടം.
ഒരു വര്‍ഷത്തിനിടെ പലതവണ നിര്‍ഭാഗ്യം കൊണ്ട് കൈവിട്ടുപോയ ചരിത്ര നേട്ടമാണിപ്പോള്‍ സച്ചിന്‍ കൈപ്പിടിയിലൊതുക്കിയത്. 462ാം ഏകദിനത്തിലാണ് അദ്ദേഹം തന്റെ 49 ാം ഏകദിന സെഞ്ച്വറി നേട്ടം കുറിച്ചത്.
സച്ചിന്റെ സെഞ്ച്വറികള്‍ക്കിടയില്‍ ഇത്രയും നീണ്ട ഇടവേള ഉണ്ടാവുന്നത് ഇതാദ്യമല്ല. 1990 ഓഗസ്‌റ്റില്‍ തന്റെ ആദ്യ സെഞ്ച്വറി കുറിച്ച സച്ചിന്‍ 17 മാസത്തിനു ശേഷമായിരുന്നു രണ്ടാം സെഞ്ച്വറി നേടിയത്. 1998 സച്ചിനെ സംബന്ധിച്ചിടത്തോളം സെഞ്ച്വറികളുടെ പൂരമായിരുന്നു. 12 നൂറുകളാണ് ഇതേ വര്‍ഷം അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചത്. 99 ലും 2010 ലും എട്ട് സെഞ്ച്വറികള്‍ വീതവും സച്ചിന്‍ നേടി.
സച്ചിന്‍ സെഞ്ച്വറിയോട് അടുക്കുമ്പോള്‍ പതറുന്നത് കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സച്ചിന്റെ നൂറാം സെഞ്ച്വറിക്ക് വേണ്ടിയുളള കാത്തിരിപ്പ് ടീമിനും സച്ചിനും ഗുണകരമല്ല എന്നുപോലും വിമര്‍ശനങ്ങള്‍ വന്നിരുന്നു. എല്ലാ വിമര്‍ശനങ്ങള്‍ക്കുമുളള മറുപടിയാണ് മിര്‍പൂരില്‍ സച്ചിന്‍ ബാറ്റുകൊണ്ട് നല്‍കിയത്. സച്ചിന്‍ ഇതുവരെ നേടിയ 99 സെഞ്ച്വറികളില്‍ 51 എണ്ണം ടെസ്റ്റിലും 48 എണ്ണം ഏകദിനത്തിലുമാണ്.
ഇന്ത്യക്കെതിരെ ബംഗ്ളാദേശിന് അട്ടിമറി ജയം
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നൂറില്‍ നൂറും ഇന്ത്യയെ രക്ഷിച്ചില്ല. താരതമ്യേന ദുര്‍ബലരെന്ന് കരുതുന്ന ബംഗ്ളാദേശ് ഇന്ത്യയെ അഞ്ച് വിക്കറ്റിന് അട്ടിമറിച്ചു.നാലു പന്ത് അവശേഷിക്കേയാണ് അവരുടെ വിജയം. ഇതോടെ ഇന്ത്യയുടെ ഫൈനല്‍ പ്രവേശം ആശങ്കയുളവാക്കുന്നതായി.
സ്്കോര്‍: ഇന്ത്യ: 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 289
ബംഗ്ളാദേശ്: 49.2 ഓവറില്‍ അഞ്ച് വിക്കറ്റിന് 293
ടോസ് നേടി ഇന്ത്യയെ ബാറ്റിങിനയച്ച ബംഗ്ളാദേശ് മികച്ച മറിക്കടക്കലാണ് നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡില്‍ സച്ചിന്‍െറ രാജ്യന്തര തല മത്സരങ്ങളിലെ നൂറാം സെഞ്ച്വറിയാണ് സവിശേഷമാര്‍ന്നത്. 147 പന്തില്‍ 114 റണ്‍സാണ് സച്ചിന്‍ കുറിച്ചത്. വിരാട് കോഹ്ലി 66, സുരേഷ് റെയ്ന 51, ധോണി 21 എന്നിവര്‍ ഇന്ത്യക്കായി മികവ് കാട്ടി.
മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ളാദേശിന് സ്ഥിരതയാര്‍ന്ന ബാറ്റിങാണ് തുണയായത്. തമീം ഇഖ്ബാല്‍ 70, ജൗഹറുല്‍ ഇസ്ലാം 53, നാസില്‍ ഹുസൈന്‍ 54, ഷാക്കിബുല്‍ ഹസന്‍ 49, മുഷ്ഫിഖുര്‍ റഹ്മാന്‍ 46 എന്നിവര്‍ തിളങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല