ദുരഭിമാനക്കൊല എന്ന പേര് കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. അന്യസമുദായത്തില്‍പ്പെട്ട പുരുഷനെ/സ്ത്രീയെ പ്രേമിക്കുന്നതവരെ മാനം രക്ഷിക്കാന്‍വേണ്ടി മാതാപിതാക്കളോ ബന്ധുക്കളോ വകവരുത്തുന്നതിനെയാണ് ദുരഭിമാനക്കൊല എന്ന സംജ്ഞകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമായും പെണ്‍കുട്ടികളാണ് ഇതിന് ഇരയാകുന്നത്. അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ബന്ധുക്കളോ മാതാപിതാക്കള്‍ തന്നെയോ കൊന്നുതള്ളുന്ന എത്രയോ വാര്‍ത്തകളാണ് ഓരോ ദിവസവും വായിക്കുന്നത്. ഇതെല്ലാം മാനസിക വികാസം സംഭവിക്കാത്ത ഒരു ജനതയില്‍നിന്ന് ഉണ്ടാകുന്നതാണ് എന്നാണ് കരുതിയിരുന്നത്.
ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമൊക്കെ ഇടയ്ക്കിടക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന ഈ ദുരഭിമാനക്കൊലയുടെ പുതിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ബ്രിട്ടണില്‍നിന്നാണ്. കേട്ട് ഞെട്ടേണ്ട കാര്യമൊന്നുമില്ല. നല്ല ഒന്നാന്തരം ദുരഭിമാനക്കൊലയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏഷ്യന്‍ വംശജനെ പ്രണയിച്ചതിനാണ് പതിനേഴുകാരിക്ക് സ്വന്തം ജീവന്‍ നല്‍കേണ്ടിവന്നത്. വംശീയവിദ്വേഷമെന്ന് പറയാവുന്ന കാര്യമാണ് നടന്നിരിക്കുന്നത്. എന്നാല്‍ ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ ദുരഭിമാനക്കൊലയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബ്രിട്ടണില്‍ ജനിച്ച ഏഷ്യന്‍ വംശജനായ അഷ്തിക് അഷ്ഗറിനെ പ്രണയിച്ചതാണ് ലോറ വില്‍സണ്‍ എന്ന പതിനേഴുകാരി ചെയ്ത തെറ്റ്. ഏഷ്യന്‍ വംശജനെ പ്രണയിക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്ന വീട്ടുകാരെ അവഗണിച്ചാണ് ലോറ പ്രേമവുമായി മുന്നോട്ട് പോയത്. തെക്കന്‍ യോര്‍ക്ക്ഷെയറിലെ ഒരു കനാലിന് സമീപംവെച്ച് കാമുകനെ ആക്രമിച്ചശേഷം ലോറയെ തോട്ടിലേക്ക് തള്ളിയിടുകയായിരുന്നു. എന്നാല്‍ ലോറയുടെ മരണത്തിന് ഏറെനാള്‍ ശേഷമാണ് ബ്രിട്ടണെ ഞെട്ടിച്ച ദുരഭിമാനക്കൊലയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്. ലോറയുടെ അമ്മയാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യമായി പൊതുവായ ഒരഭിപ്രായം പുറത്തുവിട്ടത്. ബ്രിട്ടണിലെ ചില സമുദായങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്ന പാരമ്പര്യ ജീവിതരീതികളെ ചോദ്യം ചെയ്ത് ജീവിക്കാന്‍ ശ്രമിച്ചതാണ് ലോറ ചെയ്ത തെറ്റെന്ന് അമ്മ മാര്‍ഗരറ്റ് വില്‍സല്‍ പറഞ്ഞു.
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കുടിയേറ്റക്കാരുള്ള ബ്രിട്ടണില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് സങ്കരസംസ്കാരമാണെന്ന് പറഞ്ഞാലും തെറ്റില്ല. ആ തരത്തിലാണ് കുടിയേറ്റക്കാരുമായുള്ള ബ്രിട്ടീഷ് ജനതയുടെ മിശ്രജീവിതം. ഈ കാലത്തും മറ്റൊരു വംശജനെ പ്രേമിച്ചതിന്‍റെ പേരില്‍ സ്വന്തം മകളെ കൊലപ്പെടുത്തിയ ഒരു കുടുംബം ബ്രിട്ടണിലുണ്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന മട്ടിലാണ് പ്രതികരണങ്ങള്‍ വരുന്നത്. എന്നാല്‍ സംഗതി സത്യമാണെന്ന് പോലീസ് വ്യക്തമാക്കുന്നു. അതേസമയം മറ്റു വംശജരെ പ്രണയിക്കുന്ന സ്ത്രീകളെ ബന്ധുമിത്രാദികള്‍ പീഡിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകുക, പീഡിപ്പിക്കുക, വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ സര്‍വ്വസാധാരണമാണെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല