1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2012

മലയാള സിനിമയില്‍ ആക്ഷന്‍ സിനിമകളുടെ തമ്പുരാക്കന്‍‌മാര്‍ ആരൊക്കെയാണ്. പെട്ടെന്ന് മനസില്‍ വരുന്നത് രണ്ടുപേരുകളാണ്, അല്ലേ? ജോഷിയും ഷാജി കൈലാസും. രണ്ടുപേരും ചെയ്ത ഇടിവെട്ടു പടങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ അമ്പരക്കും. എത്ര വമ്പന്‍ ഹിറ്റുകളാണ് ഈ സംവിധായകര്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്!

ഒരു കാര്യം ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഷാജി കൈലാസും ജോഷിയും ഒരുമിച്ച് ഒരു പടം ചെയ്താല്‍ എങ്ങനെയുണ്ടാവും? ഒരുപക്ഷേ, മലയാളത്തിലെ ആക്ഷന്‍ സിനിമയുടെ അവസാന വാക്ക് ആ ചിത്രമായി മാറും അല്ലേ? എന്നാല്‍ അങ്ങനെയൊരു ചിത്രം വരുന്നു. ജോഷിയും ഷാജി കൈലാസും ഒരു സിനിമയ്ക്ക് വേണ്ടി ഒത്തുചേരുകയാണ്. ഇവര്‍ മാത്രമല്ല, ആക്ഷന്‍ സിനിമകളിലൂടെ പേരെടുത്ത എം പത്മകുമാര്‍, ദീപന്‍, വിനോദ് വിജയന്‍ എന്നിവരുമുണ്ട്. രഞ്ജിത്തിന്‍റെ ‘കേരള കഫെ’ മോഡല്‍ ഒരു ചിത്രം!

അഞ്ച് ആക്ഷന്‍ ത്രില്ലര്‍ സിനിമകളുടെ ഒരു പാക്കേജാണ് ലക്‍ഷ്യമിടുന്നത്. ഷാജി കൈലാസിന് വേണ്ടി രാജേഷ് ജയരാമന്‍ തിരക്കഥയെഴുതും. ജോഷിയുടെ ചിത്രത്തിന് രഞ്ജന്‍ പ്രമോദിന്‍റേതാണ് രചന. ജോഷിയും രഞ്ജനും ‘നരന്‍’ എന്ന മെഗാഹിറ്റിന് ശേഷം ഒന്നിക്കുകയാണ്. എം പത്മകുമാറിന് ജി എസ് അനില്‍ തിരക്കഥയൊരുക്കും. ദീപനുവേണ്ടി അനൂപ് മേനോനാണ് എഴുതുന്നത്. വിനോദ് വിജയന്‍ സ്വന്തം രചനയില്‍ ചിത്രമെടുക്കും.

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ പ്രത്യേകത. മാഫിയ ശശി, കനല്‍ കണ്ണന്‍, അനല്‍ അരശ്, ത്യാഗരാജന്‍ എന്നിവരാണ് സിനിമയുടെ ആക്ഷന്‍ കോറിയോഗ്രാഫി തയ്യാറാക്കുന്നത്. എം ജയചന്ദ്രന്‍, രതീഷ് വേഗ, ജാസി ഗിഫ്റ്റ്, ദീപക് ദേവ്, രാഹുല്‍ രാജ് എന്നിവരാണ് സംഗീതം കൈകാര്യം ചെയ്യുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, പൃഥ്വിരാജ് തുടങ്ങിയവര്‍ ഈ സിനിമയില്‍ അഭിനയിക്കുമെന്നാണ് അറിയുന്നത്. സെപ്റ്റംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കത്തക്ക രീതിയില്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഡി കട്ട്‌സ് സിനിമാ കമ്പനിയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ നിര്‍മ്മിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.