ഏഷ്യാ കപ്പിലെ അവസാന ലീഗ് മത്സരത്തില്‍ ദുര്‍ബലരായ ബംഗ്ളാദേശിനോട് ശ്രീലങ്ക അഞ്ചു വിക്കറ്റ് തോല്‍വി വഴങ്ങി. ആദ്യം ബാറ്റു ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 233 റണ്‍സ് വിജയലക്ഷ്യം മഴയെത്തുടര്‍ന്ന് ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 40 ഓവറില്‍ 212 റണ്‍സായി പുനര്‍നിര്‍ണയിച്ചെങ്കിലും 2.5 ഓവറും അഞ്ചു വിക്കറ്റും ബാക്കി നിര്‍ത്തി ബംഗ്ളാ കടുവകള്‍ ആധികാരിക ജയത്തോടെ ഫൈനല്‍ ബര്‍ത്തുറപ്പിച്ചു.
സ്കോര്‍: ശ്രീലങ്ക: 49.5 ഓവറില്‍ 232ന് ഓള്‍ ഔട്ട്, ബംഗ്ളാദേശ്: 37.1ഓവറില്‍ 212/5.
ബംഗ്ളാദേശിന്റെ ജയത്തോടെ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായി. ലീഗ് മത്സരത്തില്‍ ഇന്ത്യയെ അട്ടിമറിച്ചതിന്റെ ആനുകൂല്യത്തിലാണ് ബംഗ്ളാദേശ് ആദ്യമായി ഏഷ്യാ കപ്പിന്റെ ഫൈനലില്‍ ഇടം നേടിയത്.വ്യാഴാഴ്ച നടക്കുന്ന ഫൈനലില്‍ ബംഗ്ളാദേശ് പാക്കിസ്ഥാനെ നേരിടും. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും ജയിക്കാതെയാണ് ശ്രീലങ്ക മടങ്ങുന്നത്. 59 റണ്‍സെടുത്ത തമീം ഇഖ്ബാലും 56 റണ്‍സെടുത്ത ഷക്കീബ് അല്‍ ഹസനും ചേര്‍ന്നാണ് ബംഗ്ളാ ജയത്തിന് അടിത്തറയിട്ടത്.
ശ്രീലങ്ക ഉയര്‍ത്തിയ സമ്മര്‍ദ്ദത്തെ സമര്‍ഥമായി മറികടന്ന നാസിര്‍ ഹൊസൈനും(36 നോട്ടൌട്ട്) മെഹ്മദുള്ളയും(32 നോട്ടൌട്ട്) ബംഗ്ളാ ജയം പൂര്‍ത്തിയാക്കി. ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ പുറത്തായതിനാല്‍ ആവേശം ഒട്ടുമില്ലാതെയാണ് ലങ്കന്‍നിര കളത്തിലിറങ്ങിയത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ ചെയ്ത ലങ്ക 49.5 ഓവറില്‍ 232 റണ്‍സിന് ഓള്‍ ഔട്ടായി.
തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം കപുഗേദര(62), തിരമാനെ(48), ഉപുല്‍ തരംഗ(48) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ലങ്ക ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. ക്യാപ്റ്റന്‍ മഹേള ജയവര്‍ധനെ(5), തിലകരത്നെ ദില്‍ഷന്‍(19), കുമാര്‍ സംഗക്കാര(5) എന്നിവരെ തുടക്കത്തിലേ നഷ്ടമായതോടെ 32/3 എന്ന നിലയില്‍ തകര്‍ന്ന ലങ്കയെ കപുഗേദരയും തിരമാനെയും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല