1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2012

നികുതി രഹിത വരുമാന പരിധി 9,205 പൌണ്ടാകും,പെട്രോള്‍ വില കൂടും – ഓസ്‌ബോണിന്‍റെ ബജറ്റിനു സമ്മിശ്ര പ്രതികരണം

ജോര്‍ജ്‌ ഒസ്ബോണിന്റെ ബഡ്ജറ്റ്‌ പല വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചു എങ്കില്‍ തന്നെയും സാധാരണ ജനങ്ങള്‍ക്ക്‌ അത്താണി ആകും എന്ന് കരുതുന്നവര്‍ ഏറെയാണ്. ഈ ബഡ്ജറ്റിനാല്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആരെയൊക്കെ എങ്ങിനെയൊക്കെ സ്വാധീനിക്കും എന്ന് നോക്കാം

ബജറ്റ് ഗുണകരമാവുന്നത് ആര്‍ക്കൊക്കെ ?

താഴ്ന്ന സമ്പാദ്യക്കാര്‍ക്ക്

ടാക്സ്‌ ഫ്രീ അലവന്‍സ്‌ ആണ് ജോര്‍ജ്‌ ഓസ്ബോണ്‍ പ്രഖ്യാപിച്ച ബഡ്ജറ്റിലെ മുഖ്യ വിഷയം ആയത്. നികുതിരഹിത വരുമാന പരിധി 9205 പൌണ്ട് ആയി ഇത് വര്‍ദ്ധിപ്പിച്ചതു വഴി വര്‍ഷം ഏകദേശം 220 പൌണ്ട് നികുതിയിനത്തില്‍ ലാഭിക്കാം >

ഉയര്‍ന്ന സമ്പാദ്യക്കാര്‍ക്ക്

നികുതിയിളവിന് ഉയര്‍ന്ന സമ്പാദ്യക്കാരും ഇപ്രാവശ്യം അര്‍ഹരാണ്. അമ്പതു ശതമാനം എന്ന നികുതി വെട്ടിക്കുറച്ചു നാല്പത്തഞ്ചു ശതമാനം എന്ന അളവിലാക്കുന്നത് ഉയര്‍ന്ന സമ്പാദ്യക്കാര്‍ക്ക് വന്‍രക്ഷയാകും. അടുത്തവര്‍ഷം ഏപ്രില്‍ മുതലാണ്‌ ഈ നിയമം നിലവില്‍ വരിക.

വാര്‍ഷിക വരുമാനം 60000നു കുറവുള്ള മാതാപിതാക്കള്‍ക്ക്

ഏകദേശം ഏഴു ലക്ഷത്തോളം കുടുംബങ്ങളാണ് ഈ നിയമം മൂലം ആശ്വാസം കണ്ടെത്തുന്നത്. ചൈല്‍ഡ് ബെനഫിറ്റ്‌ ലഭിക്കാനുള്ള വരുമാന പരിധി 60000 പൌണ്ട് ആക്കി.നേരത്തെ ഇതു 42475 പൌണ്ടായിരുന്നു.എന്നാല്‍ 50000 പൌണ്ട് വരെ വരുമാനം ഉള്ളവര്‍ക്ക് മാത്രമേ മുഴുവന്‍ ചൈല്‍ഡ് ബെനഫിറ്റ്‌ ലഭിക്കുകയുള്ളൂ.

മദ്യപര്‍ക്ക്

മദ്യത്തിന് ഇപ്രാവശ്യം വലിയ വിലമാറ്റം ഇല്ല. പക്ഷെ കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഇപ്രാവശ്യം മദ്യത്തിന് വില കുറയും എന്ന് കരുതുകയും വേണ്ട. യുവത്വത്തിനെ മദ്യത്തില്‍ നിന്നും അകറ്റുവാന്‍ വേണ്ട കരുതലുകള്‍ സര്‍ക്കാര്‍ എടുക്കും എന്ന് പറഞ്ഞിരിക്കുകയാണ്. 5-10 ശതമാനം വരെ വില മദ്യത്തിന് അടുത്ത ആഴ്ച്ചമുതല്‍ വര്‍ദ്ധിക്കും.അതുപക്ഷേ ഈ ബജറ്റിലെ തീരുമാനമല്ല.

ചെറുകിട വ്യവസായം

ചെറിയ ബിയര്‍ കച്ചവടം പോലുള്ള വ്യവസായങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ നികുതി കുറയും. മൂന്നു മില്ല്യന്‍ വരെയുള്ള വ്യവസായങ്ങള്‍ക്കാണ് ഈ ആനുകൂല്യം.

ബജറ്റ് ദോഷകരമാവുന്നത് ആര്‍ക്കൊക്കെ ?

ജോര്‍ജ്‌ ഒസ്ബോണിന്റെ ബഡ്ജറ്റ്‌ 2012 സാധാരണക്കാരെ സഹായിക്കുക എന്നതാണ് മുഖമുദ്രയാക്കിയിരിക്കുന്നത് എന്നായിരുന്നു വയ്പ്. എന്നാല്‍ പെന്‍ഷന്‍ പ്രായം കഴിഞ്ഞ അഞ്ചു മില്യനോളം പേര്‍ക്ക് ഏകദേശം 3 മില്ല്യണിന്റെ അമിത നികുതി ഭാരമാണ് ഈ ബഡ്ജറ്റ്‌ നല്‍കുവാന്‍ പോകുന്നത്. 300,000 ജീവനക്കാരെ 40% അധിക നികുതി വിഭാഗത്തിലേക്കും ചേര്‍ത്തിരിക്കുകയാണ് ഓസ്ബോണ്‍. എന്നാല്‍ ഇതിനെക്കുറിച്ച്‌ പ്രത്യേക പരാമര്‍ശം ബഡ്ജറ്റില്‍ ഉണ്ടായിരുന്നില്ല എന്നത് വിമര്‍ശനത്തിന് വഴിവച്ചിട്ടുണ്ട്. ഏകദേശം അഞ്ചു മില്ല്യന്‍ ജനങ്ങളാണ് വര്‍ഷം 260 പൌണ്ട് അധികം നികുതി അടക്കേണ്ടി വരുന്നത്. ഇത് വഴി ഖജനാവിലേക്ക് മൂന്നു ബില്ല്യന്‍ തുക അധികമായി പിരിഞ്ഞു കിട്ടും. പാവങ്ങളെ സഹായിക്കുന്ന റോബിന്‍ഹുഡ് ബഡ്ജറ്റ്‌ എന്ന പേരിലാണ് 2012 ബഡ്ജറ്റ്‌ അറിയപ്പെട്ടിരുന്നത്.

റെക്കോര്‍ഡ്‌ വിലയിലുള്ള ഇന്ധനവില ആഗസ്റ്റില്‍ വീണ്ടും കൂടും .പെട്രോള്‍ വില ഇപ്പോഴേ 143 പെന്‍സോളമാണ്.ഇത് 150 പെന്‍സില്‍ എത്താന്‍ അധികം വൈകില്ലെന്ന് സാരം

സിഗരറ്റ് വില കൂടും.പാക്കറ്റിന് 37 പെന്‍സ് എന്ന നിരക്കില്‍ സിഗരറ്റ് വില കൂടും.മറ്റു യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ സിഗരറ്റ് വില പല മടങ്ങാണ് ബ്രിട്ടണില്‍. അതിനാല്‍ തന്നെ ആ രാജ്യങ്ങളില്‍ നിന്നുള്ള പുകയിലയുടെ കള്ളക്കടത്തിന് ഇത് വഴിയൊരുക്കും. അവിടങ്ങളില്‍ നിന്നുള്ള പുകയില വന്‍തോതില്‍ വാങ്ങി വലിയ വിലക്ക് വില്‍ക്കുകയാണ് ഇവിടെ കമ്പനികള്‍. വന്‍ വില കൂട്ടിയതിനാല്‍ ഇനി നിലവാരം കുറഞ്ഞ സിഗരറ്റിലേക്ക് ജനങ്ങള്‍ മാറുവാന്‍ സാധ്യത ഉണ്ട്. ഇത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുക. സാധാരണ സിഗരറ്റുകളെക്കാള്‍ ഇരട്ടി പ്രശ്നങ്ങളാണ് നിലവാരം കുറഞ്ഞ സിഗരറ്റ് വരുത്തി വയ്ക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.