വിദ്യാ ബാലന്‍ ഇന്ന് ബോളിവുഡിന്‍റെ റാണിയാണ്. ‘ലേഡി ആമിര്‍ഖാന്‍’ എന്നാണ് വിളിപ്പേര്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയതുകൊണ്ട് മാത്രമല്ല ഈ താരപദവി. വിദ്യ നായികയായ സിനിമകള്‍ക്ക് ഇന്ത്യയൊട്ടാകെ ലഭിക്കുന്ന സ്വീകരണമാണ് അവരെ എതിരാളികളില്ലാത്ത താരമാക്കി മാറ്റുന്നത്.
വിദ്യ നായികയായ കഹാനിയുടെ ചാനല്‍ അവകാശം എട്ടുകോടി രൂപയ്ക്ക് വിറ്റുപോയത് അത്ഭുതത്തോടെയാണ് ബോളിവുഡ് കേട്ടത്. ഒരിക്കല്‍ കേരളവും തമിഴ്നാടും തഴഞ്ഞ ഈ നടി ബോളിവുഡിന്‍റെ താരറാണിയാകുമ്പോള്‍ വിദ്യയ്ക്ക് ഇത് മധുരപ്രതികാരം കൂടിയാണ്.
വിദ്യയുടെ ആദ്യസിനിമ മലയാളചിത്രമായ ചക്രമാണ്. ലോഹിതദാസ് തിരക്കഥയെഴുതി കമല്‍ സംവിധാനം ചെയ്ത ആ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാകാതെ ഉപേക്ഷിച്ചു. പിന്നീട് വിദ്യാബാലന്‍ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. മൂന്ന് ദിവസത്തെ ഷൂട്ടിംഗിന് ശേഷം വിദ്യയുടെ മുഖത്ത് ‘ഭാവം വരുന്നില്ല’ എന്ന കാരണം പറഞ്ഞ് അവരെ മാറ്റുകയായിരുന്നു.
ഇപ്പോഴത്തെ റിപ്പോര്‍ട്ട് കണ്ടോ? ‘കഹാനി’ കേരളത്തിലെയും തമിഴ്നാട്ടിലെയും വെറും 23 തിയേറ്ററുകളില്‍ നിന്ന് 10 ദിവസം കൊണ്ട് 92 ലക്ഷം രൂപയാണ് കളക്ട് ചെയ്തത്. ആമിര്‍, ഷാരുഖ്, സല്‍മാന്‍ ചിത്രങ്ങള്‍ക്ക് മാത്രമാണ് ഇതിന് മുമ്പ് ഇത്രയും കളക്ഷന്‍ കേരള – തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് കിട്ടിയിരുന്നത്.
ചെന്നൈയില്‍ വിദ്യാ ബാലന്‍ ചിത്രം തകര്‍ത്തുവാരുകയാണ്. സത്യം സിനിമാസില്‍ 936 സീറ്റുകളുള്ള വലിയ തിയേറ്ററില്‍ രണ്ടാം വാരം ഹൌസ് ഫുള്ളായി പ്രദര്‍ശിപ്പിക്കുകയാണ് കഹാനി.ഇനി പറയൂ, ലേഡി ആമിര്‍ഖാന് ഈ വിജയം ഒരു മധുരപ്രതികാരം കൂടിയല്ലേ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല