സിറിയയ്ക്ക് എതിരേ സമ്മര്‍ദം ശക്തമാക്കി പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന്റെ ഭാര്യ അസ്മയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ യാത്രാവിലക്കും ഉപരോധവും ഏര്‍പ്പെടുത്തി. അസ്മയുടെ യൂറോപ്യന്‍ ബാങ്കുകളിലെ സ്വത്തുക്കള്‍ മരവിപ്പിച്ചു. അസാദിന്റെ മാതാവ് ഉള്‍പ്പെടെ നാലു കുടുംബാംഗങ്ങള്‍ക്കും എട്ടു മന്ത്രിമാര്‍ക്കും എതിരേ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് സിറിയന്‍ കമ്പനികളുമായി ബിസിനസ് നടത്തുന്നതില്‍ നിന്ന് യൂറോപ്യന്‍ കമ്പനികളെ വിലക്കാനും ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമന്ത്രിമാരുടെ യോഗം തീരുമാനിച്ചു.
മുന്‍ ഇന്‍വെസ്റ്മെന്റ് ബാങ്കറായ അസ്മ ജനിച്ചതും വിദ്യാഭ്യാസം നേടിയതും ബ്രിട്ടനിലാണ്. റിട്ടയര്‍ ചെയ്ത സിറിയന്‍ നയതന്ത്ര ഉദ്യോഗസ്ഥയാണ് അസ്മയുടെ മാതാവ്. പിതാവ് കാര്‍ഡിയോളജിസ്റും. ഇരുവരും ലണ്ടനിലെ ആക്ടണിലെ വീട്ടിലാണു താമസിക്കുന്നത്. പ്രസിഡന്റ് അസാദ്(46) ലണ്ടനില്‍ നേത്രചികിത്സാരംഗത്ത് ഉന്നത വിദ്യാഭ്യാസം നടത്തിയിട്ടുണ്ട്. അസാദ് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷമാണ് വിവാഹം നടത്തിയതെങ്കിലും ഇരുവരും തമ്മില്‍ നേരത്തെ പരിചയത്തിലായിരുന്നു. ഈയിടെ ഗാര്‍ഡിയന്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ച ഇ-മെയിലുകള്‍ അസ്മയുടെ പ്രതിച്ഛായയ്ക്ക് ഏറെ മങ്ങലേല്പിച്ചു.
സിറിയന്‍ ജനത നരകിക്കുമ്പോള്‍ വന്‍തുകയ്ക്കുള്ള ആഡംബരവസ്തുക്കള്‍ അസ്മ വാങ്ങിക്കൂട്ടി. ഇതിനിടെ സിറിയന്‍ പ്രതിസന്ധിയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ യുഎന്നിന്റെയും അറബിലീഗിന്റെയും പ്രത്യേക ദൂതന്‍ കോഫിഅന്നന്‍ മോസ്കോയും ബെയ്ജിംഗും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അന്നന്‍ ഇന്ന് മോസ്കോയില്‍ വിദേശകാര്യമന്ത്രി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തുമെന്നാണു കരുതുന്നത്. ബെയ്ജിംഗ് സന്ദര്‍ശനത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല. ഇതേസമയം സിറിയയിലെ വിവിധ നഗരങ്ങളില്‍ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. കഴിഞ്ഞദിവസം നടന്ന അക്രമങ്ങളില്‍ 40 പേരെങ്കിലും കൊല്ലപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല