പ്രഭുദേവയുമായുള്ള പ്രണയം അവസാനിപ്പിച്ച് തന്റെ അഭിനയത്തൊഴിലില്‍ ‘ഫോക്കസ്’ ചെയ്യാന്‍ തീരുമാനം എടുത്ത നയന്‍താര വ്യാഴാഴ്ച തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കടുത്ത നിരാശയില്‍ കഴിയുന്ന തനിക്ക് പല ആരാധനാലയങ്ങളില്‍ പോയിട്ടും കിട്ടാത്ത ശാന്തിയാണ് തിരുപ്പതിയില്‍ നിന്ന് കിട്ടിയതെന്ന് നയന്‍താര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ശ്രീരാമരാജ്യം’ എന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് താനിനി അഭിനയിക്കില്ലെന്നും പ്രഭുദേവയോടൊപ്പം നല്ലൊരു കുടുംബിനിയായി ജീവിക്കാന്‍ പോവുകയാണെന്നും നയന്‍താര പറഞ്ഞത്. എന്നാല്‍ ‘ഹന്‍സിക മൊട്‌വാനി’ എന്ന നോര്‍ത്തിന്ത്യന്‍ നടി നയന്‍താരയുടെ ‘കഞ്ഞിയില്‍ പാറ്റയിട്ടു’ എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇതോടെ വര്‍ദ്ധിതവീര്യത്തോടെ തന്റെ അഭിനയപ്പടയോട്ടം തുടരാന്‍ തീരുമാനം എടുത്തിരിക്കുകയാണ് ഡയാനാ മരിയം കുര്യനെന്ന നയന്‍താര.
ആദ്യപടിയായി അജിത്തിന്റെയും ഗോപീചന്ദിന്റെയും സിനിമകള്‍ക്ക് നയന്‍താര കോള്‍ഷീറ്റ് നല്‍കി. ഇപ്പോഴിതാ ‘കൃഷ്ണം വന്ദേ ജഗദ്ഗുരും’ എന്ന തെലുങ്ക് സിനിമയിലും നയന്‍താര കരാറായിട്ടുണ്ട്. ‘ലീഡര്‍’ എന്ന തെലുങ്ക് സിനിമയിലൂടെ ഹീറോ ആയി അവരോധിക്കപ്പെട്ട ‘റാണാ ദഗ്ഗുബാട്ടി’യാണ് ഇതില്‍ നയന്‍സിന്റെ നായകന്‍. നിരവധി ഡയറക്ടര്‍മാരും നിര്‍മാതാക്കളും നയന്‍താരയുടെ ഡേറ്റിന് വേണ്ടി കാത്തുനില്‍ക്കുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
‘ഹന്‍സിക മൊട്‌വാനി’ വിവാദം ഉണ്ടായതില്‍ പിന്നെ പ്രഭുദേവയുമായി അനുരഞ്ജനത്തില്‍ ഏര്‍പ്പെടാന്‍ നയന്‍താര തയ്യാറായിട്ടില്ല. പ്രഭുദേവയെ സന്തോഷിപ്പിക്കാനായി മതംമാറി ഹിന്ദുവായ നയന്‍താര ഇപ്പോള്‍ കടുത്ത നിരാശയിലാണ്. തന്റെ കയ്യില്‍ പച്ചകുത്തിയിരുന്ന ‘പ്രഭു’ എന്ന പേര് മായ്ക്കാന്‍ കക്ഷി പ്ലാസ്റ്റിക്ക് സര്‍ജറിക്ക് വിധേയയായി എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പ്രണയവിവാദങ്ങളില്‍ നിന്നൊഴിഞ്ഞ് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയന്‍താരയെ തിരുപ്പതി ഭഗവാന്‍ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കാം!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല