നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം. മുന്‍ എം.എല്‍.എ ആര്‍. ശെല്‍വരാജിനെ സ്‌ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ കലാപം. പിറവം ഉപതെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ പശ്‌ചാത്തലത്തില്‍ ഇനി ശെല്‍വരാജിനെ ചുമക്കേണ്ടെന്നാണു കോണ്‍ഗ്രസിലെ ‘എ’ വിഭാഗത്തിന്റെ വാദം. എന്നാല്‍, മണ്ഡലത്തില്‍ നിര്‍ണായകമായ നാടാര്‍ വോട്ടുകള്‍ സമാഹരിക്കാന്‍ ശെല്‍വരാജ് കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായോ യു.ഡി.എഫ്. സ്വതന്ത്രനായോ മത്സരിക്കണം എന്നതാണു വിശാല ഐ ഗ്രൂപ്പിന്റെ നിലപാട്.
ശെല്‍വരാജിനെ ചുമക്കേണ്ടതില്ലെന്നു മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. മുരളീധരന്‍ തുടക്കത്തിലേ തുറന്നടിച്ചതും ശെല്‍വരാജ്‌തന്നെയാകും സ്‌ഥാനാര്‍ഥിയെന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പത്തനംതിട്ടയിലെ പ്രസ്‌താവനയും കോണ്‍ഗ്രസിനെ വെട്ടിലാക്കി. കഴിഞ്ഞതവണ ശെല്‍വരാജിനോടു മത്സരിച്ചു തോറ്റ തമ്പാനൂര്‍ രവിയെ സ്‌ഥാനാര്‍ഥിയാക്കണമെന്ന ആവശ്യമാണു പ്രധാന പരിഗണനയിലുളളത്. എ ഗ്രൂപ്പുകാരനായ തമ്പാനൂര്‍ രവിയെ മത്സരിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും താല്‍പ്പര്യമുണ്ട്.
നിലവിലെ 38 കോണ്‍ഗ്രസ് എം.എല്‍.എ.മാരില്‍ 21 പേരും’എ’ ഗ്രൂപ്പുകാരാണ്. തമ്പാനൂര്‍ രവി കൂടി വിജയിച്ച് ‘എതിര്‍പക്ഷ’ത്തിന്റെ ശക്‌തി കൂട്ടാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ ശെല്‍വരാജിനെ സ്‌ഥാനാര്‍ഥിയാക്കണമെന്നാണ് ‘വിശാല ഐ ഗ്രൂപ്പി’ന്റെ മനസിലിരിപ്പ്. ഇടതുപക്ഷം ഈ മണ്ഡലത്തിലേക്കു പരിഗണിക്കുന്നതു നാടാര്‍ സമുദായത്തില്‍പ്പെട്ടവരെയാണ്. ഇരുഭാഗത്തും നാടാര്‍ സ്‌ഥാനാര്‍ഥികള്‍ വരുന്നത് വോട്ട് ഭിന്നിക്കാനും യു.ഡി.എഫ്. തോല്‍ക്കാനും കാരണമാകുമെന്നു തമ്പാനൂര്‍ രവിയെ പിന്തുണയ്‌ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. സി.പി.എം. നേതാവ് ആന്‍സലന്‍, ഡി.വൈ.എഫ്.ഐ. നേതാവും കേരളാ സര്‍വകലാശാലാ മുന്‍ ചെയര്‍മാനുമായ ബെന്‍ ഡാര്‍വിന്‍ എന്നിവരെയാണ് ഇടതുമുന്നണി പരിഗണിക്കുന്നത്.
ഇടതുപക്ഷത്തുനിന്ന് കാലുമാറിയെത്തിയ സ്‌ഥാനാര്‍ഥിക്കുവേണ്ടി പ്രതിരോധമന്ത്രി എ.കെ.ആന്റണി പ്രചാരണത്തിനെത്തില്ലെന്നും അഭ്യൂഹമുണ്ട്. കോണ്‍ഗ്രസിലെ ‘ക്രൗഡ്‌പുള്ള’റായ ആന്റണി എത്തിയില്ലെങ്കില്‍ യു.ഡി.എഫിനു ക്ഷീണമാകും. എന്‍.എസ്.എസുമായുള്ള അടുത്ത ബന്ധം തമ്പാനൂര്‍ രവിക്കു ഗുണകരമാകുമെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ കരുതുന്നു. വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമാകാന്‍ കഴിയാത്തതിനാല്‍ കെ. മുരളീധരന്‍ ഉമ്മന്‍ചാണ്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്നു. കടുത്ത ഉമ്മന്‍ചാണ്ടിപക്ഷക്കാരനായ തമ്പാനൂര്‍ രവിക്കു വഴിയൊരുക്കാനാണു മുരളീധരന്‍, ശെല്‍വരാജിനെ എതിര്‍ക്കുന്നതെന്നും സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല