ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മുന്നേറാനുള്ള തകര്‍പ്പന്‍ അവസരം ടോട്ടനം ഹോര്‍ട്സ്പര്‍ തുലച്ചു. ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ അവര്‍ കരുത്തരായ ചെല്‍സിയോടു സമനില പാലിച്ചു. ഇരുകൂട്ടര്‍ക്കും ഗോളൊന്നും നേടാനായില്ല. എവേ മത്സരത്തില്‍ മികച്ച അച്ചടക്കത്തോടെ കളിച്ച ടോട്ടനം പല ഘട്ടത്തിലും ചെല്‍സിയെ ഞെട്ടിച്ചു. ഇതോടെ അഞ്ചാം സ്ഥാനത്തുള്ള ചെല്‍സിയേക്കാള്‍ അഞ്ചുപോയിന്റിന്റെ ലീഡ് ലീഗില്‍ നേടാന്‍ ടോട്ടനത്തിനായി.
ആദ്യ മൂന്നു സ്ഥാനക്കാരാണ് ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടുന്നത് എന്നതിനാല്‍ വരും ദിവസങ്ങളില്‍ ടോട്ടനവും ചെല്‍സിയും മൂന്നാം സ്ഥാനത്തുള്ള ആഴ്സണലും തമ്മിലുള്ള പോരാട്ടം മുറുകുമെന്നുറപ്പ്. ഗോളിലേക്ക് ഇരുപതു ഷോട്ടുകള്‍ പായിച്ചെങ്കിലും ഒന്നുപോലും ഗോളാക്കി മാറ്റാന്‍ ടോട്ടനത്തിനായില്ല. എമ്മാനുവേല്‍ അഡബയറും റാഫേല്‍ വാന്‍ ഡെര്‍ വാര്‍ട്ടിനും ലഭിച്ച തുറന്ന രണ്ടു ഗോളവസരങ്ങള്‍ ഇരുവരും പാഴാക്കിയത് അവര്‍ക്കു തിരിച്ചടിയായി.
മറുവശത്താകട്ടെ, മികച്ച ഒരു മുന്നേറ്റംപോലും നടത്താനാകാതെ ചെല്‍സി പതറി. ടോട്ടനത്തിന് 30 മത്സരങ്ങളില്‍നിന്ന് 55 പോയിന്റും ചെല്‍സിക്ക് 30 മത്സരങ്ങളില്‍നിന്ന് 50 പോയിന്റുമുണ്ട്. 29 മത്സരങ്ങളില്‍നിന്ന് 70 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നാമതും അത്രയും മത്സരങ്ങളില്‍നിന്ന് 69 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല