കുടിയേറ്റക്കാര്‍ക്ക് ഡിപ്പന്‍ഡന്റ് വിസ ലഭിക്കാനുള്ള നിയമത്തില്‍ പുതിയ പരിഷ്ക്കാരം വരുത്താനുള്ള നിര്‍ദേശങ്ങളുമായി ഹോം സെക്രട്ടറി തെരേസ മെയ് രംഗത്ത് വന്നു.യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നും വിവാഹം കഴിച്ച് പങ്കാളിയെ കൊണ്ടു വരാനുള്ള വരുമാന പരിധി 2012 ജൂണ്‍ മാസം മുതല്‍ 25700 പൌണ്ടാക്കാന് സര്‍ക്കാര്‍ ആലോചിക്കുന്നു .നിലവിലുള്ള പരിധിയായ 13700 പൌണ്ടില്‍ നിന്നും ഇരട്ടിയോളമാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വര്‍ധന.ഇതോടെ സാധാരണ വരുമാനക്കാര്‍ക്ക് വിവാഹം കഴിച്ച് പങ്കാളിയെ യു കെയിലേക്ക് കൊണ്ടു വരികയെന്നത് അപ്രാപ്യമാകും.
അതോടൊപ്പം കുട്ടികളെ കൊണ്ടു വരാനുള്ള വരുമാന പരിധിയും പുതുക്കിയിട്ടുണ്ട്.പങ്കാളിയ്ക്കും ഒരു കുട്ടിക്കും വിസ ലഭിക്കണമെങ്കില്‍ 37000 പൌണ്ട് വാര്‍ഷിക ശമ്പളം വേണ്ടി വരും.കുട്ടികള്‍ രണ്ടായാല്‍ 49000 പൌണ്ട് ,മൂന്നായാല്‍ 62600 പൌണ്ട് എന്നിങ്ങനെ വരുമാന പരിധി വീണ്ടും ഉയരും.ബ്രിട്ടിഷ് പാസ്പോര്‍ട്ട് അല്ലെങ്കില്‍ പി ആര് ഉള്ളവര്‍ പങ്കാളിയെ കൊണ്ടു വരുമ്പോള്‍ നല്കുന്ന താല്‍ക്കാലിക വിസയുടെ കാലാവധി അഞ്ചു വര്‍ഷമായി ഉയര്‍ത്തും.ഈ പരിഷ്ക്കാരം നടപ്പിലാക്കിയാല്‍ കുടുംബമായി യു കെയില്‍ ജീവിക്കുകയെന്നത് കുടിയേറ്റക്കാര്‍ക്ക് സ്വപ്നമായി അവശേഷിക്കും.
യു കെ പാസ്പോര്‍ട്ട് അല്ലെങ്കില്‍ പി ആര് ഉള്ളവര്‍ ഇന്ത്യ,പാകിസ്താന്,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിവാഹം കഴിച്ച് കുടുംബത്തെ കൊണ്ടു വരുന്നതില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി സര്‍ക്കാരിന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ പരിഷ്ക്കാരം കൊണ്ടു വരുന്നത്.ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നവരും കുറവല്ല.യൂറോപ്പിന് പുറത്ത് നിന്നും അപേക്ഷിക്കുന്ന വിസകളില്‍ ഇരുപതു ശതമാനവുംഡിപ്പന്ഡന്റ് വിസക്കാരാന്. ഇത്തരക്കാര്‍ യു കെയില്‍ വന്നതിനു ശേഷം ജോലി ചെയ്യാതെ ബെനഫിറ്റ് വാങ്ങി ജീവിക്കുന്നുവെന്നത്
രാജ്യത്തിനു സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുവെന്നു ഹോം സെക്രട്ടറി പറയുന്നു.
പുതിയ പരിഷ്ക്കാരം നടപ്പില്‍ വന്നാല്‍ വര്‍ഷം 15000 ഡിപ്പന്‍ഡന്റ് വിസകളുടെ എണ്ണം കുറയ്ക്കാന്‍ ആവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.ഉപ പ്രധാനമന്ത്രി നിക്ക് ക്ലെഗ്ഗിന് അയച്ച കത്തിലാണ് തെരേസ മേയ് ഈ വിവരങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്.ലീക്കായ ഈ കത്തിലെ വിവരങ്ങള്‍ യു കെയിലെ പ്രമുഖ മാധ്യമങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്,ഇതിനെതിരെ മറ്റു പാര്‍ട്ടികളും കുടിയേറ്റക്കാരും എങ്ങിനെ പ്രതികരിക്കും എന്ന് കണ്ടു തന്നെ അറിയണം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല