ഒരു വര്‍ഷത്തോളമായി പാര്‍ട്ടിയെ പ്രതിരോധത്തിലാഴ്ത്തിയ അഞ്ചാം മന്ത്രി സ്ഥാനം സ്വന്തമാക്കാന്‍ പുതുതന്ത്രമൊരുക്കി മുസ്ലിം ലീഗ്. 28നു നടക്കുന്ന യുഡിഎഫ് യോഗത്തില്‍ അന്തിമ തീരുമാനമെടുപ്പിക്കാനായി കര്‍ശന നിലപാടു സ്വീകരിക്കാനാണു പാര്‍ട്ടി തീരുമാനം. അനൂപ് ജേക്കബ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന തിയതി നിശ്ചയിക്കുമ്പോള്‍ മഞ്ഞളാംകുഴി അലിയുടെ കാര്യത്തിലും തീരുമാനം വേണമെന്ന നിലപാടില്‍ നിന്നു പിന്നോട്ടു പോകാനാവില്ലെന്നു ലീഗ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
മുസ്ലിം ലീഗിന്‍റെ അഞ്ചാം മന്ത്രിക്കാര്യം കോണ്‍ഗ്രസില്‍ ഒരു തരത്തിലും ഗൗരവമായ ചര്‍ച്ചക്കു വന്നിട്ടില്ലെന്നും ആവശ്യം മുന്നോട്ടുവച്ചാല്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്നുമുള്ള കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ലീഗ് അണികളിലെന്ന പോലെ നേതൃത്വത്തിനും ഞെട്ടലുണ്ടാക്കി. മുന്നണി നേതൃത്വം ഒളിച്ചുകളി അവസാനിപ്പിക്കുന്നില്ലെങ്കില്‍ ലീഗിന്‍റെ മറ്റു നാലു മന്ത്രിമാരെ പിന്‍വലിക്കണമെന്നു പോലും ആവശ്യപ്പെടുന്നുണ്ട് അണികള്‍. എന്നാല്‍, ലീഗ് നേതൃത്വം നിലപാട് പരസ്യമാക്കിയിട്ടില്ല. ഇപ്പോള്‍ പരസ്യ പ്രസ്താവന നടത്തി വിവാദത്തിനില്ലെന്നും പാര്‍ട്ടിക്കു വ്യക്തമായ നിലപാടുണ്ടെന്നും ആവശ്യമായ ഘട്ടത്തില്‍ പ്രതികരിക്കുമെന്നും നേതൃത്വം വ്യക്തമാക്കുന്നു.
28ലെ മുന്നണി യോഗത്തില്‍ പാര്‍ട്ടിക്കു ഗുണകരമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണു ലീഗ്. മഞ്ഞളാംകുഴി അലിയെ മുസ്ലിം ലീഗിന്‍റെ അഞ്ചാം മന്ത്രിയായി സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഏകദേശം ഒരു വര്‍ഷം മുന്‍പാണു പ്രഖ്യാപിച്ചത്. പല തവണയായി ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനു മുന്‍പായി സത്യപ്രതിജ്ഞ നടക്കുമെന്നും ഒരിക്കല്‍ അനൗദ്യോഗികമായി പറഞ്ഞിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പിനു ശേഷം അനൂപ് ജേക്കബിന്‍റെ സത്യപ്രതിജ്ഞയോടൊപ്പം മഞ്ഞളാംകുഴി അലിയും മന്ത്രിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ലീഗ് നേതൃത്വം.
നിയമസഭാ പബ്ലിക് അണ്ടര്‍ട്ടേക്കിങ്സ് കമ്മിറ്റി ചെയര്‍മാനായിരുന്ന മഞ്ഞളാംകുഴി അലി കഴിഞ്ഞ ദിവസം ഈ സ്ഥാനം രാജിവച്ചിരുന്നു. ലീഗിന്‍റെ പ്രവാസി സംഘടനയുടെ ചുമതല കൂടിയുള്ളതിനാല്‍ ജോലി ഭാരം കാരണമാണു രാജിയെന്നാണു പറഞ്ഞത്. എന്നാല്‍, മന്ത്രിസ്ഥാനം ഏറ്റെടുക്കാനാണു രാജിയെന്നു സൂചനയുണ്ട്. തത്കാലം അനൂപ് ജേക്കബ് സത്യപ്രതിജ്ഞ ചെയ്യട്ടെയെന്നും അഞ്ചാം മന്ത്രിക്കാര്യത്തില്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനു ശേഷം തീരുമാനമെടുക്കാമെന്നുമുള്ള അനൗദ്യോഗിക ചര്‍ച്ച കൊഴുത്തതോടെ ഇതുവരെ മിതമായ സമീപനം സ്വീകരിച്ചിരുന്ന ലീഗ് നേതൃത്വം 28ലെ യോഗത്തില്‍ കൂടുതല്‍ കര്‍ശന നിലപാടു സ്വീകരിക്കുമെന്നാണു സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല