ലയണല്‍ മെസിയെ കടത്തിവെട്ടി ക്രിസ്റ്യാനൊ റൊണാള്‍ഡൊ സ്പാനിഷ് ലീഗില്‍ പുതിയ റിക്കാര്‍ഡ് കുറിച്ചു. ഏറ്റവും വേഗത്തില്‍ 100 ഗോള്‍ നേടുന്ന കളിക്കാരന് എന്ന റിക്കാര്‍ഡ് റയല്‍ സോസിഡാഡിനെതിരേ രണ്ടു ഗോള്‍ നേടിയതിലൂടെ റൊണാള്‍ഡൊ സ്വന്തമാക്കി. മത്സരത്തില്‍ റയല്‍ മാഡ്രിഡ് 5-1 ന് വിജയിച്ചു. ഇതോടെ ലീഗില്‍ കിരീട പോരാട്ടവും റൊ – മെസി ഗോള്‍ വേട്ടയും മുറുകി. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയും മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും തമ്മിലാണ് ഇപ്രാവശ്യവും കിരീടപോരാട്ടം. ഗോള്‍ വേട്ടയില്‍ പോരാടുന്നത് റയലിന്റെ ക്രിസ്റ്യാനൊ റൊണാള്‍ഡൊയും ബാഴ്സലോണയുടെ ലയണല്‍ മെസിയും.
സ്വന്തം മൈതാനത്തു നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് 5-1ന് റയല്‍ സോസിഡാഡിനെയും എതിരാളിയുടെ തട്ടകത്തില്‍ ബാഴ്സലോണ 2-0 ന് മല്ലോര്‍ക്കയെയും കീഴടക്കിയതോടെയാണ് കിരീടപോരാട്ടം ശക്തമായത്. നിലവില്‍ റയല്‍ മാഡ്രിഡ് ബാഴ്സലോണയേക്കാള്‍ ആറു പോയിന്റ് മുന്നിലാണ്. 29 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയ ഇരുവര്‍ക്കും യഥാക്രമം 75 ഉം 69 ഉം പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള വലന്‍സിയയ്ക്ക് 47 പോയിന്റേ ഉള്ളൂ. റയലിനായി ക്രിസ്റ്യാനൊ റൊണാള്‍ഡൊ രണ്ടും ബാഴ്സലോണയ്ക്കായി ലയണല്‍ മെസി ഒരു ഗോളും നേടി.
ഇതോടെ ഗോള്‍ വേട്ടയിലും റയല്‍ – ബാഴ്സലോണ താരങ്ങള്‍ തമ്മില്‍ പോരാട്ടം കടുത്തതായി. ലീഗില്‍ ഇരുവര്‍ക്കും 35 ഗോള്‍ വീതമായി. റൊണാള്‍ഡൊ റിക്കാര്‍ഡ് കുറിച്ചതുകണ്ടുനില്ക്കാന് മെസിയും തയാറായില്ല. ഒരു സീസണില്‍ ഏറ്റവും അധികം ഗോള്‍ നേടുന്ന കളിക്കാരന് എന്ന റിക്കാര്‍ഡിനൊപ്പം മെസിയുമെത്തി. യൂറോപ്പിലെ പ്രമുഖ മത്സരങ്ങളില്നിന്നെല്ലാമായി സീസണില്‍ മെസി 55-ാം ഗോള്‍ നേടിയതോടെയാണിത്. 2002 ല്‍ സ്പോര്‍ട്ടിംഗ് ലിസ്ബണിന്റെ മാരിയൊ ജാര്‍ഡല്‍ 55 ഗോള്‍ ഒരു സീസണില്‍ നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.
കഴിഞ്ഞ ബുധനാഴ്ച നടന്ന മത്സരത്തില്‍ ഗ്രനഡയ്ക്കെതിരേ ഗോള്‍ നേടിയതിലൂടെ ബാഴ്സലോണയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരന് എന്ന റിക്കാര്‍ഡ് മെസി കുറിച്ചിരുന്നു. ഗ്രനഡയെ 5-3 ന് ബാഴ്സലോണ കീഴടക്കിയ മത്സരത്തില്‍ മെസി ഹാട്രിക് സ്വന്തമാക്കി. ബാഴ്സലോണയ്ക്കുവേണ്ടി ചരിത്രത്തില്‍ ഏറ്റവും അധികം ഗോള്‍ നേടിയ സെസ റോഡ്രിഗസ് അല്വരെസിനെയാണ് അന്ന് (1920-1995) മെസി മറികടന്നത്. നേരത്തേ 351 ഒഫീഷ്യല്‍ മത്സരങ്ങളില്‍ നിന്ന് 232 ഗോളുകളായിരുന്നു റോഡ്രിഗസ് ബാഴ്സയ്ക്കുവേണ്ടി നേടിയത്. ഇതിനുള്ള മറുപടിയായി ക്രിസ്റ്യാനൊ റൊണാള്‍ഡോയുടെ വേഗമേറിയ 100 ഗോള്‍ എന്ന നേട്ടം. 1960 ല്‍ റയല്‍ മാഡ്രിഡിന്റെ ഫ്രെങ്ക് പുഷ്കാസ് 105 മത്സരങ്ങളില്‍ നിന്ന് 100 ഗോള്‍ തികച്ചതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. എന്നാല്‍, റയല്‍ സോസിഡാഡിനെതിരേ രണ്ടു ഗോള്‍ നേടിയ റൊണാള്‍ഡൊ 92 മത്സരങ്ങളില്‍ നിന്ന് 101 ഗോളിലെത്തി റിക്കാര്‍ഡു കുറിച്ചു.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പോയിന്റ് പങ്കുവയ്ക്കേണ്ടിവന്നതിന്റെ ക്ഷീണമകറ്റുന്നതായിരുന്നു സ്വന്തം തട്ടകമായ സാന്റിയാഗൊ ബര്‍ണബ്യുവില്‍ റയല്‍ പുറത്തെടുത്ത പ്രകടനം. മലാഗയോട് അവരുടെ മൈതാനത്തുവച്ചും വിയ്യാറയലിനോട് സാന്റിയാഗൊ ബര്ണബ്യുവില്വച്ചും റയല്‍ കഴിഞ്ഞ മത്സരങ്ങളില്‍ സമനില വഴങ്ങിയിരുന്നു. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ അര്‍ജന്റീന താരം ഗോണ്‍സാലൊ ഹിഗ്വിന് റയലിന്റെ അക്കൌണ്ട് തുറന്നു. കരിം ബെന്‍സമയുടെ പാസില്‍ നിന്നായിരുന്നു ഹിഗ്വിന്റെ ഗോള്‍. 31-ാം മിനിറ്റില്‍ റൊണാള്‍ഡൊ റയലിന്റെ ലീഡുയര്‍ത്തി. കക്കയുടെ പാസില്‍ നിന്നായിരുന്നു പോര്‍ച്ചുഗല്‍ താരത്തിന്റെ ഗോള്‍. 40, 49 മിനിറ്റുകളില്‍ കരിം ബെന്‍സമ റയലിനായി ലക്ഷ്യം കണ്ടു. 56-ാം മിനിറ്റില്‍ റൊണാള്‍ഡൊ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 41-ാം മിനിറ്റില്‍ സാബി പ്രീറ്റൊയുടെ വകയായിരുന്നു റയല്‍ സോസിഡാഡിന്റെ ഏക ഗോള്‍.
മല്ലോര്‍ക്കയുടെ മൈതാനത്തിറങ്ങിയ ബാഴ്സലോണ 24-ാം മിനിറ്റില്‍ ലയണല്‍ മെസിയിലൂടെ 1-0 നു മുന്നില്‍കടന്നു. ഫ്രീകിക്കിലൂടെയാണ് മെസി ഗോള്‍ നേടിയത്. 55-ാം മിനിറ്റില്‍ തിയാഗൊ ചുവപ്പകാര്ഡുകണ്ടു പുറത്തായതോടെ ബാഴ്സലോണ പത്തുപേരായി ചുരുങ്ങി. 79-ാം മിനിറ്റില്‍ ജെറാര്‍ഡ് പീക്വെ ബാഴ്സലോണയുടെ ലീഡ് 2-0 ആക്കി. ലീഗിലെ മറ്റൊരു മത്സരത്തില്‍ ഗെറ്റാഫ 3-1 ന് വലന്‍സിയയെ കീഴടക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല