കെ.ബി. ഗണേഷ്കുമാറിനെതിരേ ശക്തമായ നടപടിയെടുക്കാന്‍ ഇന്നു പാര്‍ട്ടി നേതൃയോഗം വിളിച്ച കേരള കോണ്‍ഗ്രസ്-ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ളയ്ക്കു യുഡിഎഫിന്റെ മുന്നറിയിപ്പ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിനു പ്രതിസന്ധിയുണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പിറവം തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ പിള്ള കടുത്ത നടപടികളിലേക്കു നീങ്ങിയതാണെങ്കിലും യുഡിഎഫ് നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ തന്നെ പിള്ള പാര്‍ട്ടി യോഗം വിളിച്ചു. ഗണേഷ് കുമാറിനെതിരായ നടപടികള്‍ക്കാണു യോഗം എന്നു പരസ്യപ്രസ്താവന നടത്തുകയും ചെയ്തിട്ടുണ്ട്.
മമത ബാനര്‍ജി മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ടപ്പോള്‍ അനുവദിച്ച കോണ്‍ഗ്രസിനു കേരളത്തില്‍ മറ്റൊരു നിലപാടെടുക്കാന്‍ കഴിയില്ലെന്നാണു പിള്ളയുടെ വാദം. പാര്‍ട്ടിയാണു മന്ത്രിയെ തീരുമാനിച്ചത്. മുന്നണി വകുപ്പു നല്‍കിയതേയുള്ളൂ. മന്ത്രിയെ വേണ്ടെന്ന നിലപാടു സ്വീകരിച്ചാല്‍ അനുസരിക്കാന്‍ മുന്നണി ബാധ്യസ്ഥമാണെന്നും പിള്ള. ഇക്കാര്യങ്ങള്‍ ഇന്നു ചേരുന്ന നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
പിള്ളയുടെ നിലപാടുകള്‍ അംഗീകരിക്കുന്നവര്‍ മാത്രമാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിലുള്ളത്. മന്ത്രിക്കെതിരേ പാര്‍ട്ടി തീരുമാനമെടുത്താല്‍ പ്രതിസന്ധിയിലാകുക മുന്നണി തന്നെയാകും. പിള്ളയുടെ തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ വിവാദങ്ങള്‍ ഉറപ്പാണ്. അതേസമയം, ഗണേഷ്കുമാറും സമ്മര്‍ദ തന്ത്രം പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ട്. മന്ത്രിസ്ഥാനം രാജി വയ്ക്കില്ലെന്നാണു ഗണേഷ് വ്യക്തമാക്കിയിട്ടുള്ളത്. മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ട സാഹചര്യമുണ്ടായാല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പു കൂടി നേരിടാന്‍ മുന്നണി നേതൃത്വം ഒരുക്കമല്ല. കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും ഗണേഷിന് അനുകൂലമായ നിലപാടും സ്വീകരിക്കുന്നു.പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയാലും മന്ത്രിയായും എംഎല്‍എയായും തുടരാന്‍ ഗണേഷിനു കഴിയും. എന്നാല്‍, വിപ്പ് നല്കുകയാണെങ്കില് മറ്റൊരു പ്രതിസന്ധിയാകും ഉണ്ടാകുക. ഇപ്പോഴത്തെ ചട്ടം അനുസരിച്ചു പാര്‍ട്ടി നേതൃത്വമാണ് വിപ്പ് നല്‍കേണ്ടത്. ഇതംഗീകരിച്ചില്ലെങ്കില്‍ അയോഗ്യത വരെ കല്പ്പിക്കാം.
ഈ സാഹചര്യത്തില്‍, ഇന്നു ചേരുന്ന പാര്‍ട്ടി യോഗത്തില്‍ കടുത്ത തീരുമാനങ്ങളെടുക്കരുതെന്നാണ് നേതാക്കള്‍ പിള്ളയോട് ആവശ്യപ്പെട്ടിട്ടുള്ളത്. മന്ത്രി പാര്‍ട്ടിക്കു വിധേയമായി പ്രവര്ത്തിക്കണമെന്നാവശ്യപ്പെടണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. പിറവം തെരഞ്ഞെടുപ്പു കഴിഞ്ഞ സാഹചര്യത്തില്‍ ഗണേഷുമായി ചര്‍ച്ചയാകാമെന്നും നേതൃത്വം പിള്ളയെ അറിയിച്ചിട്ടുണ്ട്. ഇന്നു രാവിലെ ഗണേഷുമായി യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് ആശയവിനിമയം നടത്തും. ഗണേഷിനെ നേരത്തെ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കിയിരുന്നു. മന്ത്രിയുടെ പരിപാടികള്‍ ബഹിഷ്കരിക്കാനും തീരുമാനിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല