1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2012

ബോളിവുഡില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം വിദ്യാബാലനാണ്. വിദ്യയുടെ ധൈര്യപൂര്‍വമായ ചുവടുവയ്പുകള്‍, വിദ്യ സിനിമ തെരഞ്ഞെടുക്കുന്ന രീതി, വിദ്യയുടെ വരും‌കാല പ്രൊജക്ടുകള്‍ അങ്ങനെ പോകുന്നു ഡിസ്കഷനുള്ള വിഷയങ്ങള്‍. ഏറ്റവും പുതിയ ചിത്രം ‘കഹാനി’ വന്‍ ഹിറ്റായതോടെ ‘ലേഡി ആമിര്‍ഖാന്‍’ എന്ന് വിളിപ്പേരും വീണു വിദ്യയ്ക്ക്. എന്നാല്‍ കഹാനി ഒരു ഹോളിവുഡ് ചിത്രത്തിന്‍റെ കോപ്പിയാണെന്ന ആരോപണമാണ് ബോളിവുഡിനെ ഇപ്പോള്‍ പിടിച്ചുലയ്ക്കുന്നത്. 2004ല്‍ പുറത്തിറങ്ങിയ ‘ടേക്കിംഗ് ലൈവ്സ്’ എന്ന സിനിമയുടെ ക്ലൈമാക്സും കഹാനിയുടെ ക്ലൈമാക്സും തമ്മില്‍ വലിയ സാദൃശ്യമുണ്ടത്രെ.

ഒരു സീരിയല്‍ കില്ലറിന്‍റെ ആക്രമണത്തിന് വിധേയയാകുകയാണ് ‘ടേക്കിംഗ് ലൈവ്സ്’ എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ നായിക ആഞ്ചലീന ജോളി. പൂര്‍ണ ഗര്‍ഭിണിയായ അവളുടെ വയറില്‍ കില്ലര്‍ കത്തി കുത്തിയിറക്കുന്നു. എന്നാല്‍ അവള്‍ക്ക് ഭാവമാറ്റമൊന്നുമില്ലെന്ന് കണ്ട് അയാള്‍ ഞെട്ടുന്നു. അതേ കത്തികൊണ്ട് അയാളെ കൊലപ്പെടുത്തുകയാണ് നായിക. ഗര്‍ഭിണിയുടെ വേഷം കെട്ടി വര്‍ഷങ്ങളായി അയാളെ കൊല്ലാനുള്ള തക്കം പാര്‍ത്തു നടക്കുകയായിരുന്നുവത്രെ അവള്‍!

ഇതുതന്നെയാണ് കഹാനിയുടെ ക്ലൈമാക്സും. കത്തികൊണ്ടല്ല, ഹെയര്‍പിന്‍ കൊണ്ടാണ് വിദ്യയുടെ വയറ്റില്‍ കുത്തുന്നതെന്നുമാത്രം. ഭര്‍ത്താവിന്‍റെ ഘാതകനെ നശിപ്പിക്കാനാണ് വിദ്യ അവതരിപ്പിക്കുന്ന വിദ്യ ബാഗ്ചി എന്ന കഥാപാത്രം ഗര്‍ഭിണിയുടെ വേഷം കെട്ടുന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം കഹാനിയുടെ സംവിധായകന്‍ സുജോയ് ഘോഷ് നിഷേധിക്കുന്നു.

‘നമ്മുടെ രാജ്യത്തെ ജനങ്ങള്‍ സത്യജിത് റേ, യാഷ് ചോപ്ര, മന്‍‌മോഹന്‍ ദേശായി ഇവരെക്കുറിച്ചൊന്നും ബോധവാന്‍‌മാരല്ല. എന്നാല്‍ ഏഴുവര്‍ഷം മുമ്പ് ഏതോ ഒരു രാജ്യത്തിറങ്ങിയ സിനിമയെ അവര്‍ അറിയുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു’ – സുജോയ് ഘോഷ് പരിഹസിക്കുന്നു. ദുര്‍ഗാദേവി ദുഷ്ടശക്തിയെ നിഗ്രഹിക്കുന്നതാണ് കഹാനിയിലെ വിദ്യയുടെ കഥാപാത്രത്തിന് പ്രചോദനമായതെന്നും സുജോയ് ഘോഷ് വ്യക്തമാക്കുന്നു. മലയാളിയായ സുരേഷ് നായരാണ് കഹാനിയുടെ തിരക്കഥാകൃത്ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.