ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡും അവസാന എട്ടിലെ ഏക ഇംഗ്ലിഷ് പ്രതിനിധിയായ ചെല്‍സിയും ആദ്യ പാദ മത്സരങ്ങള്‍ക്കായി കളത്തിലിറങ്ങും. ഇരു ടീമുകള്‍ക്കും എവേ മത്സരം. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 12.15ന് മത്സരങ്ങള്‍ ടെന്‍ സ്പോര്‍ട്സിലും ടെന്‍ ആക്ഷനിലും ലൈവ്.
ഇത്തവണ ചാംപ്യന്‍സ് ലീഗില്‍ അദ്ഭുത ടീമായി മാറിക്കഴിഞ്ഞ സൈപ്രസില്‍ നിന്നുള്ള അപോയല്‍ എഫ്സിയാണ് റയല്‍ മാഡ്രിഡിന്‍റെ ക്വാര്‍ട്ടര്‍ എതിരാളികള്‍. യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പുകളില്‍ അവസാന എട്ടിലെത്തുന്ന ആദ്യ ടീമെന്ന ചരിത്രം കുറിച്ച അപ്പോയലിന്‍റെ ഡ്രീം റണ്‍ റയലിനെ കീഴടക്കി തുടരുമെന്ന് ടീമിന്‍റെ കടുത്ത ആരാധകര്‍ പോലും വിശ്വസിക്കുന്നില്ല. വമ്പ ന്‍ ടീമായ റയല്‍ സ്വന്തം നാട്ടിലെത്തി കളിക്കുന്നതിന്‍റെ ആവേശത്തില്‍ മത്സരത്തിനായി ടിക്കറ്റ് വാങ്ങാനെത്തിയ ആയിരക്കണക്കിന് ആരാധകരാണ് നിരാശരായത്. 23000 മാത്രമാണ് അപ്പോയലിന്‍റെ ഹോം ഗ്രൗണ്ട് കപ്പാസിറ്റി.
ഗ്രീക്ക് ഗോളി ഡയോണിയോസിസ് ചിയോട്ടിസും പ്രതിരോധ നിരയുമാണ് അപ്പോയലിന്‍റെ പ്രധാന ശക്തി. തുടരെ രണ്ട് സമനിലകള്‍ വഴങ്ങിയ ശേഷം 5-1ന് റയല്‍ സോസിഡാഡിനെ കീഴടക്കി ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട് റയല്‍. സാബി അലൊന്‍സൊ ഇല്ലാതെയാകും റയല്‍ ഇറങ്ങുക. ലസാന ദിയാരയ്ക്ക് പരുക്കേറ്റതിനാല്‍ എസ്റ്റെബാന്‍ ഗ്രനെരൊ മിഡ്ഫീല്‍ഡില്‍ സമി ഖദെയ്രയ്ക്കൊപ്പം ഇറങ്ങും.
പ്രിമിയര്‍ ലീഗില്‍ അപ്രതീക്ഷിത തോല്‍വികള്‍ വഴങ്ങി ടോപ് ഫോറില്‍ നിന്ന് പുറത്താ യ ചെല്‍സിക്ക് ഇംഗ്ലിഷ് ഫുട്ബോള്‍ ആരാധകരുടെ പ്രതീക്ഷയാകെ കാക്കണമെന്ന അമിത സമ്മര്‍ദ്ദവുമുണ്ട്. ബെന്‍ഫിക്കയാകട്ടെ പോര്‍ച്ചുഗീസ് ലീഗില്‍ സമനില വഴങ്ങിയാണെത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ മാഞ്ചെസ്റ്റര്‍ യുനൈറ്റഡിനെ പുറത്താക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു ബെന്‍ഫിക്ക. പാബ്ലൊ അയ്മറാകും അവരുടെ പ്രധാന പോരാളി.
ചെല്‍സിയാകട്ടെ മാഞ്ചെസ്റ്റര്‍ സിറ്റിയോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ടോട്ടനം ഹോട്സ്പറിനെ സമനിലയില്‍ കുടുക്കി അവര്‍. ക്വാര്‍ട്ടറില്‍ ജയിച്ചാല്‍ സെമിയില്‍ ബാഴ്സലോണയോ എസി മിലനോ ആകും എതിരാളികള്‍. ക്വാര്‍ട്ടറിന് മുന്‍പ് തുടരെ മൂന്ന് ലീഗ് മത്സരങ്ങള്‍ക്കിറക്കി ചെല്‍സിയുടെ സാധ്യത മങ്ങിപ്പിക്കാന്‍ ഇംഗ്ലിഷ് എഫ്എയും പ്രിമിയര്‍ ലീഗും ശ്രമിക്കുന്നുവെന്ന് ക്ലബ്ബ് അധികൃതര്‍ ആരോപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല