ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ കുടിയേറ്റത്തിന്റെ 150ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ഇന്ന് ഏക ടി20 ക്രിക്കറ്റ് പോരാട്ടത്തില്‍ നേര്‍ക്കുനേര്‍. അടുത്തമാസം ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ അഞ്ചാം സീസണ് ആരംഭിക്കാനിരിക്കെ ടി20 ആവേശത്തിലേക്ക് ക്രിക്കറ്റ് പ്രേമികളെ നയിക്കാന്‍ ഈ മത്സരത്തിനാകുമെന്നാണ് പ്രതീക്ഷ.
എന്നാല്‍, മത്സരം ഇന്നത്തേക്ക് നിശ്ചയിച്ചതിനെച്ചൊല്ലി വിവാദവുമുയര്ന്നിട്ടുണ്ട്. ബംഗ്ലാദേശില്‍ ഏഷ്യ കപ്പില്‍ പങ്കെടുത്ത് ഇന്ത്യന്‍ ടീം നാട്ടിലെത്തിയിട്ട് അധിക ദിവസമായിട്ടില്ല. ന്യൂസിലന്ഡിനെതിരേ ദക്ഷിണാഫ്രിക്കയുടെ ഹോം പരമ്പര അവസാനിച്ചതും ദിവസങ്ങള്‍ക്കു മുന്‍പ്. ഇത്രയും തിരക്കിട്ട അന്താരാഷ്ട്ര ഷെഡ്യൂളിനിടെ ടി20 മത്സരത്തില്‍ പങ്കെടുക്കാനായി മാത്രം ദക്ഷിണാഫ്രിക്ക വരെ യാത്ര ചെയ്യുക, തിരിച്ചെത്തി രണ്ട് മാസത്തോളം നീളുന്ന ഐപിഎല്ലിനിറങ്ങേണ്ടി വരിക എന്ന അവസ്ഥയിലാണ് ഇന്ത്യന്‍ താരങ്ങള്‍.
എന്നാല്‍, തളര്‍ച്ച ഒരു പ്രശ്നമേയാകില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി സൂചിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി തോല്‍വികളില്‍ നിന്ന് തോല്‍വികളിലേക്ക് കൂപ്പുകുത്തുകയാണ് ഇന്ത്യ. അതേസമയം, ന്യൂസിലന്‍ഡിനെ ടി20, ഏകദിന, ടെസ്റ്റ് പരമ്പകളില്‍ കീഴടക്കി മികച്ച ഫോമിലാണ് ദക്ഷിണാഫ്രിക്ക.
എന്നാല്‍, ആ പരമ്പരയിലെ ടി20 മത്സരങ്ങളില്‍ പങ്കെടുത്ത എട്ട് താരങ്ങളെ മാത്രമേ ഇന്ത്യയ്ക്കെതിരേയുള്ള മത്സരത്തിനായി ദക്ഷിണാഫ്രിക്ക ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ജാക്വസ് കാലിസ് ഒഴികെ സീനിയര്‍ താരങ്ങള്‍ ടീമിലില്ല. യൊഹാന്‍ ബോത്തയാണ് ക്യാപ്റ്റന്‍. സഹീര്‍ ഖാനും വീരേന്ദര്‍ സേവാഗും സച്ചിന് ടെന്ഡുല്ക്കറുമൊഴികെ എല്ലാ പ്രമുഖരും ഇന്ത്യന്‍ ടീമിലുണ്ട്. ഓപ്പണറായി റോബിന് ഉത്തപ്പയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല