ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ഫുട്ബോള്‍ പോയിന്‍റ് ടേബിളില്‍ ഒന്നാമതെത്താനുള്ള അവസരം മാഞ്ചെസ്റ്റര്‍ സിറ്റി തുലച്ചു. സണ്ടര്‍ലന്‍ഡിനെതിരേയുള്ള ഹോം മത്സരത്തില്‍ 3-3ന്‍റെ സമനില വഴങ്ങി അവര്‍. ഇതോടെ 31 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സിറ്റിക്ക് 71 പോയിന്‍റ്. ഒന്നാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ യുനൈറ്റഡിന് 73 പോയിന്‍റ്. ഒരു മത്സരം കുറച്ചു കളിച്ച യുനൈറ്റഡ് നാളെ ലീഡ് വര്‍ധിപ്പിക്കാന്‍ ബ്ലാക്ക്ബേണിനെ നേരിടും.
സണ്ടര്‍ലന്‍ഡിനെതിരേ അവസാന നിമിഷത്തിലെ രണ്ട് ഗോളുകളില്‍ സമനില സ്വന്തമാക്കി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു സിറ്റി. 85ാം മിനിറ്റ് വരെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന സണ്ടര്‍ലന്‍ഡ് അട്ടിമറിയിലേക്ക് നീങ്ങുകയാണെന്ന തോന്നലുളവാക്കി. എന്നാല്‍ ഇറ്റാലിയന്‍ സ്ട്രൈക്കര്‍ മരിയൊ ബലൊറ്റെല്ലിയുടെ 85ാം മിനിറ്റിലെ രണ്ടാം ഗോളും മത്സരത്തില്‍ മിന്നിത്തിളങ്ങിയ അലക്സാന്‍ഡര്‍ കൊറലോവിന്‍റെ 86ാം മിനിറ്റ് ഗോളും സിറ്റിക്ക് സമനില സമ്മാനിക്കുകയായിരുന്നു.
സണ്ടര്‍ലന്‍ഡിനായി സെബാസ്റ്റ്യന്‍ ലാര്‍സന്‍ രണ്ട് ഗോളുകള്‍ വലയിലാക്കിയപ്പോള്‍ നിക്കൊളാസ് ബെന്‍ഡ്നര്‍ ഒരു തവണയും ലക്ഷ്യം കണ്ടു. 31, 55 മിനിറ്റുകളിലായിരുന്നു ലാര്‍സന്‍റെ ഗോളുകള്‍. പെനല്‍റ്റിയിലൂടെ ലക്ഷ്യം കണ്ട ബലൊറ്റെല്ലിയാണ് (43) ആദ്യ പകുതിയില്‍ സിറ്റിക്കായി സ്കോര്‍ ചെയ്തത്. ആഴ്സനലിനെ ക്യൂന്‍സ് പാര്‍ക്ക് റെയ്ഞ്ചേഴ്സ് 2-1ന് അട്ടിമറിച്ചു. 58 പോയിന്‍റുള്ള അവര്‍ മൂന്നാമത്. മറ്റ് മത്സരഫലങ്ങള്‍: ആസ്റ്റണ്‍ വില്ല 2 -4 ചെല്‍സി, എവര്‍ട്ടണ്‍ 2 – 0 വെസ്റ്റ് ബ്രോം, ഫുള്‍ഹാം 2-1 നോര്‍വിച്ച്, വീഗന്‍ 2 – 0 സ്റ്റോക്ക്, വൂള്‍വ്സ് 2-3 ബോള്‍ട്ടണ്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല