വൈകിട്ടെന്താ പരിപാടിയെന്ന് ചോദിച്ച നടന് മോഹന്‍ാല്‍ മദ്യത്തിനടിമപ്പെട്ട് അഭിനയജീവിതം അവസാനിപ്പിയ്ക്കുന്നു. ലാലേട്ടന്റെ ആരാധകരുടെ നെഞ്ചുകലക്കുന്ന സ്കൂപ്പുമായി പുറത്തിറങ്ങിയ മാഗസിന്റെ പ്രധാന ഉപദേശകന് സൂപ്പര്‍താരം മമ്മൂട്ടിയും. കേരളത്തില്‍ ഒരു കലാപമുണ്ടാവാന്‍ ഇതുതന്നെ ധാരാളം.
സിനിമാപ്രേമികളെയാകെ വട്ടംചുറ്റിച്ച ഈ വാര്‍ത്ത പുറത്തുവന്നത് ഏപ്രില്‍ ഒന്നിന് പുറത്തിറങ്ങിയ ഫോര്‍വേഡ് മാഗസിന്റെ പുതിയ ലക്കത്തിലാണ്. കേട്ടപാതി കേള്‍ക്കാത്ത പാതി വാര്‍ത്തയ്ക്ക് പിന്നാലെ പരക്കംപാഞ്ഞ സൂപ്പര്‍താരങ്ങളുടെ ആരാധകര്‍ ഉച്ചയോടെയാണ് ആ സത്യം മനസ്സിലാക്കിയത്. തങ്ങളെല്ലാം മണ്ടന്മാരാക്കപ്പെട്ടിരിയ്ക്കുന്നു. അതേ വിഡ്ഢിദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ മാഗസിന്റെ പ്രത്യേക പതിപ്പാണ് ആരാധകരെയും താരങ്ങളെയും ഒന്നാകെ മണ്ടന്മാരാക്കിയത്. സംഭവത്തിന്റെ നിജസ്ഥിതി അറിഞ്ഞിട്ടും മോഹന്‍ലാലിന്റെ ആരാധകരില്‍ പ്രതിഷേധം ആറിത്തണുത്തിട്ടില്ല.
മോഹന്‍ലാലിന്റെ പുതിയ ചിത്രമായ സ്പിരിറ്റിന്റെ കഥയുമായി ബന്ധപ്പെട്ട വിവരമാണിതെന്നും യഥാര്‍ഥ ജീവിതവുമായി ഇതിനു ബന്ധമില്ലെന്നും പറയുന്ന മാഗസിന്റെ യഥാര്‍ഥ ലക്കം ഏപ്രില്‍ രണ്ടിന് പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.
ഏപ്രിള്‍ ഫൂള്‍ സ്പെഷ്യല്‍ പതിപ്പില്‍ ലാല്‍ മദ്യപാന ചികിത്സയ്ക്കായി ബാംഗ്ലൂര്‍ നിംഹാന്‍സ് ആശുപത്രിയിലെത്തിയെന്നാണ് സ്കൂപ്പ. ആശുപത്രിയില്‍ ലാലിനെ ചികിത്സിക്കാനെത്തിയ ബ്രിട്ടിഷ് വിദഗ്ധര്‍ നല്കിയ വിവരമാണിതെന്നും തന്റെ ഭര്‍ത്താവ് മദ്യപാനം മൂലമുള്ള ഗുരുതര പ്രതിസന്ധിയിലാണെന്നു ലാലിന്റെ ഭാര്യ സുചിത്ര പറഞ്ഞെന്നും മാഗസിന് വ്യക്തമാക്കുന്നു.
ഏപ്രില്‍ ഫൂളില്‍ ലാലും മമ്മൂട്ടിയുമൊക്കെ കുരുങ്ങിയെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇതെല്ലാം മോഹന്‍ലാലിന്റെയും സ്പിരിറ്റിന്റെ അണിയറക്കാരുടെയും അറിവോടെയായിരുന്നുവെന്നാണ് സത്യം. ഫോര്‍വേഡ് മാഗസിന് അധികൃതര്‍ ലാലിനെയും സംവിധായകന് രഞ്ജിത്തിനെയും സമീപിച്ച് സ്പിരിറ്റിന്റെ പ്രചാരണത്തിനായി ഇങ്ങനെ ഒരു പദ്ധതി അവതരിപ്പിയ്ക്കുകയായിരുന്നു.
വിഡ്ഢിദിന പതിപ്പിനെക്കുറിച്ച് ഒരു ദിവസത്തേക്കെങ്കിലും പ്രതികരിയ്ക്കില്ലെന്ന് അവര്‍ സമ്മതിച്ചതോടെയാണ് ഈ പരിപാടിയുമായി മാഗസിന് മുന്നോട്ടുപോയത്. നേരത്തെ വിദേശത്ത് പരീക്ഷിച്ച് വിജയിച്ച പ്രില്‍ ഫൂള്‍ മാതൃക ഇവിടെയും പരീക്ഷിയ്ക്കുകയായിരുന്നു. അടുത്തിടെ തുടങ്ങിയ സെലബ്രിറ്റി മാഗസിന് കൂടുതല്‍ പ്രചാരണം നല്കുവാന് കൂടിയായിരുന്നു ഈ തന്ത്രം പയറ്റിയത്.
എന്നാല്‍ ലാലേട്ടന്റെ ആരാധകര്‍ സംഗതി ഗൗരവമായെടുത്തതോടെ ഏപ്രില്‍ ഒന്നാം തീയതി ഇറങ്ങിയ പ്രത്യേക എഡിഷനാണിതെന്നും ഇന്നിറങ്ങുന്ന പുതിയ ലക്കത്തില്‍ ഈ വാര്‍ത്തയെക്കുറിച്ചുള്ള സത്യാവസ്ഥയുണ്ടെന്നും മാഗസിന് അധികൃതര്‍ ഉച്ചയോടെ വിശദീകരിച്ചു.
മാഗസിന് തപാലിലയച്ചപ്പോള് ഏപ്രില്‍ ഫൂള്‍ ദിനത്തിന് മുന്‍പു തന്നെ പലര്‍ക്കും കിട്ടിയതാണു പ്രശ്നത്തിന് ഇടയാക്കിയതെന്നും മാഗസിന് അധികൃതര്‍ ലാലിനു നല്കിയ വിശദീകരണത്തില്‍ പറയുന്നു. ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന രഞ്ജിത്തിന്റെ സ്പിരിറ്റ് എന്ന സിനിമയിലെ കഥാപാത്രം മദ്യത്തിന് അടിമയാണെന്നും ഈ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ് കഥാപാത്രമെന്നു പറയാതെ മാഗസിനില്‍ കൊടുത്തതെന്നും ഇവര്‍ വ്യക്തമാക്കുന്നു.
നാടിന് ഭീഷണി സൃഷ്ടിയ്ക്കുന്ന വ്യാജമദ്യത്തിനെതിരെയുള്ള പോരാട്ടമാണ് സ്പിരിറ്റ് പറയുന്നതെന്ന് മാഗസിന് നല്കിയ അഭിമുഖത്തില്‍ ലാല്‍ പറയുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല