ഗാന്ധിജിയുടെ വട്ടക്കണ്ണടയും ചര്‍ക്കയും അദ്ദേഹം വെടിയേറ്റുവീണ സ്ഥലത്തെ രക്തത്തുള്ളി പുരണ്ട പുല്‍നാമ്പുകളും മണ്ണും തുടങ്ങി ഗാന്ധിജി ഉപയോഗിച്ചിരുന്ന നിവധി വസ്തുക്കള്‍ ലേലത്തിന്. ഈ മാസം 17ന് ഷ്രോപ്ഷെറില് ഇവ ലേലം ചെയ്യുമെന്നാണു സൂചന. ഗാന്ധിജിയുടെ കരസ്പര്‍ശമേറ്റ കണ്ണടയ്ക്കും ചര്‍ക്കയ്ക്കും അദ്ദേഹത്തിന്റെ രക്തത്തുള്ളികള്‍ വീണ മണ്‍തരികള്‍ക്കും പുല്‍നാമ്പുകള്‍ക്കും ലേലത്തില്‍ ഒരുലക്ഷം പൗണ്ട് വില ലഭിക്കുമെന്നാണ് സംഘാടകരായ മുള്ളോക്ക്സിന്റെ പ്രതീക്ഷ.
ലേലത്തിനു വച്ചിരിക്കുന്നവയില്‍ ഏറ്റവും മൂല്യമേറിയത് ഗാന്ധിജിയുടെ സ്മരണകളുറങ്ങുന്ന വസ്തുക്കള്‍തന്നെയാണ്. 10000-15000 പൗണ്ടാണ് ഓരോ വസ്തുവിന്റെയും ആരംഭവില. 1948 ജനുവരി 30 നു ഡല്‍ഹിയിലെ ബിര്‍ളാ ഹൗസിനു മുമ്പില്‍ ഗാന്ധിജി വെടിയേറ്റു വീണസ്ഥലത്തുനിന്ന് പി.പി. നമ്പ്യാര്‍ എന്നയാള്‍ ശേഖരിച്ച് സൂക്ഷിച്ചതാണെന്ന് മണ്‍തരികളും പുല്‍നാമ്പുകളും അടങ്ങുന്ന ചെപ്പിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. അത്യപൂര്‍വ നിധിയായി സ്വകാര്യ ശേഖരത്തില്‍ സൂക്ഷിച്ചിരുന്ന ഇവ നമ്പ്യാര്‍ അയച്ചുതന്നതാണെന്ന് മുള്ളോക്ക് വ്യക്തമാക്കി.
ഗാന്ധിജി വധിക്കപ്പെട്ട വിവരമറിഞ്ഞ് ബിര്‍ളാ ഹൗസിലെത്തിയെന്നും പരിശോധയില്‍ പുല്‍നാമ്പില്‍ ഉണങ്ങി പറ്റിപ്പിടിച്ചിരിക്കുന്ന ഒരു തുള്ളി രക്തം കണ്ടെത്തിയെന്നും നമ്പ്യാരുടെ കുറിപ്പില്‍ പറയുന്നു. രക്തം വീണ പുല്‍നാമ്പും അതിനു ചുറ്റിലെ ഒരുപിടി മണ്ണും വാരിയെടുത്ത് ഒരു ഹിന്ദിപത്രത്തിന്റെ കീറില് പൊതിഞ്ഞ് സൂക്ഷിച്ചു. പിന്നീടാണു തടിയുടെ ചെപ്പിലേക്കു മാറ്റിയതെന്നും നമ്പ്യാരുടെ കുറിപ്പിലുണ്ട്. 1890കളില്‍ ഗാന്ധി ലണ്ടനില്‍ നിയമം പഠിക്കാനെത്തിയപ്പോള്‍ വാങ്ങിയ വട്ടക്കണ്ണടയാണ് ഇപ്പോള്‍ ലേലത്തിനു വച്ചിരിക്കുന്നത്. ഗാന്ധിജിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍, അദ്ദേഹത്തിന്റെ കത്തുകള്‍, പ്രാര്‍ഥനാ പുസ്തകം തുടങ്ങിയവയും ലേലത്തിനു വച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല