അനന്തന്റെയും ഭദ്രയുടെയും ദിഗംബരന്റെയും ചെമ്പന്റെയും ഭാമയുടെയുമൊക്കെ കഥ മലയാളികള്‍ ഉള്‍ക്കിടിലത്തോടെയാണ് കണ്ടത്. ശിവപുരം എന്ന നാടിന്റെ ഭയവിഹ്വലതകള്‍ പ്രേക്ഷകര്‍ സ്വീകരിച്ചപ്പോള്‍ ‘അനന്തഭദ്രം’ എന്ന സിനിമ സൂപ്പര്‍ഹിറ്റായി മാറി. സന്തോഷ് ശിവന് സംവിധാനം ചെയ്ത ചിത്രത്തില്‍ അനന്തനും ഭദ്രയുമായി മാറിയത് പൃഥ്വിരാജും കാവ്യാമാധവനുമായിരുന്നു. ദിഗംബരന് എന്ന സൂപ്പര്‍ കഥാപാത്രത്തെ മനോജ് കെ ജയന് അനശ്വരമാക്കി.
സുനില്‍ പരമേശ്വരന് രചിച്ച നോവലായിരുന്നു അനന്തഭദ്രം. ഈ നോവലിന്റെ വിഷ്വല്‍ സാധ്യതകള്‍ മനസിലാക്കിയാണ് സന്തോഷ് ശിവന് ഇത് സിനിമയാക്കിയത്. പുതിയ വാര്‍ത്ത, അനന്തഭദ്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു എന്നാണ്. ‘ഭദ്രാസനം’ എന്നാണ് സിനിമയുടെ പേര്.
സുനില്‍ പരമേശ്വരന്റെ തന്നെ ‘ഭദ്രാസനം’ എന്ന നോവലാണ് അനന്തഭദ്രത്തിന്റെ രണ്ടാം ഭാഗമായി മാറുന്നത്. പ്രശസ്ത പരസ്യചിത്രകാരനായ ജബ്ബാര്‍ കല്ലറയ്ക്കലാണ് ഭദ്രാസനം സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യയിലെ പ്രമുഖനായ എഡിറ്റര്‍ ആന്റണിയാണ് ചിത്രസംയോജനം.
സജിത് കുമാര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. താരനിര്‍ണയം നടന്നുവരികയാണ്. പൃഥ്വിരാജ് ഈ സിനിമയുടെ ഭാഗമാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മനോജ് കെ ജയന് അഭിനയിച്ചേക്കുമെന്ന് സൂചനയുണ്ട്. എന്തായാലും അനന്തഭദ്രം പോലെതന്നെ ഒരു വിഷ്വല്‍ ട്രീറ്റായിരിക്കും ഭദ്രാസനം എന്ന കാര്യത്തില്‍ മാത്രം സംശയമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല