കൊച്ചിയെ ക്രിക്കറ്റിന്റെ അണമുറിയാത്ത ആവേശക്കാഴ്ചകളിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ വീണ്ടുമൊരു അന്താരാഷ്ട്ര മല്‍സരം കൂടി വിരുന്നെത്തുന്നു. ലോകക്രിക്കറ്റിലെ വമ്പന്‍മാരായ ഇംഗ്ളണ്ടാണ് ഡിസംബറില്‍ കൊച്ചിയില്‍ ക്രിക്കറ്റ് ആവേശം നിറയ്ക്കാന്‍ എത്തുന്നത്. എട്ടാമത്തെ ഏകദിന മല്‍സരമാകും കലൂര്‍ ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുക.
കൊച്ചിയെ മത്സര വേദിയാക്കാന്‍ ബിസിസിഐ ഫിക്സ്ചര്‍ കമ്മിറ്റി അംഗീകാരം നല്‍കി. ഈ വര്‍ഷം നവംബറിലാണ് ഇംഗ്ളണ്ടിന്റെ ഇന്ത്യാ പര്യടനം. നാലു ടെസ്റും ഏഴ് ഏകദിനങ്ങളും ഒരു ട്വന്റി-20 മത്സരവുമാണ് പരമ്പരയിലുള്ളത്. മത്സര തീയതി പിന്നീട് പ്രഖ്യാപിക്കും.1988 ഏപ്രില്‍ ഒന്നിന് കൊച്ചിയെ ആദ്യമായി ആവേശത്തിന്റെ റണ്‍മല കയറ്റിയ മല്‍സരത്തില്‍ ഇന്ത്യയെ നേരിടാനെത്തിയത് സ്റീവ് വോയുടെ നായകത്വത്തില്‍ ഓസ്ട്രേലിയയായിരുന്നു.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദീന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ ഇന്ത്യന്‍ തീരുമാനം പിഴയ്ക്കുന്ന കാഴ്ചയാണ് തുടക്കത്തില്‍ കാണാന്‍ സാധിച്ചത്. 19 റണ്‍സെടുക്കുന്നതിനിടെ സച്ചിനെയും നവജ്യോത് സിംഗ് സിദ്ദുവിനെയും ഇന്ത്യക്കു നഷ്ടമായി. പിന്നീട് വിനോദ് കാംബ്ളി പതിയെ ബാറ്റിംഗ് നിയന്ത്രണം ഏറ്റെടുത്തെങ്കിലും 80 ല്‍ കാംബ്ളിയെ വിക്കറ്റിന് മുന്നില്‍ കുരുക്കി മൈക്കിള്‍ കാസ്പ്രോവിച്ച് ആതിഥേയരെ വീണ്ടും ഞെട്ടിച്ചു. എന്നാല്‍ നായകന്റെ കളി കെട്ടഴിച്ച മുഹമ്മദ് അസ്ഹറുദീനും (82) ഉപനായകന്‍ അജയ് ജഡേജയും (102) ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയെ അഞ്ചുവിക്കറ്റിന് 309 എന്ന കൂറ്റന്‍ സ്കോറിലെത്തിച്ചു.
ഇന്ത്യന്‍ സ്കോറിനു മറുപടി പറയാനിറങ്ങിയ ലോകത്തെ മികച്ച ഏകദിന ജോഡികളിലൊന്നായ മാര്‍ക് വോ- ആദം ഗില്‍ക്രിസ്റ്റ് കൂട്ടുകെട്ട് ആദ്യവിക്കറ്റില്‍ 11.2 ഓവറില്‍ 102 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ പിന്നീട് സച്ചിന്റെ മാന്ത്രിക ബൌളിംഗിനു മുന്നില്‍ കങ്കാരുക്കള്‍ തകരുന്ന കാഴ്ചയാണു കണ്ടത്. മാസ്റര്‍ ബ്ളാസ്റര്‍ അഞ്ചുവിക്കറ്റോടെ കരിയറിലെ മികച്ച ബൌളിംഗ് പ്രകടനം നടത്തിയ മല്‍സരത്തില്‍ ഇന്ത്യ ഓസീസിനെ കീഴടക്കി.
ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. ഇതിനുശേഷം ആറ് ഏകദിനങ്ങള്‍ക്കുകൂടി കൊച്ചി വേദിയായി. നാലെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ സിംബാബ്വെയോടും ഓസീസിനോടും തോല്‍വിയേറ്റു വാങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. 2010 ഒക്ടോബറില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് കൊച്ചി അവസാനമായൊരു അന്താരാഷ്ട്ര മല്‍സരത്തിന് വേദിയായത്. അന്നു പക്ഷെ മഴദൈവങ്ങള്‍ കൊച്ചിയുടെ ആകാശത്ത് താണ്ഡവമാടിയപ്പോള്‍ ഒരു പന്തുപോലും എറിയാന്‍ സാധിച്ചില്ല.
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമൊരു ക്രിക്കറ്റ് മാമാങ്കം കൊച്ചിയില്‍ വിരുന്നെത്തുമ്പോള്‍ കുറെയെറേ പ്രത്യേകതകള്‍ ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയം കാത്തുവയ്ക്കുന്നുണ്ട്. ആദ്യ പകല്‍-രാത്രി അന്താരാഷ്ട്ര മല്‍സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുക. അതിനൊപ്പം വെയിലിന്റെ ശല്യമില്ലാതെ മേല്‍ക്കൂരയ്ക്കു താഴെയിരുന്നു കളി കാണാനുള്ള അവസരവും .
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊച്ചിന്‍ ടസ്കേഴ്സിന്റെ അഞ്ച് ട്വന്റി -20 ഹോംമാച്ചുകള്‍ക്കും കൊച്ചി വേദിയായി. എന്നാല്‍ കാണികള്‍ കൈവിട്ട ഐപിഎലിലെ മല്‍സരങ്ങള്‍ക്ക് സ്റേഡിയത്തിന്റെ കാല്‍ഭാഗം പോലും നിറയ്ക്കാന്‍ കഴിഞ്ഞില്ല. വിവാദങ്ങള്‍ കൊണ്ട് സമ്പന്നമായി മാറിയ സീസണ്‍ അവസാനിച്ചത് കൊച്ചിയുടെ ഹോം ടീമെന്ന സ്വപ്നം പിഴുതെറിഞ്ഞുകൊണ്ടാണ്. സ്റ്റേഡിയത്തിന്റെ മുഖ്യ ആവശ്യങ്ങളിലൊന്നായിരുന്ന ഫ്ളഡ് ലൈറ്റുകള്‍ക്കു കീഴെ ആദ്യമായി ക്രിക്കറ്റ് മല്‍സരം അരങ്ങേറിയതും കഴിഞ്ഞ ഐപിഎല്‍ സീസണിലാണ്. ഏതായാലും കൊച്ചി കാത്തിരിക്കുകയാണ് നെഞ്ചടിപ്പ് കൂട്ടുന്ന മറ്റൊരു ആവേശപ്പോരാട്ടത്തിനായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല