രാവിലെ ചായക്കൊപ്പം പത്രംവും കട്ടന്‍ചായയും ശീലമാക്കിയവരാണ് മലയാളികള്‍ എന്നാണ് പൊതുവെയുളള വെപ്പ്. പലര്‍ക്കും ടോയിലറ്റില്‍ പോകണമെങ്കില്‍ പോലും ഇതുരണ്ടും കൂടിയേ തീരൂ, അര ഡസനിലേറെ ന്യൂസ് ചാനലുകളുടെ മല്‍സരം മൂര്ധന്യത്തിലെത്തുമ്പോഴും മലയാളി ഈ ശീലം കൈവിട്ടിട്ടില്ല. ഉപഭോക്താവിന്റെ ഈ ആഗ്രഹം നിവര്‍ത്തിക്കാന്‍ വീടുകളില്‍ അതിരാവിലെ തന്നെ പത്രം എത്തിച്ചുകൊടുക്കാന്‍ പത്ര ഏജന്റുമാരും വിതരണക്കാരും ജാഗ്രത പുലര്‍ത്താറുമുണ്ട്. മഴയും മഞ്ഞും വെയിലും കാറ്റും വകവെക്കാതെയാണ് അവര്‍ ഈ സേവനം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ ഏജന്റുമാര്‍ മാര്‍ച്ച് 20 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ പത്രങ്ങളുടെ വിതരണം മുടങ്ങിയിരിക്കുകയാണ്. മെട്രോ വാര്‍ത്ത, മംഗളം, മാധ്യമം, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ പത്രങ്ങള്‍ ഇതിനകം അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു. ദേശാഭിമാനി, ചന്ദ്രിക, വീക്ഷണം, ജനയുഗം തുടങ്ങിയ വിവിധ പാര്‍ട്ടി മുഖപത്രങ്ങളെ സമരക്കാര്‍ നേരത്തെ ഒഴിവാക്കിയിരുന്നു. കേരളത്തിലെ ഏറ്റവും ലാഭത്തിലോടുന്ന പത്രങ്ങളായ മലയാള മനോരമ, മാതൃഭൂമി എന്നിവയാണ് സമരത്തിനെതിരെ പൂര്‍ണമായും പുറം തിരിഞ്ഞു നില്ക്കുന്നതും അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും.
ഈ മുഖ്യധാരാ പത്രങ്ങളെ സുഖിപ്പിക്കാന്‍ കിട്ടിയ ചാന്‍സ് മുതലാക്കാമെന്ന ചിന്തയില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളും ചില മതസംഘടനകളും പ്രസ്താവന മാത്രം തിന്നു ജീവിക്കുന്ന ചില സാമൂഹിക സംഘടനകളും വ്യാപാരി വ്യവസായികള്‍, സിനിമാക്കാര്, ചില സ്ഥിരം പ്രതികരണ വിദഗ്ദര്‍ തുടങ്ങിയവരും ചില സംസ്ഥാന, കേന്ദ്ര മന്ത്രിമാരും സമരത്തിനെതിരെ രംഗത്തുണ്ടെങ്കിലും അതൊന്നും സമരത്തെ കാര്യമായി ബാധിച്ചിട്ടില്ല. പത്രമുതലാളിമാര്‍ സമരത്തെ നേരിട്ട രീതി രസകരമായിരുന്നു. ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുന്നു എന്നായിരുന്നു നേരത്തെ പത്രമുടമകളുടെ സംഘടനയായ ഐ.എന്‍.എസിന്റെ ആരോപണം.
ഇനി അറിയാനുള്ള ആവശ്യത്തിന്റെ നിഷേധം ആണെന്ന് തന്നെയിരിക്കെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം വ്യാപിച്ച നേഴ്സിംഗ് സമരങ്ങളും വായനക്കാര്‍ക്ക് അറിയാനുള്ള അവകാശം ഉണ്ടായിരുന്നു എന്നിട്ടും ഇപ്പറഞ്ഞ മുഖ്യധാര പത്രങ്ങള്‍ ആ ആവശ്യം നിറവേറ്റിയോ? അതൊന്നും ഏശുന്നില്ലെന്നും പത്ര വരുമാനത്തെ സമരം കാര്യമായി ബാധിച്ചുവെന്നും മനസ്സിലായപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് മുതല്‍ ക്രിസ്ത്യന്‍ യുവജന സംഘടനകളെ വരെ രംഗത്തിറക്കിയത്. ക്യാമറക്കു മുന്നില്‍ മാത്രം പത്ര വിതരണത്തിന് താല്‍പ്പര്യം കാട്ടുന്നവരെ പിറ്റേന്ന് ഇപ്പണിക്ക് കിട്ടാതായതോടെ ആ വഴിയും അടയുകയാണ്.
ഇനി എന്തുകൊണ്ട് വിതരണക്കാര്‍ക്ക് ആവശ്യത്തിന് പണം നല്കികൂടാ എന്ന് നോക്കാം, പത്രങ്ങളില്‍ പരസ്യങ്ങള്‍ വര്‍ധിക്കുന്നതും വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ എഡിഷനുകള്‍ കൂടുന്നതും മറ്റ് പ്രസിദ്ധീകരണങ്ങളിലേക്കും ചാനലുകളിലേക്കും എഫ്എം റേഡിയോയിലേക്കും വളരുന്നതും വളരുന്നതും നാം ദിവസവും കാണുകയാണ്. എന്നിട്ടും പത്ര പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും വേജ്ബോര്‍ഡ് അനുസരിച്ചും അല്ലാതെയും വേതനവും വര്‍ധിക്കുന്നുണ്ടെങ്കിലും ഏജന്റുമാരുടെ കമ്മീഷനിലോ വിതരണക്കാരുടെ വേതനത്തിലോ കാര്യമായ വ്യത്യാസം ഉണ്ടാകുന്നില്ല എന്നത് വസ്തുത മാത്രം.
ഇതിനിടയില്‍ കൊച്ചിയില്‍ രസകരമായ മറ്റൊരു സംഭവം നടക്കുകയുണ്ടായി. സിനിമാ താരങ്ങളാണ് ‘അറിയാനുള്ള അവകാശ’ത്തിനു വേണ്ടി ഇറങ്ങിക്കളഞ്ഞത്. ബാബുരാജും ലക്ഷ്മി ഗോപാലസ്വാമിയുമടക്കമുള്ളവര് മനോരമയും മാതൃഭൂമിയും വിതരണം ചെയ്യാനിറങ്ങിയ രംഗം അടുത്ത കാലത്തു കണ്ട ഏറ്റവും വലിയ തമാശകളില്‍ ഒന്നായിരുന്നു. കേരളത്തിലെ ഒരു ജനകീയ പ്രശ്നത്തിലും മുന്നിട്ടിറങ്ങാത്തവരാണ് പത്രവുമായി ഇറങ്ങിയത്. ക്യാമറക്കു മുന്നിലെങ്കിലും പത്ര വിതരണം നടത്തിയത്. എന്തായിരിക്കും അതിനുള്ള പ്രചോദനമെന്ന് സുവ്യക്തമാണ്. ഈ പത്ര മുതലാളിമാര്‍ വിചാരിച്ചാല്‍ മാത്രമേ തങ്ങള്‍ക്ക് താരങ്ങളായി നിലനില്‍ക്കാനാവു എന്നും അവര്‍ക്കു വേണ്ടി എന്ത് വിടുപണിയും ചെയ്യുന്നത് ഗുണകരമായിരിക്കുമെന്ന വെറും വിശ്വാസം.
എന്നാല്‍, അവര്‍ അറിയേണ്ടത്, ഈ വ്യവസായം നിലനിര്‍ത്തുന്നത് ഇക്കാണുന്ന പത്രങ്ങളും മുതലാളിമാരും ഒന്നുമല്ല എന്നതാണ്. അത് സാധാരണ മനുഷ്യരാണ്. വെറും കാഴ്ചക്കാര്‍. പത്ര ഏജന്റുമാര്‍ അടങ്ങുന്നവര്‍. കൊട്ടകകളില്‍ ക്യൂ നിന്ന് ഓരോ സിനിമയും വിജയമാക്കുന്നത് അവരാണ്. സിനിമ എന്ന വ്യവസായത്തെ നിലനിര്‍ത്തുന്നതും. മുത്തശãി പത്രങ്ങളില്‍ നെടുനീളത്തില്‍ ചിത്രങ്ങളും സചിത്ര ഫീച്ചറുകളും വന്നാല്‍ മാത്രം ആരും താരമാവില്ലെന്നും ഇവന്മാരുടെ സിനിമ കാണേണ്ടെന്ന് ഈ മനുഷ്യര്‍ ഒരു നാള് തീരുമാനിച്ചാല്‍ ഇല്ലാതാവുന്നതേ ഉള്ളൂ ഈ താരപദവി എന്നുമാണ് ഇവര്‍ തിരിച്ചറിയേണ്ടത്.
സമരം ചെയ്യുന്ന തൊഴിലാളികളുമായി ഒരു ചര്‍ച്ചക്കു പോലും തയ്യാറാവാതെ ധാര്‍ഷ്ട്യം തുടരുന്ന പത്ര മുതലാളിമാര്‍ക്ക് വേണ്ടിയുള്ള ഇവരുടെ വക്കാലത്ത് സാധാരണ മനുഷ്യര്‍ കണ്ടു നില്‍ക്കുന്നുണ്ട്. എല്ലാവരെയും എല്ലാ കാലത്തും വഞ്ചിക്കാനാവില്ലെന്ന് പത്രമുതലാളിമാരും താരങ്ങളും തിരിച്ചറിയുന്നത് നന്നായിരിക്കും. ഇനി അതിരാവിലെ മഞ്ഞിലും മഴയിലും പത്രം വീടുകള്‍ തോറും കൊണ്ടിടാന്‍ ഈ താരങ്ങളെ കിട്ടുമോ? ഇല്ല, ഒരുത്തനും വരില്ല.
പിന്നെ മറ്റൊരു കാര്യം നാല് രൂപയില്‍ താഴെ മാത്രം വിലയുള്ള പത്രങ്ങള്‍ ഏജന്റുമാര്‍ക്ക് കൂടുതല്‍ തുക നല്കിയാല് പത്രത്തിന്റെ വിലയും വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും പത്ര മുതലാളിമാര്‍ പറയുന്നു, അല്ല ഒരു സംശയം പത്രത്തിന് വായനക്കാരനില്‍ നിന്നും ലഭിക്കുന്ന വിലയിലാണ് അവര്‍ പത്രം നടത്തുന്നത്? ഒരിക്കലുമല്ല. പരസ്യങ്ങള്‍ തന്നെയാണു പത്രത്തെ തനഗി നിര്‍ത്തുന്നത്. ഇനിയും പത്രയുടമകള്‍ കടും പിടുത്തം തുടരുകയാണെങ്കില്‍ പരസ്യക്കാര് അവരുടെ പാട്ടിന് പോകും, പിന്നെ പറയേണ്ടല്ലോ പത്രം പൂട്ടി വീട്ടില്‍ ഇരിക്കേണ്ടി വരും. എന്തായാലും വാര്‍ത്തകള്‍ വളച്ചൊടിക്കാന്‍ മാത്രമല്ല ചിന്തിക്കാനും കഴിവുണ്ടെങ്കില്‍ ചിന്തിക്കൂ പത്ര മുതലാളിമാരെ, ചിന്തിക്കൂ…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല