1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2012

മലയാള സാഹിത്യത്തിലെ ഇതിഹാസകാവ്യം രണ്ടാമൂഴം അഭ്രപാളിയിലേക്കെത്തുന്നുവെന്നത് വന്‍ വാര്‍ത്തയായിരുന്നു. എം ടിയുടെ തിരക്കഥയില്‍ മോഹന്‍‌ലാലിനെ നായകനാക്കി ഹരിഹരന്‍ രണ്ടാമൂഴം വെള്ളിത്തിരയില്‍ ഒരുക്കുന്നുവെന്ന വാര്‍ത്ത സിനിമാസ്വാദകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. എം ടിയുടെ തിരക്കഥയിലെ ഭീമനാകുന്നത് തന്റെ പുണ്യമാണെന്നായിരുന്നു മോഹന്‍‌ലാല്‍ പ്രതികരിച്ചത്. എന്നാല്‍ ഭീമന്റെ വേഷത്തില്‍ വെള്ളിത്തിരയില്‍ എത്താന്‍ മോഹന്‍‌ലാലിന് ഉടന്‍ ആകില്ല. രണ്ടാമൂഴം ഹരിഹരന്‍ തല്‍ക്കാലം ഉപേക്ഷിച്ചേക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്.

രണ്ടാമൂഴത്തിന്റെ തിരക്കഥ ഒരുക്കാന്‍ ആളില്ലാത്തതിനാലാണ് ഹരിഹരന്‍ തല്‍ക്കാലം ഈ ഇതിഹാസ സിനിമയില്‍ നിന്ന് പിന്‍‌മാറുന്നത്. എം ടിയുടെ തന്നെ തിരക്കഥയില്‍ രണ്ടാമൂഴം സിനിമയാക്കുക എന്നായിരുന്നു ഹരിഹരന്റെ ആഗ്രഹം. രണ്ടാമൂഴം എത്രയും പെട്ടെന്ന്‌ സിനിമയായിക്കാണാന്‍ എം ടി ക്ക്‌ ആഗ്രഹമുണ്ടായിരുന്നത്രേ. എന്നാല്‍ പ്രായത്തിന്റെ ആരോഗ്യ പ്രശ്നങ്ങളുള്ള എം ടിയോട് രണ്ടാമൂഴത്തിന്റെ തിരക്കഥ എഴുത്തിത്തരണമെന്ന് നിര്‍ബന്ധിച്ച് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഹരിഹരന്‍. ഈ സാഹചര്യത്തിലാണ്, കവിയായ കെ ജയകുമാര്‍ ഐ എ എസിനോട് രണ്ടാമൂഴത്തിന്റെ തിരക്കഥയെഴുതാന്‍ ഹരിഹരന്‍ ആവശ്യപ്പെട്ടത്. എം ടിക്കും ഇതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല.

ജയകുമാറിന്റെ തിരക്കഥയില്‍ ചിത്രം ഒരുക്കാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഹരിഹരന്‍ തുടങ്ങുകയും ചെയ്തിരുന്നു എന്നാണ് അറിയുന്നത്. എന്നാല്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ തനിക്ക്, ഔദ്യോഗികത്തിരക്കുകള്‍ കാരണം രണ്ടാമൂഴത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് ജയകുമാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ തിരക്കേറിയതുകൊണ്ട് മാത്രമല്ല രണ്ടാമൂഴം വെള്ളിത്തിരയില്‍ ഒരുക്കുമ്പോള്‍ വിജയം ഉറപ്പായിരിക്കണം എന്ന വെല്ലുവിളിയുള്ളതുകൊണ്ടാണത്രെ ജയകുമാര്‍ പിന്‍‌മാറിയത്. എം‌ടി – ഹരിഹരന്‍ ടീമിന്റെ മിക്ക ചിത്രങ്ങള്‍ വന്‍ വിജയമായതിനാല്‍, രണ്ടാമൂഴം പരാജയപ്പെട്ടാല്‍ തനിക്കെതിരെയായിരിക്കും വിമര്‍ശനങ്ങള്‍ ഉണ്ടാകുകയെന്ന് ഭയന്നാണ് ജയകുമാര്‍ പിന്‍‌മാറിയതെന്ന് സിനിമാവൃത്തങ്ങള്‍ പറയുന്നു.

രണ്ടാമൂഴം തല്‍ക്കാലം ഉപേക്ഷിക്കേണ്ടി വന്നതിലാല്‍ എം ടിയുടെ തന്നെ മറ്റൊരു തിരക്കഥ സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് ഹരിഹരന്‍. എം ടിയുടെ ‘എവിടെയോ ഒരു ശത്രു’ എന്ന തിരക്കഥ സിനിമയാക്കാനാണ് ഹരിഹരന്റെ തീരുമാനം. സുകുമാരനെ നായകനാക്കി മുമ്പ് ഹരിഹരന്‍ ‘എവിടെയോ ഒരു ശത്രു’വിന്റെ ചിത്രീകരണം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ അത് നടന്നില്ല. ഇപ്പോള്‍ സുകുമാരന്റെ മകന്‍ ഇന്ദ്രജിത്തിന്റെ നായകനാക്കി ചിത്രമെടുക്കാനാണ് ഹരിഹരന്റെ തീരുമാനമെന്നാ‍ണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.